വഴിചോദിക്കാൻ ബൈക്ക് നിര്‍ത്തി; മാല പറിച്ചു; സ്ഥലത്തെ പ്രധാന മോഷ്ടാവ് പിടിയിൽ

poojapura-chain-snatching
SHARE

തിരുവനന്തപുരം പൂജപ്പുരയില്‍ ബൈക്കിലെത്തി വയോധികയുടെ മാല മോഷ്ടിച്ചയാള്‍ സ്ഥലത്തെ പ്രധാന മോഷ്ടാവെന്ന് സ്ഥിരീകരണം.  മണിക്കൂറുകള്‍ക്കുള്ളില്‍ കള്ളനെ പിടികൂടിയ പൊലീസിന് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ കയ്യടി.  മോഷ്ടാവിനെ പിടികൂടിയ ട്രാഫിക് പൊലീസുകാരന്‍ ബിജുകുമാറിനെ  സിറ്റി പൊലീസ് കമ്മീഷണറും അഭിനന്ദിച്ചു. ബുധനാഴ്ച രാവിലെയാണ് ഈ സംഭവം അരങ്ങേറിയത്. 

പൂജപ്പുര കുശക്കോട് ക്ഷേത്രത്തില്‍ പോയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഈ വല്യമ്മ. വഴിചോദിക്കാനെന്ന വ്യാജേനയാണ് മോഷ്ടാവ് ബൈക്ക് നിര്‍ത്തിയത്...സംസാരിച്ച് കൊണ്ടുനില്‍ക്കുന്നതിനിടെ കഴുത്തിലെ മൂന്ന് പവന്റെ മാല വലിച്ച് പൊട്ടിച്ചു. കള്ളനെ പിടിച്ച് നിര്‍ത്താന്‍ ശ്രമിച്ച വല്യമ്മ വീണ് പരുക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ മോഷ്ടാവിന് പൂജപ്പുരയില്‍ നിന്ന് തിരുവനന്തപുരം നഗരത്തില്‍ വരെ എത്താനുള്ള സമയമേ പൊലീസ് നല്‍കിയുള്ളു. അതിനിടെ ബൈക്കിന്റെ നമ്പര്‍ സഹിതം  നഗരത്തിെല എല്ലാ പൊലീസ് സ്റ്റേഷനിലും ട്രാഫിക് പൊലീസിനും സന്ദേശം കൈമാറി.

കനകക്കുന്നില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസുകാരന്‍ അവിടത്തെ ബൈക്കുകള്‍ പരിശോധിച്ചപ്പോള്‍ ഈ ബൈക്ക് കണ്ടെത്തി. ഉച്ചയ്ക്ക് 2.30 ഓടെ മോഷ്ടാവ് ബൈക്കെടുക്കാനെത്തിയപ്പോള്‍ കയ്യോടെ പിടികൂടി. പൂജപ്പുരയിലെ ഓട്ടോ ഡ്രൈവര്‍ സജീവാണ് മോഷ്ടാവ്. ചോദ്യം ചെയ്തതോടെ ആറ് മാസത്തിനിടെ പൂജപ്പുര കേന്ദ്രീകരിച്ച് 9 സമാനമോഷണങ്ങള്‍ നടത്തിയതായി സജീവ് സമ്മതിച്ചു. മണിക്കൂറുകള്‍ക്കകം പ്രതിയെ പിടിച്ചതോടെ പൊലീസിന് സമൂഹമാധ്യമങ്ങളില്‍ നിറയെ കയ്യടിയാണ്. പ്രതിയെ പിടിക്കാന്‍ ജാഗ്രത പുലര്‍ത്തിയ സിറ്റി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ബിജുകുമാറിനെ കമ്മീഷ്ണര്‍ സുരേന്ദ്രനും അഭിനന്ദിച്ചു.

MORE IN Kuttapathram
SHOW MORE