പടക്കം, മുഖംമൂടി, ആഢംബര ജീപ്പ്..അവസാന ദിനം ‘പൊളിക്കാൻ’ കുട്ടികൾ; ഒടുവിൽ സ്റ്റേഷനിൽ

students-celebration
SHARE

ഇരിട്ടി: അധ്യയനവർഷത്തിന്റെ അവസാന ദിവസം അതിരു വിട്ട ആഘോഷമാക്കാനുള്ള വിദ്യാർഥി സംഘത്തിന്റെ ഒരുക്കം സ്‌കൂൾ അധികൃതരുടെ ജാഗ്രതയിൽ പൊളിഞ്ഞു. തങ്ങൾ സ്‌കൂൾ ബാഗുകളിലാക്കിയും മറ്റും ഒളിപ്പിച്ചു കൊണ്ടു വന്ന മൊബൈൽ ഫോണുകളും പടക്കങ്ങളും മുഖം മൂടിയും വാദ്യോപകരണങ്ങളും  ഒടുവിൽ രക്ഷിതാക്കളുമായി എത്തി പൊലിസ് സ്റ്റേഷനിൽ നിന്ന് ക്ഷമാപണം നടത്തി വാങ്ങേണ്ടിയും വന്നു. ആറളം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. വ്യാഴാഴ്ച പ്ലസ് ടു കൊമേഴ്‌സ് കംപ്യൂട്ടർ ആപ്ലിക്കേഷൻ വിദ്യാർഥികളുടെ പരീക്ഷ തീരുന്ന ദിവസം ആയിരുന്നു.

മുൻ വർഷത്തെ ദുരനുഭവങ്ങളുടെ വെളിച്ചത്തിൽ, പരീക്ഷ എഴുതുന്നതിനിടയിൽ വിദ്യാർഥികളുടെ ബാഗുകൾ ഉൾപ്പെടെ പരിശോധിച്ച അധ്യാപകർ ഞെട്ടി. വിലപിടിപ്പുള്ള 30 മൊബൈൽ ഫോണുകൾ, വിവിധ തരത്തിലുള്ള പടക്കങ്ങൾ, മുഖംമൂടികൾ, വിവിധ തരം ചായങ്ങൾ, വലിയ തരം വാദ്യോപകരണങ്ങൾ എന്നിവയാണ് കണ്ടെത്തിയത്. ഉടൻ അധ്യാപകർ ആറളം പൊലിസിനെ വിളിച്ച് വരുത്തി സാധനങ്ങൾ കൈമാറി. പരീക്ഷ കഴിഞ്ഞ് കുട്ടികൾ മടങ്ങും വരെ സ്‌കൂളിന് കാവൽ നിന്ന പൊലിസ് അധ്യാപകർ കൈമാറിയ സാധനങ്ങൾ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഒരു വിദ്യാർഥി എത്തിയത് രക്ഷിതാവിന്റെ ആഡംബര ജീപ്പുമായാണ്. പൊലിസ് വിളിപ്പിച്ചതനുസരിച്ച് സ്റ്റേഷനിൽ എത്തിയ രക്ഷിതാക്കളും തങ്ങളുടെ മക്കൾ കൊണ്ടു വന്ന സാധനങ്ങൾ കണ്ട് അമ്പരന്നു. 

ആഘോഷം അതിരുവിട്ടാൽ നടപടി

അധ്യയന അവസാന ദിവസം അതിരുകടന്ന ആഘോഷമാക്കാൻ വിദ്യാർഥികൾ ശ്രമിച്ചാൽ കർശനമായി നേരിടാൻ പൊലിസ് തീരുമാനം. ചായം പൂശൽ, വാദ്യോപകരണങ്ങളോടെയുള്ള ഗാനമേള എന്നിവയ്‌ക്കൊപ്പം അധ്യാപകരെ അപമാനിക്കൽ, സ്‌കൂൾ ഉപകരണങ്ങളും ടോയ്‌ലറ്റുകളും കെട്ടിടങ്ങളും തകർക്കൽ എന്നിങ്ങനെ ആഭാസ ആഘോഷ രീതികളിലേക്ക് മാറുന്ന അനുഭവങ്ങൾ മുൻ വർഷങ്ങളിൽ ഉണ്ടായ സാഹചര്യത്തിലാണിത്. ഇത്തരം ആഘോഷങ്ങൾക്ക് തയ്യാറാവാതെ നിൽക്കുന്ന കുട്ടികളെയും ഈ സംഘങ്ങൾ ബലമായി കൂടെ കൂട്ടാറും ചായം പൂശാറും ഉണ്ട്.

രണ്ട് വർഷം മുൻപ് ഇരിട്ടിയിൽ ഒരു വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചിരുന്നു. പ്ലസ്ടു പരീക്ഷ 27 നും എസ്എസ്എൽസി പരീക്ഷ 28 നുമാണ് തീരുന്നത്. ഈ രണ്ടു ദിവസവും മുഴുവൻ സ്‌കൂൾ പരിസരങ്ങളും പൊലിസ് നിരീക്ഷണത്തിലായിരിക്കും. ആവശ്യം വന്നാൽ കൂടുതൽ പൊലിസുകാരെ എത്തിക്കാൻ പറ്റുന്ന വിധം മൊബൈൽ പാർട്ടികൾ റോന്തു ചുറ്റണമെന്നും നിർദേശം ഉണ്ട്. ചില സ്‌കൂളുകളിൽ അവസാന ദിവസം രക്ഷിതാക്കളോട് എത്തി കുട്ടികളെ കൊണ്ടുപോകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

MORE IN Kuttapathram
SHOW MORE