മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ്; പ്രതികൾ പിടിയിൽ

marayur-arrest
SHARE

മറയൂരില്‍ മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ്നടത്തി ഒളിവിലായിരുന്ന പ്രതികള്‍ പിടിയില്‍.  മുക്കുപണ്ടം നിര്‍മിച്ചുനല്‍കിയ അടിമാലി സ്വദേശിയും പിടിയിലായി .  പ്രതികളെ  ദേവികുളം കോടതിയില്‍ ഹാജരാക്കും.

മറയൂര്‍ സ്വദേശി ശക്തിവേലു, അടിമാലി സ്വദേശി അശോകന്‍ എന്നിവരാണ് പിടിയിലായത്. ഒക്ടോബര്‍ മാസം ശക്തിവേലുവിന്റെ സഹോദരനായ ഷണ്‍മുഖവേലുവിനെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത് ജാമ്യം അനുവദിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിവന്ന അന്വേഷണത്തിനൊടുവിലാണ്  തമിഴ്‌നാട്ടില്‍ ഒളിവിലായിരുന്ന ശക്തിവേലുവിനെ  മറയൂരില്‍ വെച്ച് അറസ്റ്റ് ചെയ്തത്.

 ശക്തിവേലു പൊള്ളാച്ചി, ഉദുമല എന്നിവിടങ്ങളില്‍ സമാനമായ തട്ടിപ്പ് നടത്തിയിട്ടുള്ളതായി പൊലീസ് പറഞ്ഞു. മുക്കുപണ്ടം നിര്‍മിച്ച് നല്‍കിയതിനാണ് അശോകനെ അറസ്റ്റ് ചെയ്തത്. ശക്തിവേലുവും സഹോദരന്‍ ഷണ്‍മുഖവേലുവും മറയൂരിലെ സ്വകാര്യ പണയസ്ഥാപനത്തില്‍ കഴിഞ്ഞ ഫെബ്രുവരി മുതല്‍ മെയ് മാസം വരെ പല തവണകളിലായി 389 ഗ്രാം മുക്കുപണ്ടം പണയപ്പെടുത്തി എട്ടുലക്ഷത്തി അന്‍പത്തിരണ്ടായിരം രൂപയുടെ തട്ടിപ്പ് നടത്തി.

കോയമ്പത്തൂരില്‍ നിന്നും സ്വര്‍ണബിസ്‌കറ്റ് വാങ്ങി മറയൂരില്‍ സ്വര്‍ണപണി നടത്തിവന്ന അശോകനെ ഏല്‍പിക്കും. അശോകന്‍ മുക്കുപണ്ടആഭരണങ്ങളുടെ ഇരുവശങ്ങളിലും സ്വര്‍ണം പൂശി നല്‍കും. ഇങ്ങനെ സഹോദരങ്ങള്‍ സ്വര്‍ണപണയ സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു.

MORE IN Kuttapathram
SHOW MORE