സ്റ്റേഷനില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവം; പൊലീസ് വിശദീകരണം ഇങ്ങനെ

ganja-police-station
SHARE

വിജിലന്‍സ് റെയ്ഡില്‍ സ്റ്റേഷനില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ബേക്കല്‍ പൊലീസ്. കഴിഞ്ഞ സെപ്റ്റംബറില്‍  പള്ളിക്കര മസ്തിക്കുണ്ടില്‍ നിന്ന് പിടികൂടിയതാണ് കഞ്ചാവെന്നും പ്രതികള്‍ക്കുള്ള അന്വേഷണം തുടരുന്നത് കൊണ്ടാണ് കോടതിയില്‍ സമര്‍പ്പിക്കാന്‍ വൈകിയതെന്നുമാണ് വിശദീകരണം. അതിനിടെ വാര്‍ത്ത പുറത്തുപോകാനിടയാക്കിയത് പൊലീസിനുള്ളിലെ പടലപിണക്കമാണെന്ന് സേനക്കുള്ളില്‍ തന്നെ പ്രചാരണമുണ്ട്.

കഴിഞ്ഞ ദിവസം  നടന്ന റെയ്ഡില്‍ ബേക്കല്‍ സ്റ്റേഷനിലെ   എസ്.ഐയുടെ മേശ വലിപ്പില്‍ നിന്നും  കഞ്ചാവ് കണ്ടെടുത്തിരുന്നു. 125 ഗ്രാം കഞ്ചാവ് ചെറു പൊതികളാക്കിയ നിലയിലായിരുന്നു . വിവരം പുറത്തറിഞ്ഞതോടെ  സ്റ്റേഷനിലെ പൊലീസുകാര്‍ ഒന്നടങ്കം സംശയ നിഴലില്‍ ആയി.. ഇതിനെ തുടര്‍ന്നാണ് വിശദീകരണവുമായി ബേക്കല്‍ പൊലീസ് രംഗത്ത് എത്തിയത്. സെപ്റ്റംബര്‍ നാലിനു മസ്തിക്കുണ്ട് റയില്‍വേ സ്റ്റേഷനിന് സമീപത്തെ ഓടയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയതാണ് കഞ്ചാവ്.

രഹസ്യവിവരത്തിനെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍  ഒളിപ്പിച്ചുവച്ചരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇത് സ്റ്റേഷനില്‍ തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു.  സ്റ്റേഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ അക്രമസംഭവങ്ങളടക്കമുള്ളവ ഉണ്ടായതോടെ കോടതിയില്‍ സമര്‍പ്പിക്കുന്നത് വൈകുകയായിരുന്നു. 

ഈ കഞ്ചാവാണ് വിജിലന്‍സ് പിടിച്ചെടുത്തത്. ഉടമകളില്ലാതെ കണ്ടെത്തിയ ഒന്നരപവന്‍ സ്വര്‍ണം അടുത്തിടെ ട്രെയിന്‍ തട്ടി മരിച്ച സ്ത്രീയുടേതാണ്.ഇവരുടെ ബന്ധുക്കളെ വിവരമറിയിച്ചിരുന്നെങ്കിലും എറ്റെടുക്കാന്‍ ആരുമെത്തിയിരുന്നില്ലെന്നാണ്  വിശദീകരണം. ഇതേ വിശദീകരണം ആരോപവിധേനായ എസ്.ഐ ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു. 

അതിനിടെ  എസ്. ഐയോട് വ്യക്തി വിരോധമുള്ള വിജിലന്‍സിലെ പൊലീസ് ഉദ്യോഗസ്ഥനാണ് സംഭവം വിവാദമാക്കിയതാണെന്ന   പ്രചാരണം സേനക്കുള്ളില്‍ തന്നെ നടക്കുന്നുണ്ട്. ജനകീയ വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന എസ്.ഐയെ താറടിക്കാനുള്ള ശ്രമമാണ് നടന്നതെന്ന രീതിയില്‍ ബേക്കലിലും സമീപ പ്രദേശങ്ങളിലും  പ്രചാരണം ശക്തമാണ്.

MORE IN Kuttapathram
SHOW MORE