ഉരുക്കിയെടുത്തത് 140 കോടിയുടെ സ്വർണം; അഞ്ച് പ്രതികൾക്കെതിരെ കൊഫെപോസ

kozhikode-airport-1
SHARE

സ്വർണക്കടത്ത് കേസിൽ പ്രതികളായ അഞ്ച് കോഴിക്കോട്ടുകാർക്കെതിരെ സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോ കൊഫെപോസ ചുമത്തി. സഹോദരങ്ങളായ നസീം, താഹിം എന്നിവരുടെ നേതൃത്വത്തില്‍ 140 കോടി വില വരുന്ന സ്വര്‍ണം ഉരുക്കിയെടുത്തതായി ഡി.ആര്‍.ഐ വ്യക്തമാക്കി. വനിതാ യാത്രക്കാരെ ഉപയോഗിച്ചും ഇവര്‍ പതിവായി സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് തെളിഞ്ഞു.   

ഓമശ്ശേരി നൂഞ്ഞിക്കര സ്വദേശികളായ നസീം, സഹോദരൻ താഹിം, മാനിപുരം സ്വദേശി ഷാഫി, കൊടുവള്ളി സ്വദേശികളായ സമീർ അലി,   ടി.കെ.സൂഫിയാൻ എന്നിവർക്കെതിരെ 2018 ഓഗസ്റ്റ് ഒന്നിന് കോഴിക്കോട് ഡിആർഐ ചുമത്തിയ കേസിലാണു നടപടി. ഇതിൽ ഷാഫിയെ ഈ മാസം 21ന് ഡിആർഐ സംഘം താമരശ്ശേരി പൊലീസുമായി ചേർന്ന് കൊടുവള്ളി ടൗണിൽവച്ച് അറസ്റ്റ് ചെയ്തിരുന്നു. നസീമും താഹിമും കഴിഞ്ഞദിവസം എറണാകുളം സാമ്പത്തിക കുറ്റകൃത്യങ്ങളുടെ കോടതിയിലെത്തി കീഴടങ്ങുകയും ചെയ്തു. റിമാൻഡിലായ ഇരുവരെയും താമരശ്ശേരി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിക്കും. 

സമീർ അലി ബെംഗളൂരുവിലേക്കും സൂഫിയാൻ ദുബായിലേക്കും കടന്നതായി ഡിആർഐക്കു വിവരം ലഭിച്ചിട്ടുണ്ട്. ഷാഫി, സമീർ അലി, സൂഫിയാൻ എന്നിവർ യുവാക്കളെ ഉപയോഗിച്ച് മറ്റുള്ളവർക്കുവേണ്ടിയും വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് സ്വർണം കടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. പ്രധാനമായും വനിതായാത്രക്കാരെ ഉപയോഗിച്ച് ശരീരത്തിലും വസ്ത്രത്തിലും ഒളിപ്പിച്ചു കടത്തുന്ന മിശ്രിത രൂപത്തിലുള്ള സ്വർണം നസീമിന്റെയും സംഘത്തിന്റെയും സഹായത്തോടെയാണ് വേർതിരിച്ചെടുക്കുന്നത്.  നസീമും താഹിമും  ചേർന്ന് 140 കോടിരൂപ വിലവരുന്ന  600 കിലോയോളം സ്വർണം ഉരുക്കി തങ്കമാക്കിമാറ്റിയിട്ടുണ്ടെന്നാണ് ഡിആർഐ പറയുന്നത്. ഇതുകൂടാതെ ഇരുവരും  ചേർന്ന് 20 കിലോ സ്വർണം കടത്തിയതായും സമ്മതിച്ചിട്ടുണ്ട്. 

MORE IN Kuttapathram
SHOW MORE