കെവിന്‍ വധക്കേസില്‍ പ്രാഥമിക വാദം ആരംഭിച്ചു

kevin-hearing
SHARE

കെവിന്‍ വധക്കേസില്‍ പ്രതികള്‍ക്കെതിരെ ചുമത്തേണ്ട കുറ്റങ്ങള്‍ സംബന്ധിച്ച പ്രാഥമിക വാദം കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചു. കെവിന്‍റേത് കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന നിലപാടിലാണ് പ്രോസിക്യൂഷന്‍.  കെവിന്‍ കൊല്ലപ്പെടുമെന്ന് കേസിലെ 14 പ്രതികള്‍ക്കും അറിയാമായിരുന്നുവെന്നും വലിയ ഗൂഡാലോചന നടന്നിട്ടിണ്ടെന്നുമാണ് പ്രോസിക്യൂഷന്‍ വാദം. 

കെവിന്‍ നീനുവിനെ വിവാഹം കഴിച്ചതിനാല്‍ ജാതിവ്യത്യാസം സംബന്ധിച്ച ദുരഭിമാനവും വൈരാഗ്യവുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രോസിക്യൂഷന്‍ വാദം. നീനുവിന്‍റെ സഹോദരന്‍ സാനു പിതാവ് ചാക്കോ ഉള്‍പ്പെടെ 14 പ്രതികളാണ് കേസിലുള്ളത്. എല്ലാ പ്രതികള്‍ക്കെതിരെയും പത്ത് വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കുറ്റപത്രം തയ്യാറാക്കിയത്. വധശിക്ഷ ലഭിക്കാവുന്ന നരഹത്യ, തട്ടിയെടുത്ത് വിലപേശല്‍,  ഗൂഡാലോചന, ഭവനഭേദനം, തെളിവു നശിപ്പിക്കല്‍ എന്നിവയാണ് പ്രധാന കുറ്റങ്ങള്‍. പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്താനുള്ള കാരണങ്ങളും തെളിവുകളും അക്കമിട്ട് നിരത്തിയായിരുന്നു പ്രോസിക്യൂഷന്‍ വാദം. 

കൊലപാതകം തെളിയിക്കാന്‍ സാഹചര്യതെളിവുകളെയാണ് പ്രോസിക്യൂഷന്‍ ആശ്രയിച്ചത്.  തോട്ടില്‍ അരയ്ക്കൊപ്പം മാത്രമാണ് വെള്ളം ഉണ്ടായിരുന്നത് കൂടാതെ കെവിന് നീന്താനും അറിയാമായിരുന്നു. ഇത് പരിഗണിച്ചാല്‍ കെവിന്‍ ഓടുന്നതിനിടെ അബദ്ധവശാല്‍ വെള്ളത്തില്‍ വീണ് മരിക്കാനുള്ള സാധ്യതകള്‍ പ്രോസിക്യൂഷന്‍ തള്ളുന്നു. അതേസമയം കെവിനെ അക്രമികള്‍ തോട്ടിലേക്ക് ഓടിച്ചതിനും പിന്തുടര്‍ന്നതിനും തെളിവുകളുണ്ട്.

2018മെയ് 27ന് പുലര്‍ച്ചെ 2.25നാണ് കെവിനെയും ബന്ധു അനീഷിനെയും പതിമൂന്നംഗ അക്രമി സംഘം മാന്നാനത്തെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. കെവിനെ വധിക്കാന്‍ തലേദിവസം തന്നെ ഗൂഡാലോചന നടന്നതായി പ്രോസിക്യൂഷന്‍ ചൂണ്ടികാട്ടുന്നു. കെവിന്‍റെ മൃതദേഹം കണ്ടെത്തിയ തെന്‍മല ചാലിയേക്കര തോടിന് സമീപം ഇടമണ്‍ സബ് സ്റ്റേഷന് മുന്നിലായിരുന്ന ഗൂഡാലോചന. ഒന്നാം പ്രതി സാനു, പിതാവ് ചാക്കോ ബന്ധുക്കളായ നിയാസ്, റിയാസ് എന്നിവര്‍ പങ്കെടുത്തു. ഇതിന് പിന്നാലെയാണ് അക്രമിസംഘത്തിലെ മറ്റുള്ളവരെ കൂട്ടി കോട്ടയത്തേക്ക് പുറപ്പെട്ടത്. കേസില്‍ ഉള്‍പ്പെട്ട 14 പ്രതികള്‍ക്കും കെവിന്‍ കൊല്ലപ്പെടുമെന്ന് അറിയാമായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ വാദം. 

കേസിലെ ഒന്നാം പ്രതി സാനു ഗാന്ധിനഗര്‍ സ്റ്റേഷനിലെ എഎസ്ഐ  ബിജുവുമായി നടത്തിയ ഫോണ്‍ സംഭാഷണം ഉള്‍പ്പെടെ പ്രോസിക്യൂഷന്‍ തെളിവായി നിരത്തി. കേസിലെ മുഴുവന്‍ പ്രതികളെയും കോടതിയില്‍ ഹാജരാക്കി. 176 സാക്ഷികള്‍ക്ക് പുറമെ 190 പ്രമാണങ്ങള്‍ മൂന്ന് വാഹനങ്ങള്‍ സിസിടിവി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ എന്നീ തെളിവുകളും പൊലീസ് കോടതിയില്‍ ഹാജരാക്കി. ഈ മാസം 22ന് കേസിന്‍റെ വാദം തുടരും. കെവിന്‍റെ പിതാവ് ജോസഫും വാദം കേള്‍ക്കാന്‍ കോടതിയിലെത്തിയിരുന്നു.

MORE IN Kuttapathram
SHOW MORE