ജസ്നയുടെ തിരോധാനത്തിന് ഒരുവയസ്; ഇരുട്ടിൽത്തപ്പി പൊലീസ്

jesna-missing-2
SHARE

പത്തനംതിട്ട മുക്കുട്ടുതറയില്‍ നിന്ന് കോളജ് വിദ്യാർഥിനി ജെസ്നയെ കാണാതായിട്ട് ഒരു വർഷം പൂർത്തിയാകുമ്പോഴും അന്വേഷണം തുടങ്ങിയിടത്തു തന്നെ തന്നെ. പൊലീസിനു പിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിട്ടും. കഴിഞ്ഞ വർഷം മാർച്ച് 22ന് ആണ് ജെസ്ന മരിയ ജയിംസിനെ കാണാതായത്. 

മുണ്ടക്കയത്തുള്ള ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞുപോയതാണ് ജെസ്ന. എരുമേലിയിൽ വരെ എത്തിയതായി വിവരമുണ്ട്. പിന്നീട് ആരും ജെസ്നയെ കണ്ടിട്ടില്ല.  ജസ്ന തിരോധാനകേസ്  ആദ്യം പൊലീസാണ് അന്വേഷിച്ചത്. പിന്നീട് തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കേരളത്തിനകത്തും ഇതര സംസ്ഥാനങ്ങളിലും ജെസ്നയെ തിരഞ്ഞു. പതിനായിരക്കണക്കിനു ഫോൺ കോളുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. ഇതിനായി സൈബർ വിദഗ്ധരുടെ സഹാവും തേടിയിരുന്നു. സംശയമുള്ളവരുടെ ഫോൺ നമ്പരുകൾ നിരീക്ഷിക്കുകയും പൊലീസ് നേരിട്ടെത്തി തെളിവെടുപ്പു നടത്തുകയും ചെയ്തു. എന്നിട്ടും ഒരുതുമ്പും കണ്ടെത്താനായില്ല.

മുണ്ടക്കയം സ്റ്റാൻഡിൽ നിന്നു ലഭിച്ച ജെസ്നയോടു സാമ്യമുള്ള പെൺകുട്ടിയുടെ ദൃശ്യങ്ങള്‍ മാത്രമാണ് അന്വേഷണസംഘത്തിനുകയ്യിലുള്ള ഏകതെളിവ്. എന്നാല്‍ ദൃശ്യങ്ങളിലുള്ള പെണ്‍കുട്ടി ആരെന്ന് കണ്ടെത്താനും പൊലീസിനു കഴിഞ്ഞില്ല. ജെസ്നയുടെ തിരോധാനത്തെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ കോടതിയെ സമീപിച്ചിരുന്നു. പിന്നാലെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. പൊലീസിന്റെ അന്വേഷണത്തിൽ നിന്നു മുന്നോട്ടുപോകാൻ ക്രൈംബ്രാഞ്ചിനും ഇതുവരെ കഴിഞ്ഞിട്ടില്ല. 

ജെസ്ന തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ജെസ്നയെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് സംസ്ഥാന പൊലീസ് മേധാവി 2 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേ തുടർന്ന് ജെസ്നയുടെ രൂപസാദൃശ്യമുള്ള പെൺകുട്ടിയെ കണ്ടെന്നു പറഞ്ഞ് ഒട്ടേറെ ഫോൺ കോളുകൾ ലഭിച്ചിരുന്നു. അവയെല്ലാം ഒന്നൊഴിയാതെ പൊലീസ് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. വനംമേഖലകളും കൊക്കകളും കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു. 

MORE IN Kuttapathram
SHOW MORE