രണ്ടു ദിവസത്തിനിടെ 5 കൊലകൾ; ചെന്നൈയിൽ വീണ്ടും ഗുണ്ടാവിളയാട്ടം

chennai-violance
SHARE

ചെന്നൈ നഗരത്തില്‍ വീണ്ടും ഗുണ്ടാവിളയാട്ടം. രണ്ട് ദിവസത്തിനിടെ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നടന്ന  ആക്രമണങ്ങളില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. പൊലീസ് നിരീക്ഷണം ശക്തമാക്കി 

ചെന്നൈയില്‍ തുടര്‍ക്കഥയാവുന്ന ഗുണ്ടാ ആക്രമണങ്ങളില്‍ ആശങ്കയേറുകയാണ്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് അക്രമങ്ങള്‍ക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. 

2015 ല്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ ഹാജരായി മടങ്ങുന്നതിനിടെയാണ് ചൂളൈമേട് സ്വദേശി കുമരേശനെ ഒരു സംഘമാളുകള്‍ കഴിഞ്ഞദിവസം വെട്ടിക്കൊന്നത്. അരുമ്പാക്കം വൈഷ്ണവ കോളജിന് സമീപത്തായിരുന്നു സംഭവം. ഒന്നിലേറെ കൊലക്കേസുകളില്‍ പ്രതിയായ ഇയാള്‍ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. പുളിയന്തോപ്പില്‍ മുന്‍ വൈരാഗ്യത്തിന്‍റെ പേരിലാണ് ഗുണ്ടാ നേതാവിനെ ആറംഗ സംഘം ഞായറാഴ്ച രാത്രിയില്‍ വെട്ടിക്കൊന്നത്. ചീട്ടുകളിച്ചുകൊണ്ടിരുന്ന കുമരനെ ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചത്. ഇയാളും ഒന്നിലേറെ കൊലക്കേസുകളില്‍ പ്രതിയാണ്. 

സംഭവുമായി ബന്ധപ്പെട്ട് ഒട്ടേരി സ്വദേശികളായ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുമ്മിഡിപ്പൂണ്ടി റെയില്‍വെ സ്റ്റേഷന്‍ കോളനിയില്‍ കോളജ് വിദ്യാര്‍ഥി ഉള്‍പ്പെടെ മൂന്ന് പേരെ വെട്ടിക്കൊന്നതും കഴിഞ്ഞദിവസമാണ്. കഴിഞ്ഞ വര്‍ഷം നടന്ന ഷാജഹാന്‍ എന്നയാളുടെ കൊലപാതകത്തിലുള്ള പകയാണ് കാരണം. ഷാജഹാന്‍ കൊലക്കേസ് പ്രതികളായ സതീഷ്, വിമല്‍ എന്നിവര്‍ക്കൊപ്പം കോളജ് വിദ്യാര്‍ഥിയായ ആകാശും സംസാരിച്ചിരിക്കുകയായിരുന്നു. 

രാത്രി ഏഴുമണിയോടെയാണ് ഇവര്‍ക്കുനേരെ ആക്രണമുണ്ടായത്. മൂന്നുപേരും കൊല്ലപ്പെട്ടു. കവര്‍ച്ച രൂക്ഷമായതിനെ തുടര്‍ന്ന് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ സിസിടിവി സ്ഥാപിച്ചിരുന്നു. കവര്‍ച്ച സംഭവങ്ങള്‍ കുറഞ്ഞെങ്കിലും ഗുണ്ടാ വിളയാട്ടം കൂടിയതാണ് ആശങ്കയ്ക്കിടയാക്കുന്നത്.

MORE IN Kuttapathram
SHOW MORE