നാലു വയസുകാരിയോട് കൊടുംക്രൂരത; ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി; ഭിക്ഷാടന സംഘം പിടിയിൽ

palakkad-murder
SHARE

പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനു സമീപം പിഞ്ചു  ബാലികയുടെ മൃതദേഹം കാണപ്പെട്ട കേസിൽ അഞ്ചംഗ ഭിക്ഷാടന സംഘമെന്ന് തെളിഞ്ഞു. തമിഴ്നാട്ടിൽ നിന്ന് തട്ടിക്കൊണ്ടു വന്ന കുഞ്ഞിനെ ലൈംഗിക പീഡനത്തിനിടെ  കൊലപ്പെടുത്തിയ ശേഷം ഉപേക്ഷിക്കുകയായിരുന്നു. ഭിക്ഷാടകരായ രണ്ട് തമിഴ്നാട്ടുകാരെ ടൗൺ നോർത്ത് പൊലീസ് പിടികൂടി. 

അരുംകൊലക്കു പിന്നിലെ പ്രധാനികളായ തമിഴ്നാട് തിരുവള്ളുവർ പടിയനല്ലൂർ സ്വദേശി സുരേഷ്, തഞ്ചാവൂർ പട്ടുകോട്ടൈ മല്ലി പട്ടണം സ്വദേശിനി ഫെമിന പിച്ചൈക്കനി എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ജനുവരി പതിനഞ്ചിന് ഒലവക്കോട് ജംഗ്ഷൻ റയിൽവേ സ്റ്റേഷൻ പരിസരത്താണ്  ബാഗിലാക്കിയ മൃതദേഹം  കണ്ടെത്തിയത്. രണ്ട് പുരുഷൻമാരും, മൂന്ന് സ്ത്രീകളുമടങ്ങുന്ന ഭിക്ഷാടന സംഘം തിരുച്ചിറപ്പള്ളിക്കടുത്ത് കുളിത്തലൈ എന്ന സ്ഥലത്തു നിന്നാണ് 4 വയസ്സുകാരി ബാലികയെ തട്ടിയെടുത്ത് പാലക്കാട് വന്നത്. 

ജനുവരി പന്ത്രണ്ടിന് രാത്രി ഉറങ്ങുകയായിരുന്ന ബാലികയെ സുരേഷും, സുഹൃത്തും ചേർന്ന് റെയിൽവേ ട്രാക്കിലിട്ട് ലൈംഗികമായി പീഡിപ്പിച്ചു. നിലവിളിച്ച കുട്ടിയുടെ വായ പൊത്തിപ്പിടിച്ചപ്പോൾ ശ്വാസം മുട്ടി മരിക്കുകയായിരുന്നു. മരണം ഉറപ്പുവരുത്താൻ ബാലികയുടെ പാൻറുകൊണ്ട് കഴുത്തിൽ മുറുക്കി. ശബ്ദം കേട്ട് ഉണർന്ന മറ്റുള്ളവരും ചേർന്ന്  മൃതദേഹം ബാഗിലാക്കിയ ശേഷം അരിച്ചാക്കിൽ പൊതിഞ്ഞ്  റെയിൽവേ ട്രാക്കിനരുകിൽ ഉപേക്ഷിക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ അഞ്ചംഗ സംഘം രണ്ടായി പിരിഞ്ഞ് പാലക്കാട് നിന്ന് മുങ്ങി. മൂന്നു ദിവസം കഴിഞ്ഞാണ് മൃതദേഹം ജനശ്രദ്ധയിൽപ്പെട്ടത്.

തിരുപ്പൂരിൽ നിന്നാണ് പ്രതികളെ  കസ്റ്റഡിയിലെടുത്തത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൊലപാതകമാണെന്ന് തെളിഞ്ഞിരുന്നു. പൊലീസിന്റെ അന്വേഷണ സംഘം കേരളം, തമിഴ്നാട്, കർണ്ണാടക എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് കാണാതായ കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കുകയും, കേരളത്തിലെ 150 അംഗൻവാടി ജീവനക്കാരെ കണ്ട് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിതിരുന്നു.. തുടർന്ന് റെയിൽവേ ജീവനക്കാർ , പ്ലാറ്റ്ഫോം തൊഴിലാളികൾ, കച്ചവടക്കാർ, ട്രാൻസ്ജെൻഡേഴ്സ് തുടങ്ങി 500 ഓളം പേരെ ചോദ്യം ചെയ്തു. 

കുട്ടിയുടെ കഴുത്തിലണിഞ്ഞിരുന്ന കറുത്ത ഏലസ്സിനെ കേന്ദ്രീകരിച്ച് പൊന്നാനി, മമ്പുറം, കളിയാ റോഡ്, അമ്പ്രാം പാളയം, ഏർവാടി, നാഗപട്ടണം, തുടങ്ങിയ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. ഈ സമയത്താണ് കേസ്സിന് വഴിത്തിരിവായ നിർണ്ണായക വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. ഒലവക്കോട് ആർപിഎഫ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഹെഡ് കോൺസ്റ്റബിൾ കെ. കെ സൂരജാണ് ഭിക്ഷാടന സംഘത്തെപ്പറ്റി സൂചന നൽകിയത്.

തുടർന്ന് ഭിക്ഷാടന സംഘത്തെ അന്വേഷിച്ച് കോയമ്പത്തൂർ, മംഗലാപുരം, ചെന്നൈ, സേലം, കോഴിക്കോട് , എറണാകുളം, തിരുപ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ തിരുപ്പൂർ റെയിൽവേ സ്റ്റേഷനു സമീപമുള്ള മുസ്ലീം പള്ളിക്കു സമീപത്തു നിന്നുമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ടൗൺ നോർത്ത് പൊലീസിന്റ  മികച്ച അന്വേഷണമാണ് വഴിത്തിരിവായത്. 

പ്രതികൾക്കെതിരെ ഭിക്ഷാടനത്തിന് തട്ടിക്കൊണ്ട് പോകൽ, മാനഭംഗം, കൊലപാതകം, പോക്സോ എന്നീ വകുപ്പുകൾ പ്രകാരം കേസ്സെടുത്തു. സുരേഷ് നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയാണ്. കൊലപാതക ശ്രമക്കേസ്സിൽ തിരുപ്പൂർ പോലീസ് അറസ്റ്റു ചെയ്ത് മൂന്നു മാസത്തെ  ജയിൽവാസത്തിനു ശേഷംപുറത്തിറങ്ങിയതായിരുന്നു. അതേ സമയം കൊല്ലപ്പെട്ട ബാലിക ആരാണെന്ന്  തിരിച്ചറിയാൻ കഴിഞ്ഞില്ല. തമിഴ്നാട്ടിലെ കുളിത്തലൈ  എന്ന സ്ഥലത്തു നിന്നുമാണ് ഭിക്ഷാടന സംഘം കുട്ടിയെ തട്ടിക്കൊണ്ടു വന്നതെന്നാണ് വിവരം. കൂട്ടുപ്രതികളെ കൂടി പിടികൂടിയാലേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ.

MORE IN Kuttapathram
SHOW MORE