ആരോടെങ്കിലും വെറുപ്പുണ്ടെങ്കിൽ അവരുടെ വസ്തുക്കൾക്ക് തീവയ്ക്കും’; യുവാവിന്റെ ചെയ്തികൾ...

ajeesh-jose
SHARE

പെരുന്തേനരുവി ജലവൈദ്യുത പദ്ധതിയുടെ തടയണയിൽ അതിക്രമിച്ചു കയറി ഷട്ടർ തുറന്നു വെള്ളമൊഴുക്കിവിട്ട സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെച്ചൂച്ചിറ ഇടത്തിക്കാവ് പെരുങ്ങാവിൽ അജീഷ് ജോസാണ് (സുനു–24) അറസ്റ്റിലായത്. കഴിഞ്ഞ 12ന് രാത്രി 10 മണിക്കായിരുന്നു സംഭവം. ഡാമിന്റെ റിമോട്ട് സ്വിച്ച് ഓണാക്കി വെള്ളം തുറന്നു വിടുകയായിരുന്നു. പെരുന്തേനരുവി പതാക്കൽ വീട്ടിൽ റോയിയുടെ വള്ളം തീവച്ചു നശിപ്പിക്കുകയും ചെയ്തു. വള്ളം കത്തിച്ചതിനു പെരുനാട് പൊലീസും ഷട്ടർ ഉയർത്തി വെള്ളം തുറന്നുവിട്ടതിനു വെച്ചൂച്ചിറ പൊലീസും കേസെടുത്തിരുന്നു.

പൊതുമുതൽ നശിപ്പിച്ചതിനും പദ്ധതി പ്രദേശത്ത് അതിക്രമിച്ചു കയറിയതിനും നാശം വരുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിയുടെ നിഴൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അജീഷിനെപ്പറ്റി സൂചന ലഭിക്കുന്നത്. കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോൾ അജീഷ് കുറ്റം സമ്മതിച്ചതായി ജില്ലാ പൊലീസ് മേധാവി ജി. ജയദേവ് പറഞ്ഞു.ആരോടെങ്കിലും വെറുപ്പ് തോന്നിയാൽ അവരുടെ വസ്തുവകകൾ തീ വച്ചു നശിപ്പിക്കുന്നതാണ് ഇയാളുടെ രീതി. ലഹരിക്ക് അടിമയായി കഴിയുമ്പോഴാണ് ഇത്തരത്തിൽ ചെയ്യുന്നത്. ഇടത്തിക്കാവ് പല്ലിപ്പുഴ മാത്യുവിന്റെ വീട് തീവച്ചു നശിപ്പിച്ചതും ഇയാളാണെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

സ്റ്റേഷനുകൾ തമ്മിൽ തർക്കമില്ലെന്ന് ജില്ലാ പൊലീസ് മേധാവി


കേസിന്റെ അന്വേഷണം സംബന്ധിച്ചു പൊലീസ് സ്റ്റേഷനുകൾ തമ്മിൽ തർക്കമില്ലെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. അധികാര പരിധി സംബന്ധിച്ച് സംശയം പ്രകടിപ്പിച്ചാൽ ഏതെങ്കിലും സ്റ്റേഷനിൽ കേസെടുക്കും. പിന്നീട് വില്ലേജിന്റെ അതിർത്തി പരിശോധിച്ച് അടുത്ത സ്റ്റേഷനിലാണ് കേസെങ്കിൽ കൈമാറുകയാണ് പതിവ്. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ആർ. ജോസ്, തിരുവല്ല ഡിവൈഎസ്പി ജെ. ഉമേഷ്കുമാർ, വെച്ചൂച്ചിറ എസ്എച്ച്ഒ ജി. സുനിൽ, എസ്ഐ ടി.എൻ. രാജൻ, ജില്ലാ പൊലീസ് മേധാവിയുടെ നിഴൽ പൊലീസിലെ എസ്ഐ രഞ്ചു, എഎസ്ഐമാരായ  നാസർ, രാധാകൃഷ്ണൻ, എസ്‌സിപിഒ കൃഷ്ണൻകുട്ടി, സിപിഒമാരായ ബിജു മാത്യു, വിനോദ് എന്നിവരാണ് അന്വേഷണം നടത്തിയത്.

MORE IN Kuttapathram
SHOW MORE