ബിസിനസ്സിന്റെ മറവിൽ വ്യാജ മദ്യം നിർമ്മാണം; കൃഷിയിടത്തില്‍ കുഴിച്ചിട്ട നിലയില്‍ വാഷ്

raid-wash-excise
SHARE

ചാലക്കുടി പരിയാരത്ത് കൃഷിയിടത്തില്‍ കുഴിച്ചിട്ട നിലയില്‍ ആയിരം ലിറ്റര്‍ വാഷ് കണ്ടെത്തി. കാറ്ററിങ് ബിസിനസുകാരനായ ഭൂവുടമ ഈ ബിസിനസിന്റെ മറവില്‍ വ്യാജ മദ്യം നിര്‍മിച്ചിരുന്നെന്നാണ് എക്സൈസിന്‍റെ നിഗമനം   

ചാലക്കുടി പരിയാരം വില്ലേജിലെ കൃഷിയിടത്തിലാണ് ആയിരം ലിറ്റര്‍ വാഷ് കണ്ടെത്തിയത്. വാഷ് നിറച്ച ഡ്രമ്മുകള്‍ കുഴിച്ചിട്ടിരിക്കുകയായിരുന്നു. രഹസ്യ സന്ദേശമനുസരിച്ചായിരുന്നു എക്സൈസ് സംഘം പരിശോധനയ്ക്ക് എത്തിയത്. ചുരുങ്ങിയത് മുന്നൂറു ലിറ്റര്‍ ചാരായം ഇതില്‍ നിന്ന് വാറ്റാന്‍ കഴിയും. ഒരു ലിറ്റര്‍ വാറ്റു ചാരായത്തിന് എഴുന്നൂറു രൂപയാണ് വില. ആഘോഷ പരിപാടികള്‍ക്ക് ഭക്ഷണം ബുക് ചെയ്യുമ്പോള്‍ വാറ്റുചാരായ വില്‍പനയും ഇതോടൊപ്പം നടത്തുന്നതായാണ് സംശയം. ഭൂഉടമയെ വിശദമായി ചോദ്യം ചെയ്യുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

വ്യാജ നിര്‍മാണം തകൃതിയായി നടക്കുന്നുണ്ടെന്ന സന്ദേശം അനുസരിച്ച് എക്സൈസ് നടത്തിയ പരിശോധനയാണ് വഴിത്തിരിവായത്. കൃഷിയിടത്തിന്റെ പല ഭാഗങ്ങളിലായാണ് വാഷ് കുഴിച്ചിട്ടിരുന്നത്. മണ്ണ് നീങ്ങിക്കിടക്കുന്നതു കണ്ട സ്ഥലത്തെല്ലാം എക്സൈസ് പരിശോധിച്ചു. അവിടെ നിന്നെല്ലാം വാഷ് കണ്ടെടുക്കുകയും ചെയ്തു. വാഷ് പിന്നീട് നശിപ്പിച്ചു. 

MORE IN Kuttapathram
SHOW MORE