വായുവിൽ മാഞ്ഞ് കൊലയാളി വണ്ടികൾ, വലഞ്ഞ് പൊലീസ്

accident-1
SHARE

കോട്ടയം ജില്ലയിൽ അപകട മരണങ്ങൾക്കു കാരണമായ വാഹനങ്ങൾ കാണാമറയത്ത് വിലസുന്നു. കഴിഞ്ഞ ദിവസം പുതുപ്പളളി, പയ്യപ്പാടി ജംക്‌ഷനു സമീപം ജൂണിയ സൂസൻ ഐപ്പിന്റെ (32) മരണത്തിന് കാരണമായ വാഹനം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.കഴിഞ്ഞ 4ന് കൊല്ലാട് ദിവാൻപുരത്ത് സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ കടുവാക്കുളം, കാട്ടാമ്പാക്ക്, തുമ്പാട്ട് റോസമ്മ ഏബ്രഹാം(54) മരണമടഞ്ഞ സംഭവത്തിലും അപകടമുണ്ടാക്കിയ സ്കൂട്ടർ കണ്ടെത്താൻ കഴിഞ്ഞില്ല. രണ്ട് അപകടങ്ങളിലും സിസി ടിവി ദ്യശ്യങ്ങൾ പൊലീസ് ലഭിച്ചെങ്കിലും അപകടമുണ്ടാക്കിയ വാഹനങ്ങളുടെ നമ്പർ കണ്ടെത്താൻ കഴിയാത്തതാണ് പൊലീസിനെ വലയ്ക്കുന്നത്.

സമാനവിധത്തിൽ അപകടങ്ങളും അപകടങ്ങളിൽ ഗുരുതരമായി പരുക്കേൽക്കുന്നവരെ ഉപേക്ഷിച്ച് അപകടമുണ്ടാക്കിയ വാഹനങ്ങൾ കടന്നുകളഞ്ഞ സംഭവങ്ങൾ ജില്ലയിൽ ആവർത്തിക്കുകയാണ്. മന്ദിരം ആശുപത്രിയിലെ നഴ്സായിരുന്ന ജൂണിയ അപകടത്തിൽപ്പെട്ട സമയത്ത് ഇതുവഴി കടന്നുപോയ ഗുഡ്സ് ഓട്ടോറിക്ഷ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്. റോസമ്മ ഏബ്രഹാമിനെ ഇടിച്ചു വീഴ്ത്തിയ സ്കൂട്ടർ യാത്രക്കാർ റോസമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ സമയം ഇവിടെ നിന്ന് പോയി.

അപകടത്തിന് ദൃക്സാക്ഷികൾ ഇല്ലാതിരുന്നതിനാൽ റോസമ്മയെ മുന്നിൽ വന്ന കാർ ഇടിച്ചു വീഴ്ത്തിയെന്നാണ് അപകടമുണ്ടാക്കിയ സ്കൂട്ടർ യാത്രക്കാർ മൊഴി നൽകിയത്. പിന്നീട് സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് റോസമ്മയെ ഇടിച്ചു വീഴ്ത്തിയത് സ്കൂട്ടർ യാത്രക്കാരാണെന്ന് തിരിച്ചറിഞ്ഞത്. എന്നാൽ സ്കൂട്ടറിന്റെ നമ്പർ ദൃശ്യങ്ങളിൽ നിന്ന് ലഭിക്കാതിരുന്നതിനാൽ അന്വേഷണം വഴിമുട്ടി.

MORE IN Kuttapathram
SHOW MORE