യുവതിയെ കൊന്നിട്ട് കാൽനൂറ്റാണ്ട്; വലിച്ചെറിഞ്ഞ ടിഷ്യു പേപ്പർ‌ കൊലയാളിയെ കുരുക്കി

murder4
SHARE

എത്രയൊക്കെ മൂടി വയ്ക്കാൻ ശ്രമിച്ചാലും സത്യം ഒരുനാൾ പുറത്തുവരും. ഇപ്പോഴിതാ 26 വർഷം മുമ്പ് നടത്തിയ ഒരു കൊലക്കേസ് തെളിഞ്ഞിരിക്കുന്നു. 

1993ൽ ആണു 35കാരി ജീനി ആൻ ചൈൽഡ്സ് കൊല്ലപ്പെട്ടത്. അന്വേഷണ സംഘങ്ങളുടെ സംശയദൃഷ്ടിയിലൊന്നും വരാതിരുന്ന 52 കാരൻ ജെറി വെസ്റ്റ്രോം 2019ൽ ഈ കേസിൽ അറസ്റ്റിലായി. ‍ജെറി ഉപയോഗിച്ച് ഉപേക്ഷിച്ച ഒരു ടിഷ്യു കടലാസാണു തെളിവായി അദ്ദേഹത്തെ കുടുക്കിയത്.

1993 ജൂൺ 13ന് മിനിയാപൊലീസിലെ ഒരു അപ്പാർട്ട്മെന്റിൽ ജലവിതരണ പൈപ്പിൽ ചോർച്ചയുള്ളതായി പരാതിയുയർന്നു.വീടാകെ പരിശോധിച്ചപ്പോൾ, ജീനി ആൻ ചൈൽഡ്സ് നഗ്നയായി നിലത്തു കിടക്കുന്നതു കണ്ടു. മരിച്ചനിലയിൽ കാണപ്പെട്ട അവരുടെ ദേഹത്ത് ഒരു ജോടി സോക്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

കൊലയ്ക്കു മുൻപു ജീനിയുമായി ആരോ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. കഴുത്ത്, പുറം, കൈകൾ, നിതംബം എന്നിവിടങ്ങളിലെല്ലാം അടിയേറ്റ മുറിവുകളുണ്ടായിരുന്നു. നെ‍ഞ്ചിൽ ആഴത്തിലേറ്റ കനത്ത ഇടിയെ തുടർന്നാണു മരണം എന്നായിരുന്നു ഡോക്ടറുടെ വിലയിരുത്തൽ. കിടപ്പുമുറി, ലിവിങ് റൂം, കുളിമുറി എന്നിവയുടെ ചുമരിൽ രക്തം പടർന്നൊഴുകിയിരുന്നു.

ദേഹമാസകലം അനേകം മുറിവുകൾ കണ്ടെത്തിയെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നു. കേസ് റജിസ്റ്റർ ചെയ്ത പൊലീസ്, സംഭവ സ്ഥലത്തുനിന്നു വിരലുകൾ, കൈപ്പത്തി, കാൽപാദം എന്നിവയുടെ അടയാളങ്ങൾ, കുളിമുറിയിലെ തോർത്തിലെ ബീജം ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചു. കുറ്റവാളിയിലേക്കെത്താൻ കഴിയാത്തതിനാൽ രണ്ടു പതിറ്റാണ്ടോളം അന്വേഷണം മരവിച്ചു.

‌‌2015ൽ മിനിയപൊലീസിലെ ഹൊമിസൈഡ് ഡിറ്റക്ടീവും ‍എഫ്ബിഐ സ്പെഷൽ ഏജന്റും കേസ് പുനഃപരിശോധിക്കാൻ തയാറായി. ഡിഎൻഎ പഠനങ്ങളിലെ സാധ്യതകളായിരുന്നു പ്രേരണ. കലിഫോർണിയയിലെ ‘ഗോൾഡൻ സ്റ്റേറ്റ് കില്ലർ’ കേസിൽ പ്രതി അറസ്റ്റിലായതോടെ, ജീനോളജിയുടെ അനന്തസാധ്യതകൾ കേസ് അന്വേഷണത്തിൽ പരീക്ഷിക്കാൻ തീരുമാനിച്ചു. കലിഫോർണിയയിൽ സീരിയൽ കൊലപാതകി ജോസഫ് ഡി എയ്ഞ്ചലോയെ അദ്ദേഹത്തിന്റെ ബന്ധുക്കളുടെ ഡിഎൻഎ നോക്കിയാണു പിടികൂടിയത്.

ജീനി ആൻ ചൈൽഡ്സ് കൊല്ലപ്പെട്ട അപ്പാർട്ട്മെന്റിൽനിന്നു ശേഖരിച്ച, ആരുടേതെന്ന് അറിയാത്ത ഡിഎൻഎ സാംപിൾ പുതിയ സാങ്കേതികവിദ്യയുടെ പശ്ചാത്തലത്തിൽ പരിശോധിക്കാൻ അന്വേഷണസംഘം തയാറെടുത്തു. ലഭ്യമായ സർക്കാർ, സ്വകാര്യ ജീനോളജി വെബ്സൈറ്റുകളിൽ ഈ ഡിഎൻഎ സാംപിൾ കടത്തിവിട്ടു. വെസ്റ്റ്രോം ഉൾപ്പെടെ രണ്ടു പേരുടെ സാംപിളുകൾ‌ ഏകദേശം ചേരുന്നതാണെന്നു കണ്ടെത്തി. ഇരുവരും പൊലീസ് നിരീക്ഷണത്തിലായി.

ജീനി ആൻ ചൈൽഡ്സിന്റെ അപ്പാർട്ട്മെന്റിനു സമീപമാണ് 26 കൊല്ലങ്ങൾക്കു മുൻപു ജെറി വെസ്റ്റ്രോം താമസിച്ചിരുന്നതെന്നു പൊലീസ് മനസ്സിലാക്കി. കുറ്റവാളിയുടെ മനസ്സുള്ള, ഒന്നിലേറെ പൊലീസ് കേസുകളിൽപ്പെട്ട വ്യക്തിയാണെന്നും തിരിച്ചറിഞ്ഞു. അന്വേഷണം വെസ്റ്റ്രോമിലേക്കു ചുരുക്കി. രണ്ടര പതിറ്റാണ്ടു മുൻപു ലഭിച്ച ഡിഎൻഎ സാംപിൾ ഇയാളുടേതാണെന്ന് ഉറപ്പിക്കലായിരുന്നു അടുത്തഘട്ടം.

വെസ്റ്റ്രോം ഇപ്പോഴെവിടെയാണു താമസിക്കുന്നതെന്നു മനസ്സിലായ സംഘം, ഏതെല്ലാം പൊതുസ്ഥലങ്ങളിൽ ഇയാൾ വരാറുണ്ടെന്ന കണ്ടുപിടിച്ചു. വെസ്റ്റ്രോമിനെ രഹസ്യമായി പിന്തുടരാൻ സംഘത്തെ നിയോഗിച്ചു. 2019 ജനുവരിയിൽ വിസ്കോൻസിനിൽ മകളുടെ ഹോക്കി കളി കാണാൻ വെസ്റ്റ്രോം എത്തിയിരുന്നു. സംഘവും പിന്നാലെ കൂടി.

കളിക്കിടെ ഭക്ഷണം കഴിച്ച വെസ്റ്റ്രോം, കയ്യും വായും ടിഷ്യു പേപ്പർ കൊണ്ടു തുടച്ചിരുന്നു. വെസ്റ്റ്രോം വലിച്ചെറിഞ്ഞ ടിഷ്യു പേപ്പർ പൊലീസ് തന്ത്രത്തിൽ കൈക്കലാക്കി. ഈ ടിഷ്യു കടലാസിലെ വിയർപ്പിൽനിന്നു വെസ്റ്റ്രോമിന്റെ ഡിഎൻഎ വേർതിരിച്ചെടുത്തു. കൈവശം ഉണ്ടായിരുന്നതും ഇപ്പോൾ കിട്ടിയതുമായ ഡിഎൻഎ സാംപിളുകൾ വിശദമായി പരിശോധിച്ചു. രണ്ടിനും സാമ്യം. അങ്ങനെ ഫെബ്രുവരി 11ന്, ജീനി ആൻ ചൈൽഡ്സ് കൊലക്കേസിൽ 26 കൊല്ലങ്ങൾക്കുശേഷം ജെറി വെസ്റ്റ്രോം എന്ന ബിസിനസുകാരൻ അറസ്റ്റിലായി.

MORE IN Kuttapathram
SHOW MORE