കോപ്പിയടി തടഞ്ഞ അധ്യാപകന് മർദ്ദനം; വിദ്യാർഥിക്കെതിരെ വധശ്രമത്തിന് കേസ്; അറസ്റ്റ്

dr-boby-muhammad-mirsa-1
SHARE

കാസർകോട് ചെമ്മനാട് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടൂ മാതൃക പരിക്ഷയ്ക്കിടെ കോപ്പിയടിക്കുന്നത് തടഞ്ഞ അധ്യാപകനെ മർദ്ദിച്ച സംഭവത്തിൽ വിദ്യാർഥിക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ചെമ്മനാട് സ്വദേശി, പത്തൊൻപതുകാരനായ മുഹമ്മദ് മിർസയെയാണ് ടൗൺ പൊലീസ് അറസ്റ്റു ചെയ്തത്. അതേസമയം ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഡോ. ബോബി ജോസഫിന്റെ കേൾവി  ഭാഗീകമായി നഷ്ടമായി. 

വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ഹയർ സെക്കൻഡറി ഹ്യൂമാനിറ്റീസ് മാതൃക പരീക്ഷയ്ക്കിടെ മുഹമ്മദ് മിർസ പരീക്ഷാഹാളിൽ തുടർച്ചയായി കോപ്പിയടിക്കാൻ  ശ്രമിക്കുന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഫിസിക്സ് അധ്യാപകനായ ബോബിയുടെ ശ്രദ്ധയിൽപ്പെട്ടു. പലകുറി വിലക്കിയിട്ടും വിദ്യാർത്ഥി അച്ചടക്ക ലംഘനം തുടർന്നതോടെ പ്രധാന അധ്യാപകനോട്  പരാതിപ്പെടാൻ ഒരുങ്ങി. ഈ സമയത്ത് വിദ്യാർത്ഥി  മുഖത്ത് അടിക്കുകയും. ക്രൂരമായി മർദ്ദിക്കുകയുമായിരുന്നെന്ന് അധ്യാപകൻ പറയുന്നു.

അതേസമയം സംഭവത്തെക്കുറിച്ച്  പൊലീസിൽ പരാതി നൽകുന്നതിനെതിരെ അധ്യാപകനെ ഭീഷണിപ്പെടുത്തിയ വിദ്യാർത്ഥിയുടെ പിതാവ് ലത്തീഫിനേയും ബോബിയുടെ പരാതിയെത്തുടർന്ന് അറസ്റ്റു ചെയ്തു. മാസങ്ങൾക്ക് മുൻപ് സ്കൂളിലുണ്ടായ സംഘർഷത്തിൽ പൊലീസിനെ ആക്രമിച്ച കേസിൽ പ്രതിയാണ് മുഹമ്മദ് മിർസ. മംഗളൂരുവിലോ, ഡൽഹി എയിംസിലോ വിദഗ്ദ്ധ ചികിത്സതേടാനുള്ള ഒരുക്കത്തിലാണ് അക്രമത്തിനിരയായ ബോബി.

MORE IN Kuttapathram
SHOW MORE