ഇടുക്കിയിൽ മ്ലാവിറച്ചിയും നാടൻ തോക്കും സഹിതം മൂന്ന് പേർ പിടിയിൽ

idukki-arrest
SHARE

ഇടുക്കി ശാന്തൻപാറയ്ക്ക് സമീപം കള്ളിപ്പാറയിൽ കാറിൽ കടത്തുകയായിരുന്ന മ്ലാവിറച്ചിയും നാടൻ തോക്കും സഹിതം മൂന്ന് പേർ പിടിയിൽ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. 

ശാന്തൻപാറ  സ്വദേശികളായ മത്തായി,  ജോസഫ്, സജി  എന്നിവരാണ് അറസ്റ്റിലായത്. വെടിമരുന്നും വാക്കത്തിയും ഹെഡ്‌ലൈറ്റും ഉൾപ്പെടെയുള്ള ഉപകരണങ്ങളും ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പിടിച്ചെടുത്തു.  വനമേഖലയിലും സമീപ പ്രദേശങ്ങളിലും നായാട്ട് നടക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്ന്  ദേവികുളം റെയ്ഞ്ച് ഓഫീസർ നിബു കിരൺ, പൊന്മുടി സെക്‌ഷൻ ഫോറസ്റ്റർ കെ.ഡി അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തുന്നതിനിടെയാണ് നായാട്ട് സംഘം പിടിയിലായത്.  കാറിൽ ഉണങ്ങിയ മാംസം കണ്ടതിനെത്തുടർന്ന് വിവരം തിരക്കിയപ്പോൾ നാടൻ പോത്തിൻ്റേതാണെന്നും,വിൽപ്പനയ്ക്ക് കൊണ്ടുപോകുകയാണെന്നും പറഞ്ഞു. കൂടുതൽ പരിശോധിച്ചപ്പോൾ 75കിലോ പച്ച മാംസവും കണ്ടെത്തി. തുടർന്ന് നടത്തിയ വിശദമായി പരിശോധനയിലാണ്  മ്ളാവിൻ്റെ മാംസമാണെന്ന് വ്യക്തമായത്. ഒരു സ്വകാര്യ ഏലത്തോട്ടത്തിൽ നിന്നും  വേട്ടയാടി പിടിച്ചതാണെന്ന് പ്രതികൾ സമ്മതിച്ചു. 

സംഘം വേട്ടയാടിയ മ്ലാവിന്‍റെ തലയും തോലും ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ വനത്തിൽ നിന്ന്  കണ്ടെത്തി. പിടിയിലായ മത്തായിയുടേതാണ് തോക്ക്. വർഷങ്ങൾ പഴക്കമുള്ള ഇതിന് ലൈസൻസ് ഇല്ല. പ്രതികളെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി. 

MORE IN Kuttapathram
SHOW MORE