മകൻ മോഷ്ടിക്കും, അമ്മ വിൽക്കും; വലിയ കാൽപാദം തുമ്പായി; പിടിവീണു

son-mother-arrested
SHARE

ചങ്ങനാശേരി: ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയായ യുവാവും മോഷണവസ്തുക്കൾ വിൽപന നടത്താൻ സഹായിച്ച അമ്മയും പിടിയിലായി. മാമ്മൂട് മുണ്ടുകുഴി  സന്തോഷിന്റെ മകൻ രതീഷ് (20), അമ്മ സരള (48) എന്നിവരെയാണു തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. മാമ്മൂട് ഭാഗത്തുള്ള കോൺവന്റ് കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിൽ നടത്തിയ അന്വേഷണത്തിലാണു രതീഷ് പിടിയിലായത്.

മല്ലപ്പള്ളിയിലുള്ള കോൺവന്റ് കുത്തിത്തുറന്നുപണം മോഷ്ടിച്ച സംഭവത്തിലും മാമ്മൂട്, ചൂരനോലി ഭാഗങ്ങളിൽ വീടിന്റെ ജനൽ തുറന്നു ബാഗുകൾ പുറത്തെടുത്തു സ്വർണവും പണവും മോഷ്ടിച്ച കേസുകളിലും ചാഞ്ഞോടിയിലുള്ള വീട്ടിൽ ‍നിന്ന് ആറേമുക്കാൽ പവൻ സ്വർണം മോഷ്ടിച്ച കേസിലും ഇയാൾ പ്രതിയാണ്. ചൂരനോലി ഭാഗത്തു മോഷണം നടന്ന വീട്ടിൽ നിന്നു പ്രതിയുടേതെന്നു സംശയിക്കുന്ന കാൽപാടുകൾ കണ്ടെത്തിയിരുന്നു. ചെരിപ്പു ധരിക്കാത്ത, കാൽപാദം വലുപ്പം കൂടുതലുള്ള ആളാണു മോഷണം നടത്തിയതെന്ന സൂചനയുടെ അടിസ്ഥാനത്തിലാണു സമാനമായ  രീതിയിൽ  മുൻപു പിടിയിലായിട്ടുള്ള രതീഷിനെ പൊലീസ് നിരീക്ഷിച്ചു തുടങ്ങിയത്.

ഇയാളുടെ വീട്ടിൽ പുതുതായി വിലപിടിപ്പുള്ള വീട്ടുപകരണങ്ങൾ വാങ്ങിയതായി കണ്ടെത്തിയതോടെ പൊലീസ് രതീഷിനെ അന്വേഷിച്ചു വീട്ടിൽ എത്തിയെങ്കിലും തിരുപ്പൂരിൽ ജോലിക്കു പോയിരിക്കുകയാണ് എന്ന മറുപടിയാണു ലഭിച്ചത്. തുടർന്നു സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇയാൾ മാമ്മൂട് ഭാഗത്തു തന്നെ ഉണ്ടെന്നു കണ്ടെത്തുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. മോഷണമുതൽ വിൽപന നടത്തുകയും പണയം വയ്ക്കുകയും ചെയ്തതിനാണു സരള അറസ്റ്റിലായത്.

ചങ്ങനാശേരിയിലെയും റാന്നിയിലെയും സ്വർണക്കടകളിൽ ‍‍നിന്നു 13 പവൻ സ്വർണാഭരണങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. രതീഷിന്റെ പിതാവ് സന്തോഷ് മോഷണക്കേസിൽ മാവേലിക്കര സബ്ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ്. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നിർദേശപ്രകാരം ചങ്ങനാശേരി ഡിവൈഎസ്പി എസ്. സുരേഷ്കുമാർ, തൃക്കൊടിത്താനം എസ്ഐ റിച്ചാർഡ് വർഗീസ്, എഎസ്ഐമാരായ സാബു സണ്ണി, ചന്ദ്രബാബു, ഷാജിമോൻ, സാബു, കെ.കെ. റെജി, ബിജു, രഞ്ജീവ് ദാസ്, ബെന്നി ചെറിയാൻ, ഷൈജു ആഞ്ചലോ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒന്നര മാസത്തെ പരിശ്രമത്തിനൊടുവിൽ പ്രതികളെ അറസ്റ്റ് ചെയ്തത്.

MORE IN Kuttapathram
SHOW MORE