കുടുംബ വഴക്ക്; യുവതിക്കും മാതാപിതാക്കൾക്കും ഭർത്താവിന്റെ വെട്ടേറ്റു

wife-attacked
SHARE

രാജാക്കാട് മമ്മട്ടിക്കാനത്ത് കുടുംബ വഴക്കിനെത്തുടർന്ന് പിണങ്ങി സ്വന്തം വീട്ടിൽ നിന്നിരുന്ന യുവതിക്കും മാതാപിതാക്കൾക്കും ഭർത്താവിന്റെയും സംഘത്തിന്റെയും  വെട്ടേറ്റു. ആക്രമണത്തിന്

ശേഷം  ഓടി രക്ഷപെടുവാൻ ശ്രമിച്ച എറണാകുളം സ്വദേശികളായ മൂന്ന് പേരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ക്വട്ടേഷൻ സാധ്യത ഉൾപ്പടെ  അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

രാവിലെ 7 മണിയോടെയായിരുന്നു സംഭവം. പത്ത് വർഷം മുൻപ് വിവാഹിതരായ ഷിബുവും ഷീജയും എറണാകുളത്ത് ആണ് സ്ഥിരതാമസം. ഭർത്താവിൻ്റെ ശാരീരിക പീഡനം സഹിക്കാൻ വയ്യാതായ ഷീജ ഏതാനും ദിവസം മുൻപ് മമ്മട്ടിക്കാനത്ത് മാതാപിതാക്കളോടൊപ്പം  മാറി താമസിച്ചു . തുടർന്ന് പ്രതികാരം ചെയ്യുക എന്ന ഉദ്ദേശത്തോടെ മൂന്ന് സുഹൃത്തുക്കളെയും കൂട്ടി  ഷിബു മമ്മട്ടിക്കാനത്ത് എത്തി. 

രാത്രിയിൽ വീടും പരിസരവും സുഹൃത്തുക്കളെ കാട്ടിക്കൊടുത്തു. രാവിലെ ഏഴോടെ വീടിന്റെ പിൻവാതിലിലൂടെ ഉള്ളിൽ കയറിയ ഇവർ മുറിയിൽ നിൽക്കുകയായിരുന്ന ഭാര്യയെ വാക്കത്തികൊണ്ട് പിന്നിൽ നിന്നും വെട്ടി. കഴുത്തിൽ ചെറിയ തോതിൽ മുറിവേറ്റ ഇവർ ഉറക്കെ നിലവിളിച്ചതിനെ തുടർന്ന് പിതാവ് ശിവനും, അമ്മ ജഗദമ്മയും ഓടിയെത്തി. ഇവർക്കും ആക്രമണത്തിൽ പരിക്കേറ്റു. ചെറുത്തുനിൽപ്പിനിടെ  ആരോ സമീപത്ത് ഉണ്ടായിരുന്ന നിലവിളക്ക്കൊണ്ട് ഷിബുവിന്റെ തലയിൽ അടിച്ചു. ഇതോടെ ഇയാളുടെ ഒപ്പമുണ്ടായിരുന്നവർ ഇറങ്ങി ഓടി. തുടർന്ന് കുടുംബാംഗങ്ങൾ ചേർന്ന് ഷിബുവിനെ കീഴ്പ്പെടുത്തി മുറിയ്ക്കുള്ളിൽ പൂട്ടിയിട്ട ശേഷം പൊലീസിൽ വിവരമറിയിച്ചു.

തുടർന്ന് പൊലീസ് എത്തി പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവ ശേഷം സംശയകരമായ സാഹചര്യത്തിൽ മൂന്ന് പേർ ഓടുന്നത് കണ്ട നാട്ടുകാർ ഇവരെ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുകയും പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. എന്നാൽ ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും, മൂന്നാർ കാണുവാനായി എത്തിയ ശേഷം കൈവശമുണ്ടായിരുന്ന പണം തീർന്നതിനെ തുടർന്ന് വായ്പ്പ വാങ്ങുന്നതിനായാണ് സുഹൃത്തായ ഷിബുവിന്റെ ഭാര്യവീട്ടിൽ എത്തിയതെന്നുമാണ് ഇവർ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ക്രിമിനൽ പശ്ചാത്തലമുള്ള ആളാണ് ഷിബുവെന്നും, മുൻപും പലതവണ ഭാര്യയെ ക്രൂരമായ ആക്രമിച്ചിട്ടുണ്ടെന്നും  നാട്ടുകാർ പറയുന്നു. ക്വട്ടേഷൻ സാദ്ധ്യത ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു.

MORE IN Kuttapathram
SHOW MORE