‘എന്നെ ഭ്രാന്തിയാക്കി മുദ്രകുത്തി; ഗര്‍ഭിണിയായിരിക്കെ പീഡനം’; ക്രൂരത നിറഞ്ഞ് ആ ഡയറി

anlia-diary
SHARE

ആന്‍ലിയയുടെ മരണത്തില്‍ ദുരൂഹതയേറ്റി ഡയറിക്കുറിപ്പുകള്‍. ക്രൂരതയുടെ നേര്‍ചിത്രം വരച്ചിടുന്ന ഡയറി വായിച്ച് ആന്‍ലിയയുടെ ഉറ്റവരടക്കം ഞെട്ടി. അച്ഛന്‍ ഹൈജിനസിന്‍റെ ഈ വാക്കിലുണ്ട് പൊള്ളുന്ന ആ ജീവിതം: ‘അതെല്ലാം ഞങ്ങളറിയുന്നത് അവളുടെ മരണശേഷം കണ്ടുകിട്ടിയ ഡയറിയിൽ നിന്നാണ്. അവൾക്കറിയാമായിരുന്നിരിക്കാം ജസ്റ്റിൻ എന്തെങ്കിലും ചെയ്യുമെന്ന്. അതുകൊണ്ട് അവൻ കാണാതെ ഷെൽഫിൽ വെച്ച് പൂട്ടി താക്കോൽ ഫ്ലവർവെയ്സിലാണ് ഇട്ടിരുന്നത്. മകൾക്കുവേണ്ടി ഞാൻ വാങ്ങിക്കൊടുത്ത ഫ്ലാറ്റിലാണ് ഇരുവരും താമസിച്ചത്. മരണശേഷം വീട് പരിശോധിച്ചപ്പോഴാണ് ഡയറി കിട്ടുന്നത്. അത് വായിച്ച് എന്റെ ചങ്കുപിടഞ്ഞു. ഒരു അപ്പനും സഹിക്കാൻ പറ്റാത്ത കാര്യങ്ങളാണ് എന്റെ കുഞ്ഞ് എഴുതിയിരിക്കുന്നത്’

ഡയറിയിലെ വിവരങ്ങള്‍ ഇങ്ങനെ: പൂർണ്ണ ഗർഭിണിയായിരിക്കുന്ന സമയത്ത് ഫ്ലാറ്റിൽ തനിച്ചാക്കി രാത്രിയിൽ ജസ്റ്റിൻ ഇറങ്ങിപോയിട്ടുണ്ട്. ഭ്രാന്തിയാണെന്ന് വരുത്തിതീർക്കാൻ ഒരു അച്ചന്റെയടുത്ത് കൗൺസിലിങ്ങിന് കൊണ്ടുപോയി. ജസ്റ്റിന്റെ അമ്മച്ചിയും ചേർന്നായിരുന്നു പീഡനം. മകൻ സാധനങ്ങൾ വലിച്ചെറിഞ്ഞ് പൊട്ടിച്ചാലും തല്ലിയാലും ഉപദ്രവിച്ചാലും അവർ ഒന്നും പറയില്ല. ജസ്റ്റിന്റെ അടിയേറ്റ് ആൻലിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആശുപത്രിയിൽ എത്തിയപ്പോഴും മകനെ ന്യായീകരിക്കാനാണ് ജസ്റ്റിന്റെ അമ്മ ശ്രമിച്ചത്. യാതൊരു ദയയുമില്ലാതെ ആൻലിയയെ ഉപേക്ഷിക്കാൻ വരെ അവർ പറഞ്ഞു. 

diary1

ഒമ്പതാം മാസത്തിൽ മരണത്തെക്കുറിച്ച് വരെ ആൻലിയ ചിന്തിച്ചിരുന്നു. എങ്ങനെയെങ്കിലും ഈ ലോകത്ത് നിന്നും പോയാൽ മതി, എന്റെ കുഞ്ഞിന് വേണ്ടിയാണ് ജീവിക്കുന്നത്. അവൻ ഈ ലോകത്ത് വന്നാൽ വിഷമങ്ങൾക്ക് ആശ്വാസമുണ്ടാകുമെന്ന് ഏറെ പ്രതീക്ഷയോടെയാണ് ആൻലിയ എഴുതിയത്.

ഗർഭിണിയായിരിക്കെ പഴകിയ ഭക്ഷണമാണു കഴിപ്പിച്ചിരുന്നത്. കുഞ്ഞുണ്ടായ ശേഷവും ഉപദ്രവിച്ചു. കേട്ടാലറയ്ക്കുന്ന തെറികൾ വിളിക്കും. കുഞ്ഞിനെ തന്നില്‍നിന്ന് അകറ്റാന്‍ ശ്രമിച്ചു എന്നെല്ലാം പരാതിയിൽ പറയുന്നു. ജസ്റ്റിന്റെയോ വീട്ടുകാരുടെയോ ഉപദ്രവമില്ലാതെ, പേടിക്കാതെ ജീവിക്കണം. വലിയ പീഡനമാണ് അനുഭവിക്കുന്നത്. കുഞ്ഞിന് അപ്പന്‍ വേണം. ഭര്‍ത്താവ് വേണം. വേറെയാരുമില്ല. വീട്ടുകാർ നാട്ടിലില്ല. ഈ അപേക്ഷ ദയാപൂര്‍വം പരിഗണിക്കണം– 18 പേജുള്ള പരാതിയിൽ വേദനയോടെ ആൻലിയ എഴുതി.

anlia-justin

മരണത്തിന് മുൻപ് ഗതികെട്ട് ആൻലിയ സഹോദരൻ വിഷമതകൾ വിവരിച്ച് സന്ദേശം അയച്ചിരുന്നു. ബെംഗളൂരിലേക്ക് പോകുകയാണെന്നും ഇവിടെ നിൽക്കാനാവില്ലെന്നുമായിരുന്നു സന്ദേശം. ജസ്റ്റിന്റെയും വീട്ടുകാരുടെയും പീഡനത്തെക്കുറിച്ചും ആൻലിയ പറഞ്ഞിരുന്നു. എന്നാൽ നാട്ടിൽ തന്നെ നിൽക്ക് പരിഹാരം ഉണ്ടാക്കാം. ഉടൻ ബെംഗളൂരിലേക്ക് പോകേണ്ടെന്നായിരുന്നു സഹോദരന്റെ മറുപടി.

പിന്നീട് വീട്ടുകാർ അറിയുന്നത് ആൻലിയയുടെ മരണവാർത്തയാണ്. ആൻലിയയെ ബെംഗളൂരിലേക്ക് ട്രെയിൻ കയറ്റി വിട്ടെന്നാണ് ഭർത്താവ് അറിയിച്ചത്. അയാൾ തന്നെ ഭാര്യയെ കാണാനില്ലെന്നും പൊലീസിൽ പരാതി പറഞ്ഞതോടെയാണ് സംശയം ജസ്റ്റിനിലേക്ക് നീങ്ങുന്നത്. മൂന്നും ദിവസങ്ങൾക്ക് ശേഷം ആൻലിയയുടെ മൃതദേഹം ആലുവ പുഴയിൽ നിന്ന് ലഭിച്ചു. 

diary2

സംസ്കാര ചടങ്ങുകളിൽ ഭര്‍ത്താവും കുടുംബവും പങ്കെടുത്തില്ല. എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ മൃതദേഹം കാണിക്കാനും ഭർതൃവീട്ടുകാർ തയാറായില്ല. മകളെ കാണാതായപ്പോള്‍ ആ വിവരം തങ്ങളെ അറിയിക്കാതെ പൊലീസില്‍ മാത്രം അറിയിച്ചത് എന്തുകൊണ്ടാണെന്നു ഹൈജിനസ് ചോദിക്കുന്നു. ജസ്റ്റിൻ കീഴടങ്ങിയ ശേഷവും ഈ കുടുംബത്തിന്റെ സങ്കടം തീരുന്നില്ല. ആൻലിയയോടും കുടുംബത്തോടും വിരോധമുണ്ടായിരുന്ന ഒരു യുവ വൈദികൻ ജസ്റ്റിന് അനുകൂലമായി മൊഴി നൽകി. മോശമായി പെരുമാറിയതിന് വൈദികനെ ആൻലിയ വിലക്കിയിരുന്നു. ഈ വിവരം അമ്മയെ അറിയിച്ചിരുന്നതാണ്. മരണശേഷവും പക വിട്ടൊഴിയാതെ മകൾക്കെതിരെ വൈദികൻ മൊഴി നൽകിയതാണെന്ന് പിതാവ് പറയുന്നു. 

ഞങ്ങൾ വർഷങ്ങളായി വിദേശത്തായിരുന്നുവെന്നാണ് ജസ്റ്റിൻ ആളുകളോട് പറയുന്നത്. ആൻലിയ അഹങ്കാരിയാണെന്നും തനിഷ്ഠക്കാരിയാണെന്നും അവർ പറഞ്ഞു. ഹോസ്റ്റലിൽ വളർന്നതിന്റെ പ്രശ്നങ്ങളാണെന്ന് ആരോപിച്ചു. 

anliya-marriage

എന്റെ കുഞ്ഞിനെ ഒറ്റവർഷം മാത്രമാണ് ഹോസ്റ്റലിൽ ചേർത്തത്. 2010ലാണ് ഞാൻ വിദേശത്ത് പോകുന്നത്, 2011ൽ അവളുടെ മമ്മിയും ഒപ്പം വന്നു. അതിന് മുമ്പ് വരെ അവളെ കോളജിൽ കൊണ്ടുപോകുന്നതും വിളിച്ചുകൊണ്ടുവരുന്നതുമൊക്കെ ഞാനായിരുന്നു. ഒരു അപ്പനും മകളെ ഇത്രയേറെ സ്നേഹിച്ചിട്ടുണ്ടാകില്ല. എന്റെ മോളും അതുപോലെ ഞങ്ങളെ സ്നേഹിച്ചു. അതുകൊണ്ടാണ് അവൾ ഞങ്ങളെ ഒന്നും അറിയിക്കാതെ എല്ലാം സഹിച്ചത്. അവളുടെ മരണശേഷം ഭാര്യ രോഗിയായി. സന്തോഷം മാത്രമുണ്ടായിരുന്ന വീട്ടിൽ സങ്കടം മാത്രമായി. മകളോ പോയി, ഇനി അവളുടെ കുഞ്ഞിനെയെങ്കിലും ഞങ്ങൾക്ക് വേണം. അതിന് വേണ്ടിയുള്ള നിയമപോരാട്ടത്തിനാണ് വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയത്– ഹൈജിനസ് വേദനയോടെ പറഞ്ഞു.

MORE IN Kuttapathram
SHOW MORE