വിവാഹത്തട്ടിപ്പ്: ശാലിനി വീണ്ടും അറസ്റ്റിൽ, മജിസ്ട്രേറ്റ് ആണെന്നു പറഞ്ഞ് വിവാഹം കഴിച്ചു

salini-new
SHARE

കായംകുളം : സംസ്ഥാനത്തെ ഒട്ടേറെ വിവാഹത്തട്ടിപ്പ് കേസുകളിൽ പ്രതിയായ യുവതിയെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കൊണ്ടോട്ടി ചീക്കോട് പുളിക്കലക്കണ്ടിവെട്ടുപാറ ദേശത്ത് കുളമ്പലത്ത് മണ്ണാറക്കൽ വീട്ടിൽ വി.ശാലിനിയെയാണ്(33) സിഐ പി.കെ.സാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്

വിവാഹമോചിതനായ പുതുപ്പള്ളി സ്വദേശി സുധീഷ്ബാബു പത്രപ്പരസ്യത്തിലൂടെയാണ് ശാലിനിയെ പരിചയപ്പെട്ടത്. കഴിഞ്ഞ അഞ്ചിന് വാരണപ്പള്ളി ക്ഷേത്രത്തിൽ വച്ചു വിവാഹം കഴിച്ച ശേഷമാണ് തട്ടിപ്പ് തിരിച്ചറിയുന്നത്. ഈ വർഷം ആദ്യം മുതൽ യുവാവുമായി ഫോണിലൂടെ സംസാരിച്ചിരുന്ന ശാലിനി തിരുവനന്തപുരം മണ്ണന്തല സ്വദേശിയാണെന്നും ആദ്യ ഭർത്താവ് മരിച്ചു പോയതായാണെന്നും പറഞ്ഞാണ് പരിചയപ്പെട്ടത്

എൽഎൽബി, എൽഎൽഎം ബിരുദങ്ങളുള്ള താൻ മലപ്പുറം മഞ്ചേരി ഗവ.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായിരുന്നു എന്നും മജിസ്ട്രേറ്റ് ആയി ജോലി ലഭിച്ചതിനെ തുടർന്നു രാജി വച്ചെന്നും യുവാവിനോട് പറഞ്ഞിരുന്നു. ഇതിനിടെ യുവാവിന്റെ കൈയ്യിൽ നിന്നു 3 പവന്റെ സ്വർണമാല വാങ്ങിയ ശാലിനി തിരിച്ച് 5 പവന്റെ സ്വർണ മാല നൽകി വിശ്വാസം ‍നേടി.തുടർന്ന് കഴിഞ്ഞ അഞ്ചിന് വാരണപ്പള്ളി ക്ഷേത്രത്തിൽ വച്ച് വിവാഹം നടന്നു.

ഒരുമിച്ചു താമസിച്ചു വന്ന ഈ കാലയളവിൽ 6 പവന്റെ സ്വർണമാലയും ശാലിനി യുവാവിനെക്കൊണ്ട് വാങ്ങിപ്പിച്ചു സ്വന്തമാക്കി. ഇരുവരും കഴിഞ്ഞ ദിവസം ഓച്ചിറ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ സുധീഷിന്റെ കൂട്ടുകാർ കാണുകയും ശാലിനിയെ തിരിച്ചറിയികയുമായിരുന്നു. ഇവർ സുധീഷിനെ വിവരം ധരിപ്പിക്കുകയും മുൻപുള്ള തട്ടിപ്പുകളിൽ പിടിക്കപ്പെട്ട ശാലിനിയുടെ ദൃശ്യങ്ങൾ കാണിക്കുകയും ചെയ്തു. തുടർന്ന് യുവാവ്, സ്വർണാഭരണങ്ങൾ പരിശോധിച്ചപ്പോൾ മുക്കുപണ്ടങ്ങളാണെന്നു തിരിച്ചറിഞ്ഞു.

ഇന്നലെ പൊലീസിൽ പരാതി നൽകി. സംശയം തോന്നിയ ശാലിനി ഈ സമയം രക്ഷപ്പെടാനായി വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നു. തുടർന്ന് കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് യുവതിയെ കയ്യോടെ പിടികൂടി. സമാനമായതും അല്ലാത്തതുമായ നിരവധി കേസുകൾ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ശാലിനിക്ക് എതിരേയുണ്ടെന്ന് പൊലീസ് പറഞ്ഞു.

MORE IN Kuttapathram
SHOW MORE