മരണത്തിൽ ദുരൂഹത; മലയാളി നഴ്സിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്തു

nurse-death-12
SHARE

ദുരൂഹസാഹചര്യത്തിൽ ബഹ്റൈനിൽ മരിച്ച മലയാളി നഴ്സ് പ്രിയങ്ക പൊന്നച്ചന്റെ  മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ വീണ്ടും പോസ്റ്റ്മോർട്ടം ചെയ്തു. മരണത്തിൽ സംശയമുണ്ടെന്ന പ്രിയങ്കയുടെ അമ്മയുടെ പരാതിയെ തുടർന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷനാണ് പോസ്റ്റ്മോർട്ടത്തിന് ഉത്തരവിട്ടത്.

ഈമാസം ഏഴിനാണു മാവേലിക്കര തെക്കേക്കര സ്വദേശികളായ കെ.ജി.പൊന്നച്ചൻ–മറിയാമ്മ ദമ്പതികളുടെ മകൾ പ്രിയങ്കയെ ബഹ്റൈനിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചെങ്ങന്നൂർ മുളക്കുഴ സ്വദേശി പ്രിൻസ് വർഗീസുമായി 2011 നവംബറിലായിരുന്നു പ്രിയങ്കയുടെ വിവാഹം. ബഹ്റൈനിൽ സ്ഥിരതാമസമാക്കിയ ഇവർക്ക് നാലുവയസുള്ള മകനുമുണ്ട്. വിവാഹത്തിനു ശേഷം പ്രിയങ്ക ഗാർഹിക പീഡനത്തിനിരയായതായി ബന്ധുക്കൾ ആരോപിക്കുന്നു. ബഹ്റൈനിലെ പള്ളി വികാരിയുടെ മധ്യസ്ഥതയിൽ പ്രശ്നങ്ങൾ പറഞ്ഞു തീർത്തെങ്കിലും വീണ്ടും അസ്വാരസ്യങ്ങൾ ഉടലെടുത്തതായും ഇവർ പറയുന്നു. ഇതിനിടെയാണു ദുരൂഹസാഹചര്യത്തിൽ പ്രിയങ്ക മരിച്ചത്. 

പ്രിൻസും ബന്ധുക്കളും ചേർന്നു തിരക്കിട്ടു പോസ്റ്റ്മോർട്ടം നടത്തുകയും മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിക്കാൻ ഒരുങ്ങുകയും ചെയ്തതായി ബന്ധുക്കൾ ആരോപിക്കുന്നു. അവിടെ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ തൂങ്ങി മരണമെന്നാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. മരണത്തിൽ സംശയമുണ്ടെന്നും മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രിയങ്കയുടെ അമ്മ മറിയാമ്മ പൊന്നച്ചൻ നൽകിയ പരാതിയെ തുടർന്നാണ് മനുഷ്യാവകാശ കമ്മീഷൻ നടപടി എടുത്തത്. 

ചെങ്ങന്നൂർ ആർ.ഡി.ഒ അതുൽ സ്വാമിനാഥിന്റെ സാന്നിധ്യത്തിൽ മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടത്തി. തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തിയതിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്ന് സി.ഐ എം സുധിലാൽ പറഞ്ഞു.

MORE IN Kuttapathram
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.