കളിയാക്കി; പ്ലസ് ടു വിദ്യാര്‍ത്ഥി സമീപവാസിക്കു നേരെ നാടൻ ബോംബ് എറിഞ്ഞു

fake-bomb
SHARE

പ്രഭാത സവാരിക്കിടെ കളിയാക്കിയെന്ന് ആരോപിച്ച് പ്ലസ്ടു വിദ്യാർഥി സമീപവാസിക്കു നേരെ നാടൻ ബോംബ് എറിഞ്ഞു. സംഭവത്തിൽ ആർക്കും പരുക്കില്ല. ഇന്നലെ രാവിലെ ഏഴോടെ പാരിപ്പള്ളി മൈലാടുംപാറ ജംക്‌ഷനിലായിരുന്നു സംഭവം. സ്വയം നിർമിച്ച ബോംബാണ് എറിഞ്ഞത്. തിരുവനന്തപുരം തുമ്പ സ്റ്റേഷൻകടവ് ഭാഗത്തുനിന്ന് പാരിപ്പള്ളിയിലെത്തി താമസിക്കുന്ന കുടുംബാംഗമായ വിദ്യാർഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പാരിപ്പള്ളി എസ്ഐ പി.രാജേഷ് പിന്നാലെ ഓടി പിടികൂടുകയായിരുന്നു. 

പിടികൂടുമ്പോൾ വിദ്യാർഥിയുടെ ബാഗിൽ 5 ബോംബുകൾ ഉണ്ടായിരുന്നു. പൊലീസ് പറയുന്നത്: സ്വകാര്യ കറിപൗ‍ഡർ വിതരണ കമ്പനിയുടെ മേഖലാ മാനേജർ ഇടുക്കി ദേവികുളം സ്വദേശി അഫ്സലിനെയാണ് (35) ബോംബ് എറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ചത്. അഫ്സൽ പാൽ വാങ്ങി താമസസ്ഥലത്തേക്കു പോകുമ്പോൾ പിന്തുടർന്നെത്തി ബോംബ് എറിയുകയായിരുന്നു. ആദ്യ ബോംബ് അഫ്സലിനു സമീപം റോഡിൽ വീണ് ഉഗ്രശബ്ദത്തോടെ പൊട്ടി. 

ബാഗ് തുറന്ന് അടുത്ത ബോംബ് എടുത്തെങ്കിലും ആളുകൾ ഓടിക്കൂടിയതിനാൽ എറിയാനായില്ല. രക്ഷപ്പെടാൻ വിദ്യാർഥി ശ്രമിച്ചെങ്കിലും പൊലീസ് ഉടൻ പിടികൂടി. തുമ്പ പൊലീസ് സ്റ്റേഷനിൽ ബോംബേറ്, കത്തിക്കുത്ത്‌ കേസുകളിലെ പ്രതിയാണു വിദ്യാർഥി. നാട്ടുകാരുടെ എതിർപ്പുമൂലം ഏതാനും മാസം മുൻപു കുടുംബം പാരിപ്പള്ളിയിലേക്കു താമസം മാറ്റുകയായിരുന്നു. 

പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.തിരുവനന്തപുരത്തു നിന്ന് വാങ്ങിയ ഗൺ പൗഡർ ഉപയോഗിച്ചു വാടകവീട്ടിലെ ശുചിമുറിയിൽ വച്ചാണ് ബോംബുകൾ നിർമിച്ചത്. ഇവയ്ക്കു കെട്ടിടങ്ങൾ ഉൾപ്പെടെ തകർക്കാൻ ശേഷിയുണ്ടെന്നു പൊലീസ് പറഞ്ഞു.  എഎസ്ഐ സലിം, സീനിയർ സിവിൽ പൊലീസ് ഓഫിസർ മിഥുൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. 

MORE IN Kuttapathram
SHOW MORE