ജയിലിൽ പ്രതിയുടെ ദുരൂഹ മരണം; വീഴ്ച പരിശോധിക്കും: ഡിഐജി

mavelikkara-death-2
SHARE

മാവേലിക്കര സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായോ എന്നു പരിശോധിക്കുമെന്നു ദക്ഷിണ മേഖല ജയിൽ ഡി.ഐ.ജി എസ്.സന്തോഷ് കുമാർ. ഉദ്യോഗസ്ഥരുടെയും തടവുകാരുടെയും മൊഴികൾ ക്രോഡീകരിച്ചു റിപ്പോർട്ട്  രണ്ടുദിവസത്തിനുള്ളിൽ ഉന്നത ഉദ്യോഗസ്ഥർക്കു സമർപ്പിക്കുമെന്നു ഡിഐജി വ്യക്തമാക്കി. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി ജയിലിലെത്തിയതായിരുന്നു അദ്ദേഹം.

വ്യാജരേഖ ചമച്ചു സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്ത കോട്ടയം കുമരകം സ്വദേശി എം.ജെ. ജേക്കബ് മാവേലിക്കര  സബ്ജയിലിൽവച്ച് മരിച്ചതിനെക്കുറിച്ച് അന്വേഷിക്കുന്നതിനാണ് ജയിൽ ഡി.ഐ.ജി എത്തിയത്. ജയിലിൽവച്ചു നടന്ന മരണമായതിനാൽ വകുപ്പുതല അന്വേഷണത്തിൻറെ ഭാഗമായായിരുന്നു സന്ദർശനം. ജയിലിലെ 11–ാം നമ്പർ സെല്ലിൽ ജേക്കബിനൊപ്പം കഴിഞ്ഞ 14 തടവുകാരുടെയും ജയിൽ ഉദ്യോഗസ്ഥരുടെയും മൊഴി ഡിഐജി രേഖപ്പെടുത്തി.  

മൂന്നരമണിക്കൂറിലേറെ ജയിലിൽ ചെലവഴിച്ചായിരുന്നു വിവരശേഖരണം. ജയിലിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നു സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടോയെന്നു പരിശോധിക്കുമെന്നും, മൊഴികൾ ക്രോഡീകരിച്ചുള്ള റിപ്പോർട്ട് രണ്ടുദിവസത്തിനുള്ളിൽ ഉന്നത ഉദ്യോഗസ്ഥർക്കു സമർപ്പിക്കുമെന്നു ഡിഐജി വ്യക്തമാക്കി. കഴിഞ്ഞ ഇരുപതിന് രാത്രി ഒൻപതുമണിയോടെ ജയിലിലെത്തിച്ച ജേക്കബിനെ പിറ്റേദിവസം പുലർച്ചെ സെല്ലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

ശ്വാസംമുട്ടിയാണു മരണമെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി കെ.എം.ടോമിയും കഴിഞ്ഞദിവസം ജയിലിലെത്തി അന്വേഷണം നടത്തി. ചെങ്ങന്നൂർ ഡിവൈഎസ്പി അനീഷ് വി.കോര നേരിട്ടാണു കേസ് അന്വേഷിക്കുന്നത്. മരിച്ച ജേക്കബിന്റെ ശ്വാസനാളത്തിൽ തൂവാല കുരുങ്ങിയതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ഇതു ജേക്കബിന്റെ കൈവശം ഉണ്ടായിരുന്നതാണോ എന്നു പരിശോധിക്കുന്നുണ്ട്.

MORE IN Kuttapathram
SHOW MORE