വിദ്യാര്‍ഥിനിക്കൊപ്പം വനത്തിനുള്ളിൽ 23 ദിവസം, മാങ്ങയും നാളികേരവും ഭക്ഷണം; അറസ്റ്റ്

melukavu-lovers
SHARE

മൂന്നാഴ്ചയിലേറെ വീട്ടുകാരെയും പൊലീസിനെയും കബളിപ്പിച്ച് വനത്തില്‍ ഒളിച്ചുകഴിഞ്ഞ കമിതാക്കള്‍ പിടിയില്‍. മേലുകാവ് സ്വദേശി ജോര്‍ജ്, കുമളി സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി എന്നിവരാണ് പിടിയിലായത്. ഈ മാസം ആറിനാണ് പെണ്‍കുട്ടിയുമായി ജോര്‍ജ് ഒളിച്ചോടിയത്. പോക്‌സോ കേസ് ചുമത്തി പ്രതിയെ കോടതിയില്‍ ഹാജരാക്കി.

സിനിമക്കഥയെ വെല്ലുംവിധമാണ് മേലുകാവ് സ്വദേശിയായ ഇരുപത്തിയൊന്നുകാരന‍് ജോര്‍ജിന്റെയും കുമളി സ്വദേശിയായ പതിനേഴുകാരിയുടെയും പ്രണയകഥ. മരം കയറ്റതൊഴിലാളിയായിരുന്നു ജോര്‍ജ്. ഏതാനും മാസം മുന്‍പ് ജോലിക്ക് വേണ്ടി  കുമളിയില്‍ എത്തിയ ജോര്‍ജ് പെണ്‍കുട്ടിയുമായി അടുപ്പത്തിലായി. ജനുവരി ആറിന് പള്ളിയില്‍ പോയ പെണ്‍കുട്ടിയുമായി ഒളിച്ചോടുകയായിരുന്നു. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍  കുമളി പൊലീസ് അന്വേഷിച്ചെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല.

ഇതിനിടെ ജോര്‍ജിന്റെ വീടിനടുത്തുള്ള വനമേഖലയായ ഇലവീഴാപൂഞ്ചിറയില്‍ ഇവര്‍ ഒളിച്ചുകഴിയുന്നതായി നാട്ടുകാര്‍ കണ്ടെത്തി. തുടര്‍ന്ന് കട്ടപ്പന ഡിവൈഎസ്പി, കുമളി സിഐ, ഉപ്പുതറ എസ്‌ഐ എന്നിവരുടെ നേതൃത്വത്തില്‍ കമിതാക്കളെ തിരയാന്‍ വലിയൊരു പോലീസ് സംഘത്തെ നിയോഗിച്ചു. ചെങ്കുത്തായ വനപ്രദേശത്തെ കുറിച്ച് വ്യക്തമായി അറിയാവുന്നയാളായിരുന്നു ജോര്‍ജ് എന്നത് അന്വേഷണസംഘത്തെ കാര്യമായി വട്ടംകറക്കി. ക്രിമിനൽ പശ്ചാത്തലമുള്ള യുവാവിന്റെ ബൈക്ക് കഴിഞ്ഞ ദിവസം കോളപ്ര അടൂർമലയിൽ നിന്നു പൊലീസ് കണ്ടെടുത്തിരുന്നു. ഇയാളുടെ മൊബൈൽ ടവർ ലൊക്കേഷൻ ഇലവീഴാപൂഞ്ചിറയിലായിരുന്നു. ചെങ്കുത്തായ മലനിരകളിൽ ക്യാംപ് ചെയ്താണു പൊലീസ് തിരച്ചിൽ നടത്തിയിരുന്നത്. 

കാട്ടിനുള്ളില്‍ പ്രവേശിച്ചപ്പോള്‍ കമിതാക്കള്‍ തങ്ങിയിടത്ത് ഭക്ഷണാവശിഷ്ടങ്ങള്‍ കണ്ടെത്തി. പെണ്‍കുട്ടിയുടെ വസ്ത്രങ്ങളും ഇവിടെ നിന്നും ലഭിച്ചു. പലദിവസങ്ങളിലും ദൂരെയുള്ള മലയില്‍ യുവാവിനെ കണ്ടെങ്കിലും പോലീസ് സംഘം എത്തുമ്പോഴേക്കും മറ്റിടങ്ങളിലേക്ക് രക്ഷപ്പെടുകയായിരുന്നു. കാട്ടുകിഴങ്ങുകളും, സമീപത്തെ പുരയിടങ്ങളില്‍ നിന്ന് ശേഖരിച്ച കരിക്ക്, തേങ്ങ, മാങ്ങ തുടങ്ങിയവ ഭക്ഷിച്ചാണ് ഇരുവരും വനത്തില്‍ കഴിഞ്ഞത്. അത്യാവശ്യഘട്ടങ്ങളില്‍ ജോര്‍ജ് പുറത്ത് പോയപ്പോള്‍ പെണ്‍കുട്ടിയെ സുരക്ഷിതയായി നിര്‍ത്തിയത് പത്തടിയോളം ഉയരമുള്ള മരത്തിലായിരുന്നു. 23 ദിവസത്തെ വനവാസത്തിന് ശേഷം ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കമിതാക്കള്‍ പിടിയിലായത്. തലയില്‍ ചാക്കുകെട്ടുമായി വനത്തില്‍ നിന്ന് തൊടുപുഴ-പുളിയന്‍മല സംസ്ഥാന പാതയിലെ കോളപ്ര ഭാഗത്തേക്ക് വരുംവഴി ഇരുവരും പോലീസിന് മുന്‍പില്‍പെട്ടു. 

ഇതോടെ രണ്ടുപേരും രണ്ട് ദിക്കിലേക്ക് ഓടി. പെണ്‍കുട്ടി സമീപത്തുള്ള ഒരുവീട്ടിലെത്തി വെള്ളം ആവശ്യപ്പെട്ടു. അവശയായ പെണ്‍കുട്ടിക്ക് വീട്ടുകാര്‍ വിശ്രമിക്കാന്‍ സൗകര്യവും നല്‍കി. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ പെണ്‍കുട്ടിയെ പൊലീസിന് കൈമാറുകയായിരുന്നു. യുവാവിനെയും നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. വീട്ടുകാര്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നതിനാല്‍ പെണ്‍കുട്ടിയെ ഹൈക്കോടതിയില്‍ ഹാജരാക്കി. പെണ്‍കുട്ടി തുടര്‍ ദിവസങ്ങളില്‍ പീഡനത്തിന് ഇരയായതായി പൊലീസ് പറഞ്ഞു. പോക്‌സോ, ബലാത്സംഗം തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകളാണ് ജോര്‍ജിന് എതിരെ ചുമത്തിയത്.

ഇടുക്കിയിലും കോട്ടയത്തുമായി ഒട്ടേറെ പെൺകുട്ടികൾ ഇയാളുടെ വലയിൽ വീണതാണെന്നു പൊലീസ് പറയുന്നു. ഇരു ജില്ലകളിലും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ സ്വീകരിക്കാന്‍ രക്ഷിതാക്കള്‍ വിമുഖത കാട്ടുന്നതിനാല്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറും. തൊടുപുഴ പോക്‌സോ കോടതിയില്‍ ഹാജരാക്കിയ യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി.

MORE IN Kuttapathram
SHOW MORE