ജഡ്ജിയുടെ പണി കളഞ്ഞ രശീത് മോഷണം; പ്രതി വനിതാ ഗുമസ്ത; കേസ് തെളിഞ്ഞ വഴി‌

chalakudy-court
SHARE

2013 ജൂണ്‍ 22. ചാലക്കുടി കോടതിയിലെ രശീത് ബുക്കിലെ ചില പേജുകള്‍ കാണാതായി. പെറ്റിക്കേസിന് കോടതിയില്‍ പണം അടയ്ക്കുമ്പോള്‍ നല്‍കേണ്ട രശീത്. കോടതി ജീവനക്കാരുടെ കൈവശമുള്ള രശീത് ബുക്കിലെ പേജുകള്‍ നഷ്ടപ്പെട്ടതോടെ ആകെ പ്രശ്നമായി. സംശയിക്കപ്പെട്ടത് കോടതി ജീവനക്കാരെ തന്നെ. മജിസ്ട്രേറ്റിന്റെ പരാതി പ്രകാരം ചാലക്കുടി പൊലീസ് കേസെടുത്തു. കോടതിയില്‍ നിന്ന് രശീത് നഷ്ടപ്പെട്ട വിവരം കോളിളക്കം സൃഷ്ടിച്ചു. സി.ജെ.എം. അന്വേഷണത്തിന് ഉത്തരവിട്ടു. 

വ്യാജ രശീത് പൊന്തി

മാള സ്വദേശിയായ യുവാവിനെ മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസ് പിടികൂടിയിരുന്നു. പിഴതുക കോടതിയില്‍ ഹാജരായി അടയ്ക്കാനായിരുന്നു നിര്‍ദ്ദേശം. കോടതിയില്‍ നിന്നുള്ള അറിയിപ്പു ലഭിച്ചതോടെ യുവാവ് ചാലക്കുടിയിലെ അഭിഭാഷകനെ സമീപിച്ചു. പിഴ തുകയും വക്കീല്‍ ഫീസും നല്‍കി. വക്കീലാകട്ടെ പിഴത്തുക നല്‍കാന്‍ വനിതാ ഗുമസ്തയെ ഏല്‍പിച്ചിരുന്നു. ഈ യുവാവിന് പിന്നീട് ഒരു അറിയിപ്പ് കൂടി കിട്ടി.

കോടതിയുടെ വാറന്റ്. പെറ്റിക്കേസില്‍ തുടര്‍ച്ചയായി ഹാജരായില്ല. പിഴയടിച്ചില്ല. പിന്നാലെ, പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ഈ സമയം, യുവാവ് ഒരു രശീത് ഉയര്‍ത്തിക്കാട്ടി. ‘ഞാന്‍ പിഴയടച്ചിരുന്നു. പിഴയടച്ചതിന് കോടതിയില്‍ നിന്ന് ലഭിച്ച രശീതാണിത്. മജിസ്ട്രേറ്റിന്റെ ഒപ്പു വരെയുണ്ട് ഇതില്‍.’ മജിസ്ട്രേറ്റ് ഞെട്ടി. കോടതിയില്‍ നിന്ന് മോഷണം പോയ രശീതാണിെതന്ന് മജിസ്ട്രേറ്റിന് ബോധ്യപ്പെട്ടു. അന്വേഷണം ലോക്കല്‍ പൊലീസില്‍ നിന്ന് കൈംബ്രാഞ്ച് ഏറ്റെടുത്ത സമയം. വ്യാജ രശീതിന്റെ ഉറവിടം തേടി ക്രൈംബ്രാഞ്ച് അന്വേഷിച്ചു. 

പിഴയടിച്ചില്ല, അവധിയ്ക്കപേക്ഷ

പിഴതുക അടയ്ക്കാന്‍ വക്കീല്‍ കൈമാറിയത് വനിതാ ഗുമസ്ത മിനി ബാബുവിന്. പക്ഷേ, കോടതി രേഖകളില്‍ അന്നേ ദിവസം പിഴ വന്നിട്ടില്ല. പകരം, കോടതിയില്‍ ഹാജരാകാന്‍ കഴിയില്ലെന്ന പ്രതിയുടെ അവധിയപേക്ഷ. ഈ അപേക്ഷ തയാറാക്കിയത് ഗുമസ്തതന്നെ. ക്രൈംബ്രാഞ്ചിന് കാര്യം പിടികിട്ടി. ഗുമസ്തയെ വിളിപ്പിച്ചു. മൊഴിയെടുത്തു. കുറ്റംസമ്മതിച്ചു. അറസ്റ്റിലേക്ക് കാര്യം നീങ്ങി. അപ്പോഴേയ്ക്കും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഇടപെട്ടു. അങ്ങനെ, അറസ്റ്റ് ചെയ്യാന്‍ പാടില്ല. കോടതി ജീവനക്കാര്‍ക്ക് ഒത്താശയുണ്ടാകും. അവരുടെ പങ്കുകൂടി തെളിയട്ടെ. ഗുമസ്തയെ മൊഴിയെടുത്തു വിട്ടയച്ചു. 

സ്ഥലംമാറ്റവും സസ്പെന്‍ഷനും

ചാലക്കുടി മജിസ്ട്രേറ്റിനെ സ്ഥലംമാറ്റി. ജൂനിയര്‍ സൂപ്രണ്ട് ഉള്‍പ്പെടെ മൂന്നു പേരെ സസ്പെന്‍ഡ് ചെയ്തു. ഇതിനിടെ, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഈ കേസ് സമാന്തരമായി അന്വേഷിച്ചു. പക്ഷേ, സി.ജെ.എമ്മിന്റെ അന്വേഷണത്തില്‍ പന്തികേടുണ്ടായി. രാത്രിയില്‍ കോടതി തുറന്നുള്ള പരിശോധന ഉള്‍പ്പെടെ പലതും കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങള്‍. അവസാനം, സി.ജെ.എമ്മിനും കിട്ടി സസ്പെന്‍ഷന്‍. പിന്നീട്, മറ്റു ചില കേസുകളിലെ അസ്വാഭാവിക ഇടപെടല്‍ കാരണം സി.ജെ.എമ്മിനെ സര്‍വീസില്‍ നിന്നുതന്നെ നീക്കം ചെയ്തു. അങ്ങനെ, ജഡ്ജിമാര്‍ മുതല്‍ കോടതി ജീവനക്കാര്‍ വരെ നിരവധി പേര്‍ അച്ചടക്ക നടപടിക്കു വിധേയരായി.

കയ്യെഴുത്ത് പരിശോധിച്ചു

ഏഴു വര്‍ഷം നിശ്ചലമായ കിടന്ന കേസ് തൃശൂര്‍ റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഡിവൈ.എസ്.പി: ഫ്രാന്‍സിസ് ഷെല്‍ബിയും സംഘവും അന്വേഷണം ഊര്‍ജിതമാക്കി. വനിത ഗുമസ്തയെ വീണ്ടും കസ്റ്റഡിയിലെടുത്തു. നേരത്തെ പൊന്തിവന്ന വ്യാജ രശീതിലെ കയ്യെഴുത്തു പരിശോധിക്കാന്‍ തീരുമാനിച്ചു. ഗുമസ്ത മിനി ബാബുവിന്റെ കയ്യെഴുത്താണെന്ന് പരിശോധനയില്‍ തെളിഞ്ഞു. പിന്നെ, പ്രതിയുെട കുറ്റസമ്മതവും പിന്നാലെയെത്തി. അങ്ങനെ, അഞ്ചര വര്‍ഷം കോടതി കേന്ദ്രങ്ങളുടെ ഉറക്കംകെടുത്തിയ രശീത് മോഷണക്കഥ തെളിഞ്ഞു. 

പണം തട്ടാന്‍ കുരുട്ടുബുദ്ധി

ചാലക്കുടിയിലെ അഭിഭാഷകന്റെ ഗുമസ്തയായിരുന്നു അന്നനാട് സ്വദേശി മിനി ബാബു. പെറ്റിക്കേസുകളില്‍ പണം അടയ്ക്കാന്‍ ആളുകള്‍ തരുമ്പോള്‍ ഫീസ് കഴിച്ചുള്ള തുക ഗുമസ്തയ്ക്കു കൈമാറും. പക്ഷേ, ഈ തുകയൊന്നും കോടതിയില്‍ എത്തിയില്ല. പല രേഖകളും സമാനമായി നഷ്ടപ്പെട്ടപ്പോള്‍ അഭിഭാഷകന്‍തന്നെ ഗുമസ്തയ്ക്കെതിരെ പണ്ടു പരാതി നല്‍കിയിരുന്നു. കോടതി ജീവനക്കാരുടെ വിശ്വസ്തയായിരുന്നു മിനി. ഓഫിസില്‍ അതിരുവിട്ട സ്വാതന്ത്രം.

ഇതു മുതലെടുത്ത മിനി ആരുടേയും കണ്ണില്‍പ്പെടാതെ രശീത് ബുക്കെടുത്തു. കുറച്ചു പേജുകള്‍ കീറി സ്വന്തമാക്കി. ഈ രശീതുകളില്‍ മജിസ്ട്രേറ്റിന്റെ ഒപ്പിട്ടു നല്‍കി. പെറ്റിക്കേസിലെ പ്രതി പിന്നീട് പിടിക്കപ്പെടുമ്പോള്‍ ഈ രശീത് സമര്‍പ്പിക്കുമെന്ന് ഗുമസ്ത കണക്കുകൂട്ടിയില്ല. വ്യാജ രശീത് ആണെന്ന് അറിയാതെയാണെങ്കിലും കോടതി രശീത് പെറ്റിക്കേസ് പ്രതി സൂക്ഷിച്ചത് നന്നായി. 

MORE IN Kuttapathram
SHOW MORE