പൂവച്ചലില്‍ കോണ്‍ഗ്രസ് ഓഫിസിനും പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെ ആക്രമണം

congress-office-attack-1
SHARE

തിരുവനന്തപുരം പൂവച്ചലില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിനുനേരെയും പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെയും ആക്രമണം. കാസര്‍കോട് കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയതിന് പിന്നാലെയാണ് ആക്രമണം. സംഭവത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂവച്ചലില്‍ പ്രകടനവും യോഗവും നടന്നിരുന്നു. പ്രതിഷേധത്തിന് ശേഷം പ്രദേശത്തെ ചില സിപിഎം പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായി. രാത്രി 11 മണിയോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പൊന്നടുത്തകുഴി സ്വദേശി ഷാനിന്റെ വീട്ടില്‍ ഒരുസംഘം ആളുകള്‍ മാരകായുധങ്ങളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

പിന്നാലെ കോണ്‍ഗ്രസ്  മണ്ഡലം പ്രസിഡന്റ്  സത്യദാസിന്റെ വീടിന് നേരെ കല്ലേറുണ്ടായി. വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിനുനേരെയുണ്ടായ ആക്രമണത്തില്‍ ജനല്‍ ചില്ലുകളും ഫര്‍ണിച്ചറുകളും തകര്‍ന്നു. എന്‍.എസ്.എസ് കരയോഗം പ്രസഡന്റും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ സുകുാരന്‍ നായരുടെ വീടിനു നേരെയും ആക്രമണമുണ്ടായി. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ആറുകിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്താണ് അക്രമസംഭവങ്ങള്‍ നടന്നത്. മുഖംമൂടി ധരിച്ചെത്തിയവരാണ് അക്രമം നടത്തിയത്. കാട്ടാക്കട പൊലീസും വിളപ്പില്‍ശാല പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

MORE IN Kuttapathram
SHOW MORE