നഗരത്തിലെ കൊലപാതകങ്ങള്‍; പൊലീസ് നോക്കുകുത്തിയെന്ന് ആക്ഷേപം

tvm-murder-1
SHARE

തിരുവനന്തപുരം നഗരത്തില്‍ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം ഗുണ്ടകളെ കയറൂരിവിട്ട സര്‍ക്കാര്‍ നിലപാടെന്ന് ആക്ഷേപം. സ്ഥിരം കുറ്റവാളികള്‍ക്കെതിരെ കാപ്പാ നിയമം ചുമത്താനുള്ള  26 അപേക്ഷ രണ്ട് വര്‍ഷത്തിലേറെയായി കലക്ട്രേറ്റില്‍ കെട്ടിക്കിടക്കുന്നു. പുതിയതായി സ്ഥലം മാറിയെത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെ പരിചയക്കുറവും ഗുണ്ടാവിളയാട്ടം ഇരട്ടിയാകാന്‍ കാരണമായി.

13 ദിവസത്തിനിടെ മൂന്ന് കൊലപാതകങ്ങള്‍, മൂന്നിനും പിന്നില്‍ സ്ഥിരം ഗുണ്ടകളും ലഹരിമാഫിയ സംഘവും. ഗുണ്ടകള്‍ അഴിഞ്ഞാടിയിരുന്ന പഴയ കാലത്തേക്ക് തലസ്ഥാനം തിരികെ മടങ്ങുന്നുവോയെന്ന ആശങ്കയാണ് നാട്ടുകാരുടെയുള്ളില്‍. സ്ഥിരം കുറ്റവാളികളായവരെ പോലും നിയന്ത്രിക്കാനാവാത്തതാണ് തുടര്‍കൊലപാതകങ്ങളുടെ കാരണം. ഇത്തരക്കാരെ കരുതല്‍ അറസ്റ്റ് ചെയ്യുകയോ കാപ്പാ നിയമപ്രകാരം തടവിലാക്കുകയോയാണ് ഇത്തരം സാഹചര്യങ്ങളില്‍ സാധാരണ ചെയ്യുന്നത്. എന്നാല്‍ ആറ് കേസിലേറെ പ്രതികളായ 26 ക്രിമിനലുകളെ കണ്ടെത്തി കാപ്പാ നിയമം ചുമത്താന്‍ പൊലീസ് കലക്ടര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും അനുമതി നല്‍കിയിട്ടില്ല. ഇതിന് തടസം ഗുണ്ടാനിയമം പ്രയോഗിക്കുന്നതില്‍ ആഭ്യന്തരവകുപ്പ് കലക്ടര്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രമാണ്. ഇതോടെ ഗുണ്ടകള്‍ യഥേഷ്ടം നാട്ടില്‍ വിഹരിക്കുന്നു. ഇതിനൊപ്പം കരുതല്‍ അറസ്റ്റ് ഫലപ്രദമായി നടത്തുന്നതില്‍ പൊലീസും പരാജയപ്പെട്ടു.

ഇതിന്റെ തെളിവാണ് കഴിഞ്ഞദിവസം ബാര്‍ട്ടന്‍ഹില്ലില്‍ നടന്ന കൊലപാതകം. കൊല നടത്തിയ ജീവനെ നാല് ദിവസം മുന്‍പ് കരുതല്‍ അറസ്റ്റിലെടുത്തതാണ്. വേഗത്തില്‍ വിട്ടയച്ചതിന് പിന്നാലെയാണ് കൊലപാതകം. ഇത്തരം അലംഭാവം മൂലം കമ്മീഷ്ണര്‍മാര്‍ പ്രഖ്യാപിക്കുന്ന വിവിധ നടപടികള്‍ ഫലംകാണുന്നില്ല. ഇതിനൊപ്പം തിരഞ്ഞെടുപ്പിന്റെ ഭാഗമായ സ്ഥലംമാറ്റത്തിലൂടെ നഗരവുമായി യാതൊരു പരിചയമില്ലാത്ത ഉദ്യോഗസ്ഥരാണ് എസ്.ഐ മുതല്‍ ഡിവൈ.എസ്.പിവരെയുള്ള പ്രധാന സ്ഥാനത്തെല്ലാം എത്തിയിരിക്കുന്നത്. ഇവര്‍ക്ക് പിടികിട്ടാപ്പുള്ളികള്‍ റോഡിലിറങ്ങി നടന്നാല്‍ പോലും തിരിച്ചറിയാനാവാത്ത അവസ്ഥയാണ്.

MORE IN Kuttapathram
SHOW MORE