പ്രണയത്തിൽ എതിർപ്പ്; കണ്ണൂരിൽ യുവാവിന്റെ വീടിനു തീയിട്ടു

house-fire
കക്കാട് അതിരകം പള്ളിപ്രം കൊളെക്കര തായത്ത് പി.പി.അക്ബറലിയുടെ വീട് കത്തി നശിച്ച നിലയിൽ. ചിത്രം:മനോരമ
SHARE

കണ്ണൂർ: സാമ്പത്തികമായി രണ്ടു തട്ടിലുള്ള കുടുംബങ്ങളിലെ യുവാവും യുവതിയും തമ്മിലുള്ള പ്രണയത്തിൽ എതിർപ്പുകാരണം യുവതിയുടെ ബന്ധുക്കൾ യുവാവിന്റെ വീടിനു തീയിട്ടെന്നു പരാതി. അതിരകം പള്ളിപ്രം കൊളെക്കര തായത്ത് പി.പി.അക്ബറലിയുടെ വീടാണ് കത്തിനശിച്ചത്. അക്ബറലിയുടെ മകൻ മത്സ്യത്തൊഴിലാളിയായ ബി.കെ.മുഹമ്മദ് അസ്കറലി (27)യും എംബിബിഎസ് വിദ്യാർഥിനിയും തമ്മിലുള്ള പ്രണയമാണ് സംഭവത്തിനു കാരണമെന്ന് പൊലീസ് പറ‍ഞ്ഞു.

ശബ്ദം കേട്ടു വീട്ടുകാർ ഉണർന്നപ്പോഴേക്കും ജനലുകളും കതകുകളും പാടേ നശിച്ചു. വീടിനു സമീപം നിർത്തിയിട്ടിരുന്ന ബൈക്കും പൂർണമായി നശിച്ചു. വീട്ടുകാർ ഉടൻ പുറത്തിറങ്ങിയതിനാൽ ആർക്കും പരുക്കില്ല. ജനൽ ഗ്ലാസ് തകർത്തു മുറിക്കുള്ളിലേക്കു പെട്രോൾ ഒഴിച്ചു തീയിടുകയായിരുന്നെന്നാണു പൊലീസ് കരുതുന്നത്.

പൊലീസിനെതിരെ ആക്ഷേപം; പരാതി നൽകിയിട്ടും സംരക്ഷണം നൽകിയില്ല

പ്രണയത്തിൽ നിന്നു പിൻമാറണമെന്നു യുവതിയുടെ ബന്ധുക്കൾ അസ്കറലിയോട് ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടിലെത്തിയ യുവതിയുടെ സഹോദരനും സംഘവും മകനെ മർദിച്ചതായി അസ്കറലിയുടെ ഉമ്മ ബി.കെ.സാബിറ പൊലീസിൽ പരാതിയും നൽകി. വീട് കത്തിക്കുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. പരുക്കേറ്റ അസ്കറലി സ്വകാര്യ ആശുപത്രിയിൽ ചികിത്സയും തേടി.

വീടിനു സംരക്ഷണം ആവശ്യപ്പെട്ടെങ്കിലും പൊലീസ് സഹായം ലഭിച്ചില്ലെന്ന് അസ്കറലി പറഞ്ഞു. കുടുംബപ്രശ്നമാണെന്നും ഇടപെടാൻ പറ്റില്ലെന്നും പറഞ്ഞ് പൊലീസ് ഒഴിഞ്ഞു മാറി. മേലുദ്യോഗസ്ഥരെ കാണുമെന്നു പറഞ്ഞപ്പോൾ മാത്രമാണു പരാതി സ്വീകരിക്കാൻ പൊലീസ് തയാറായതെന്നും അസ്കറലി പറഞ്ഞു. മർദനക്കേസിൽ യുവതിയുടെ ബന്ധുക്കളായ കെ.കെ.അനസ് (28), കെ.െക.ശബീർ (45) എന്നിവരെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ചു. വീട് കത്തിച്ച സംഭവത്തിൽ അന്വേഷണം നടക്കുന്നേയുള്ളൂവെന്നും പൊലീസ് പറഞ്ഞു.

MORE IN Kuttapathram
SHOW MORE