സബ് ജയിലിൽ പ്രതി മരിച്ചത് ശ്വാസനാളത്തിൽ തുണി കുരുങ്ങി; അന്വേഷണം ആരംഭിച്ചു

mavelikara-sub-jail-prisone
SHARE

മാവേലിക്കര സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ചത് ശ്വാസനാളത്തിൽ തുണി കുരുങ്ങി ശ്വാസംമുട്ടിയാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.  തുണി സ്വയം വിഴുങ്ങിയതാണോ മറ്റാരെങ്കിലും ബലംപ്രയോഗിച്ച് വായിൽ കടത്തിയതാണോ എന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജയിലിലെത്തി ഉദ്യോഗസ്ഥരുടെയും സഹതടവുകാരുടെയും മൊഴിയെടുത്തു.

 വ്യാജരേഖ ചമച്ചു സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്ത കോട്ടയം കുമരകം സ്വദേശി എം.ജെ. ജേക്കബിനെ മാവേലിക്കര സബ്ജയിലിൽ കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് സെല്ലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാവേലിക്കര ജില്ലാ ആശുപത്രിയിൽവച്ച് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് വിവിജ രവീന്ദ്രൻ, ചെങ്ങന്നൂർ ആർഡിഒ അലക്സ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. 

ശ്വാസതടസ്സം നേരിട്ടാണു മരണം സംഭവിച്ചതെന്നു സൂചന ലഭിച്ചതായി ചെങ്ങന്നൂർ ഡിവൈ.എസ്.പി അനീഷ് വി.കോര പറഞ്ഞു. ശ്വാസനാളത്തിൽ കർചീഫ് പോലുള്ള തുണി കുരുങ്ങിയതായി കണ്ടെത്തി. ഇതു ജേക്കബിന്റെ കൈവശം ഉണ്ടായിരുന്ന കർചീഫ് ആണോ എന്നു സംശയിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഔദ്യോഗികമായി ലഭിച്ചാൽ മാത്രമേ കർചീഫ് സ്വയം വിഴുങ്ങിയത് ആണോ മറ്റാരെങ്കിലും ബലം പ്രയോഗിച്ചു വായിൽ കടത്തിയതാണോ എന്നു അറിയാൻ സാധിക്കൂവെന്നു പൊലീസ് പറഞ്ഞു.  

ഇരുപതിന് രാത്രി ഒൻപതുമണിയോടെയാണ് ജേക്കബിനെ ജയിലിലെത്തിച്ചത്. ജേക്കബ് ഉൾപ്പെടെ 15 പേർ സെല്ലിൽ ഉണ്ടായിരുന്നു. ജില്ലാ പൊലീസ് മേധാവി കെ.എം.ടോമിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ജയിലിലെത്തി മറ്റു 14 പേരുടെയും മൊഴി രേഖപ്പെടുത്തി. സംശയകരമായ മൊഴികൾ ലഭിച്ചിട്ടില്ലെന്നും സെല്ലിൽ ക്യാമറ ഇല്ലെന്നും പൊലീസ് വ്യക്തമാക്കി.

MORE IN Kuttapathram
SHOW MORE