ആ അരുംകൊല കുടുംബം ജീവിതകാലം മുഴുവന്‍ വേദനിക്കാന്‍ കരുതിക്കൂട്ടി: പകയുടെ ബാക്കി

ranni-murder
SHARE

കൺമുന്നിൽ രണ്ട് പിഞ്ചുമക്കൾ പിടഞ്ഞു മരിച്ചതിന്റെ ആഘാതത്തിൽ നിന്നും ആ അമ്മ ഇപ്പോഴും മുക്തയായിട്ടില്ല. എങ്കിലും കുടുംബത്തിന് ആശ്വാസമായി എത്തിയിരിക്കുകയാണ് കോടതി വിധി. കുടുംബ സ്വത്ത് തർക്കത്തിന്റെ പേരിൽ സഹോദര പുത്രന്മാരായ മെബിനെയും(7) മെൽബിനെയും(3) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി റാന്നി കീക്കൊഴൂർ മലർവാടി മാടത്തേത്ത് തോമസ് ചാക്കോയെ (ഷിബു–47) വധശിക്ഷയ്ക്കു വിധിച്ചതാണ് ശ്രദ്ധേയമായത്.

സ്വത്തു തർക്കം കാരണം സഹോദരനോടുണ്ടായിരുന്ന വൈരാഗ്യത്തിൽ ആജീവനാന്തം കു‌‌ടുംബം വേദനിക്കണമെന്ന ഗൂഢോദ്ദേശ്യത്തോടെയാണ് പ്രതി കൊലപാതകം ആസൂത്രണം ചെയ്തതെന്നും കോടതിയെ ബോധ്യപ്പെടുത്താൻ പ്രോസിക്യൂഷന് കഴിഞ്ഞു. കേസിൽ 35 സാക്ഷികളെ വിസ്തരിച്ചു. 45 രേഖകളും 15 തൊണ്ടി മുതലുകളും ഹാജരാക്കി.

നാടിനെ നടുക്കിയ സംഭവം ഇങ്ങനെ: ഒക്ടോബർ 27ന് രാവിലെ 7.30ന് ആണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഇരുനില വീടിന്റെ താഴത്തെ നിലയിലാണ് മെബിനും മെൽബിനും മാതാവ് ബിന്ദുവിനൊപ്പം താമസിച്ചിരുന്നത്. ഒന്നാം നിലയിലായിരുന്നു ഷിബുവിന്റെ പിതാവ് ജയിംസും മാതാവ് ഏലിക്കുട്ടിയും താമസം.

കയ്യിൽ കരുതിയ കത്തിയുമായെത്തിയ ഷിബു മുറ്റത്തു കളിച്ചുനിന്ന മെൽബിനെ ആദ്യം കുത്തി. പിന്നീട് മുറിക്കുള്ളിൽ കടന്ന് ബിന്ദുവിന്റെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം കസേരയിലിരുന്ന മെബിനെയും ആക്രമിക്കുകയായിരുന്നു. ബിന്ദുവിന്റെ അലറിക്കരച്ചിൽ കേട്ട് ജയിംസ് താഴെയെത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഇതിനകം മരിച്ചിരുന്നു. സെന്റ് മേരീസ് സ്കൂൾ വിദ്യാർഥികളായിരുന്നു ഇരുവരും. വീടിനു തീവയ്ക്കാൻ ഡീസലും ഷിബു കയ്യിൽ കരുതിയിരുന്നു.

അപൂർവങ്ങളിൽ അപൂർവമായ കേസാണെന്ന് നിരീക്ഷിച്ച കോടതി വിധിച്ചത് പ്രതിക്ക് പരമാവധി ശിക്ഷ. ഇന്ത്യൻ ശിക്ഷാനിയമം 323, 324, 449, 302 എന്നീ വകുപ്പുകൾ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. 

കുട്ടികളുടെ അമ്മയെ ദേഹോപദ്രവം ഏൽപ്പിച്ചതിന് 3 വർഷവും വീടിന് തീവച്ചതിന് 10 വർഷവും വീട്ടിൽ അതിക്രമിച്ച് കയറി കൊലപാതകം നടത്തിയതിന് 10 വർഷവും കഠിനതടവിനും മറ്റ് വിവിധ വകുപ്പുകൾ പ്രകാരം 5,45,000 രൂപ പിഴ ഒടുക്കാനും കോടതി വിധിച്ചു. പിഴത്തുക കൊല്ലപ്പെട്ട കു‌ട്ടികളുടെ മാതാവിന് നൽകണമെന്നും കോടതി ഉത്തരവിട്ടു. പ‌െ‌ട്ടെന്നുള്ള പ്രകോപനം കൊണ്ടല്ലെന്നും നേരത്തെ ആസൂത്രണം ചെയ്തു നടത്തിയ കുറ്റകൃത്യമാണെന്നും തെളിയിക്കാനായി.

MORE IN Kuttapathram
SHOW MORE