മോഷ്ടിച്ച ഫോണുമായി കള്ളനും അന്വേഷിച്ച് ഉടമയും ഒരേ സമയം കടയില്‍; നാടകീയം

Phone thief stealing a woman
SHARE

മോഷണം പോയ മൊബൈലിന്റെ ഐഎംഇഐ നമ്പർ തേടി ഉടമയെത്തിയതും മോഷ്ടിച്ച മൊബൈലിന്റെ ലോക്ക് തുറക്കാനായി മോഷ്ടാവെത്തിയതും ഒരേ കടയിൽ, ഒരേ സമയത്ത്. കുടുങ്ങിയെന്നു മനസ്സിലായ മോഷ്ടാവ് തന്ത്രപരമായി മുങ്ങിയെങ്കിലും നാടകീയ സംഭവങ്ങൾക്കൊടുവിൽ പിടിയിലായി. കൊടിഞ്ഞി പാല പാർക്കിലെ ചകിരിമില്ലിലെ തൊഴിലാളിയായ ബിഹാർ സ്വദേശിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച പന്താരങ്ങാടി പതിനാറുങ്ങൽ സ്വദേശിയായ നബീൽ (30) ആണ് മോഷണമുതലുമായി ഉടമയുടെ മുൻപിൽത്തന്നെ പെട്ടത്. 

ചകിരിമില്ലിലെ താമസസ്ഥലത്തു നിന്നു കഴിഞ്ഞ ദിവസമാണ് ബിഹാർ സ്വദേശി ഇസ്രായീലിന്റെ മൊബൈൽ ഫോൺ, വാച്ച്, 4,000 രൂപ എന്നിവ നഷ്ടപ്പെട്ടത്. പൊലീസിൽ പരാതി കൊടുക്കാൻ മൊബൈൽ ഫോണിന്റെ ഐഎംഇഐ നമ്പർ വാങ്ങാനായി മൊബൈൽ വാങ്ങിയ ചെമ്മാട്ടെ ന്യൂ ഗൾഫ് ബസാറിലെ മൊബൈൽ ഷോപ്പിൽ രാവിലെ പതിനൊന്നരയോടെ ഇസ്രായീൽ എത്തി. ഈ സമയം തന്നെയാണ് മൊബൈലിന്റെ ലോക്ക് തുറക്കാൻ പറ്റുമോ എന്നന്വേഷിച്ച് മോഷ്ടാവ് ഇതേ കടയിലെത്തിയത്. 

സ്വന്തം മൊബൈലിന്റെ ലോക്ക് അറിയില്ലേയെന്ന് ഉടമ ചോദിച്ചപ്പോൾ കുട്ടികൾ ലോക്കിട്ടതാണെന്നായിരുന്നു മറുപടി. സംശയം തോന്നിയ ഇസ്രായീൽ മൊബൈൽ വാങ്ങി ലോക്ക് തുറന്നു നോക്കിയപ്പോൾ നഷ്ടപ്പെട്ട ഫോൺ തന്നെയെന്നു മനസ്സിലായി.  കടയുടമ യുവാവിനെ ചോദ്യം ചെയ്തപ്പോൾ, കൊടിഞ്ഞിയിലെ ഉത്സവസ്ഥലത്തെ ചീട്ടുകളിക്കാരിൽനിന്ന്  5,000 രൂപ കൊടുത്തു വാങ്ങിയതാണെന്നും ഈ തുക തന്നാൽ തിരികെത്തരാമെന്നും പറഞ്ഞു. എന്നാൽ  കടയുടമ സമ്മതിച്ചില്ല. ഒടുവിൽ, ഫോൺ തന്നയാളെ കാണിച്ചു തരാമെന്നുപറഞ്ഞ് ഇസ്രായീലിനെ തന്ത്രപരമായി ബൈക്കിൽക്കയറ്റി കൊണ്ടുപോയ ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് തള്ളിയിട്ട് നബീൽ കടന്നുകളയുകയായിരുന്നു.

സംഭവമറിഞ്ഞ് ചികിരിമിൽ ഉടമയും നാട്ടുകാരും കടയിലെത്തി വിവരങ്ങൾ അന്വേഷിക്കുന്നതിനിടെ മോഷ്ടാവിനെ വീണ്ടും പരിസരത്തു കണ്ടു. പിടിക്കാനായി പിന്നാലെ ഓടിയപ്പോൾ നബീൽ ഓടിക്കയറിയതാകട്ടെ പൊലീസ് സ്റ്റേഷനിലേക്കും. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.

MORE IN Kuttapathram
SHOW MORE