സ്വന്തം എ.ടി.എം കാര്‍ഡുപയോഗിച്ച് ലക്ഷങ്ങൾ തട്ടി; തട്ടിപ്പിന്റെ പുതുവഴി: പിടിയിൽ

atm-fraud
SHARE

സ്വന്തം എ.ടി.എം കാര്‍ഡുപയോഗിച്ച് ബാങ്ക് അധികൃതരെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ ഇതരസംസ്ഥാന സംഘത്തിലെ പ്രധാനി അറസ്റ്റില്‍. ഹരിയാന സ്വദേശിയും ഡല്‍ഹിയില്‍ താമസക്കാരനുമായ വാജിദ് ഖാനെയാണ് കോഴിക്കോട് ടൗണ്‍ പൊലീസ് നാട്ടിലെത്തി പിടികൂടിയത്. തട്ടിപ്പിന് വാജിദ് ഖാനൊപ്പമുണ്ടായിരുന്ന ആറുപേരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. 

ബന്ധുക്കളുള്‍പ്പെടെ പലരുടെയും പേരില്‍ സംഘം എ.ടി.എം കാര്‍ഡെടുക്കും. ആയിരങ്ങള്‍ അക്കൗണ്ടിലേക്ക് നിക്ഷേപിക്കും. ഈ തുക മറ്റ് സംസ്ഥാനങ്ങളില്‍ സഞ്ചരിച്ച് വിവിധ എ.ടി.എമ്മുകളിലൂടെ ബാങ്കുകാരുടെ കണക്കില്‍പ്പെടാതെ പോക്കറ്റിലാക്കുകയാണ് തട്ടിപ്പ് രീതി. പതിനായിരം രൂപ അക്കൗണ്ടിലുണ്ടെങ്കിലും അത് നിലനിര്‍ത്തി ലക്ഷങ്ങള്‍ കൈക്കലാക്കാമെന്ന് ഇവര്‍ തെളിയിച്ചു. പണമിടപാട് നടന്നതായി അറിയിപ്പ് വരേണ്ട എ.ടി.എം യന്ത്രത്തിലെ നെറ്റ്്വര്‍ക്ക് സംവിധാനം വിശ്ചേദിച്ചാണ് ഓരോ തവണയും ഇവര്‍ പണമെടുത്തിരുന്നത്. വിമാനത്തിലാണ് രണ്ട് സംഘമായി ഇവരുടെ വരവ്. ആദ്യ സംഘമെത്തി ഓരോയിടത്തെയും എ.ടി.എം കൗണ്ടറുകളെക്കുറിച്ചും ഇടപാട് നടത്തേണ്ട രീതിയെക്കുറിച്ചും രൂപരേഖയുണ്ടാക്കും. ഒരേദിവസം ജില്ലയിലെ വിവിധ ദേശസാല്‍കൃത ബാങ്കുകളിലെ എ.ടി.എം വഴി പണം തട്ടിച്ച് അടുത്തസംഘം തിരികെ നാട്ടിലേക്ക് പറക്കും. 

നേരത്തെ ഇതരസംസ്ഥാനക്കാരായ ജംഷാദ്, മുഫീദ്, മുഹമ്മദ് മുബാറക്, ജില്‍ഷാദ്, ജുനൈദ്, എന്നിവര്‍ക്കൊപ്പം പതിനാറുകാരനും ടൗണ്‍ പൊലീസിന്റെ പിടിയിലായിരുന്നു. ജാമ്യമെടുത്ത് മുങ്ങിയ ഇവര്‍ സമാന തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന കൂടുതല്‍ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിച്ചത്. കോഴിക്കോട് നഗരത്തില്‍ മാത്രം 22 കേസുണ്ട്. വാജിദ് ഖാനെക്കൂടി കിട്ടിയ സാഹചര്യത്തില്‍ മറ്റ് ജില്ലകളിലെയും ഇതരസംസ്ഥാനങ്ങളിലെയും കവര്‍ച്ചെയക്കുറിച്ച് കൂടുതല്‍ തെളിവ് ലഭിക്കുമെന്നാണ് പൊലീസ് സംഘം കണക്കുകൂട്ടുന്നത്. 

MORE IN Kuttapathram
SHOW MORE