നെടുമ്പാശേരിയിൽ സ്വർണക്കടത്തിന് ഒത്താശ; കസ്റ്റംസ് ഉദ്യോഗസ്ഥൻ ‍കുടുങ്ങി

nedumbasseri-airport-1
SHARE

നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് ഉദ്യോഗസ്ഥൻ പിടിയിൽ. കസ്റ്റംസ് ഹവില്‍ദാറായ സുനിൽ ഫ്രാൻസിസാണ് ഡിആര്‍ഐയുടെ പിടിയിലായത്. മൂന്നുകിലോ സ്വര്‍ണവും സുനിലിന്റെ പക്കല്‍ നിന്നു പിടികൂടി. 

രാവിലെ എമിറേറ്റ്സ് വിമാനത്തില്‍ ദുബായിൽ നിന്നെത്തിയ മുവാറ്റുപുഴ സ്വദേശിയായ ഖാലിദ് അദ്നാന്‍ എന്ന യാത്രക്കാരനില്‍ നിന്ന് സ്വര്‍ണം വാങ്ങിയതിനു പിന്നാലെയാണ് കസ്റ്റംസ് ഹവില്‍ദാറായ സുനില്‍ ഫ്രാന്‍സിസ് ഡിആര്‍ഐയുടെ പിടിയിലായത്. വിമാനത്താവളത്തിലെ ടോയ്‌ലറ്റില്‍ വച്ചായിരുന്നു സ്വര്‍ണക്കൈമാറ്റം. ഒരുകിലോ വീതമുള്ള മൂന്ന് സ്വര്‍ണബാറുകളാണ് പിടികൂടിയത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സുനില്‍ ഫ്രാന്‍സിസ് കുടുങ്ങിയത്. 

ഡ്യൂട്ടിയിലില്ലാതിരുന്ന സുനില്‍ മൂവാറ്റുപുഴ സ്വദേശിയില്‍ നിന്ന് സ്വര്‍ണം വാങ്ങി എക്സിറ്റ് ഗേറ്റ് വഴി പുറത്തിറങ്ങിയപ്പോള്‍ ഡിആര്‍ഐ പിടികൂടുകയായിരുന്നു. പിന്നാലെ മൂവാറ്റുപുഴ സ്വദേശി ഖാലിദിനേയും കസ്റ്റഡിയിലെടുത്തു. സുനിൽ ഫ്രാൻസിസ് നേരത്തെയും സ്വർണക്കടത്തിനു കൂട്ടുനിന്നിട്ടുണ്ടന്നാണ് ഡിആർഐ സംഘത്തിന്റെ നിഗമനം. ഏതാനും ദിവസങ്ങളായി സുനിലിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ചുവരികയായിരുന്നു. 

സുനിലിനെ ശനിയാഴ്ച  കോടതിയില്‍ ഹാജരാക്കും. സുനില്‍ ഫ്രാന്‍സിസിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി കസ്റ്റംസ് കമ്മിഷണര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് കസ്റ്റംസ് വിജിലന്‍സ് പ്രത്യേക അന്വേഷണം തുടങ്ങി.  കഴിഞ്ഞ ഏപ്രിലില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന വനിതാ ഹവില്‍ദാര്‍ ജി.റാണിമോളെ സിബിഐ പിടികൂടിയിരുന്നു.

MORE IN Kuttapathram
SHOW MORE