കഞ്ചാവുമായി യുവാവ് അറസ്റ്റിൽ; മാല മോഷണത്തിലും കുപ്രസിദ്ധൻ

ganjavu-arrest
SHARE

ഇരുപത്തഞ്ചിലധികം മാല മോഷണത്തിലും പതിനഞ്ച് തവണ ലഹരി കടത്തിയതിനും പ്രതിയായ യുവാവ് കഞ്ചാവുമായി അറസ്റ്റിൽ. കോഴിക്കോട് പയ്യാനക്കൽ സ്വദേശി അഭിനാസിനാണ് ഒരു കിലോ മുന്നൂറ് ഗ്രാം കഞ്ചാവുമായി കസബ പൊലീസിന്റെ പിടിയിലായത്.  ഓട്ടോ ഉപേക്ഷിച്ച ശേഷം കടന്നു കളയാൻ ശ്രമിച്ച അഭി നാസിനെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.  

ജില്ലയിലെ വിവിധ സ്കൂൾ കോളജ് വിദ്യാർഥികൾക്കാണ് ലഹരി കൈമാറിയിരുന്നത്. തമിഴ്നാട്ടിൽ നിന്ന് ബസ് മാർഗമെത്തിക്കുന്ന കഞ്ചാവ് ചെറു പൊതികളാക്കി വിൽക്കുന്നതിന് പ്രത്യേക സംഘമുണ്ടായിരുന്നു. നേരത്തെ കേസുകളിൽ പ്രതിയായവരെ നിരീക്ഷിക്കാൻ സി.ഐ.മാരോട് സിറ്റി പൊലീസ് കമ്മിഷണർ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കസബ പൊലീസും ആൻറി നാർക്കോട്ടിക്ക് സ്പെഷൽ സ്ക്വാഡും അഭിനാസിനെ പിന്തുടർന്നത്. വർഷങ്ങളായി കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിമരുന്നിന് അടിമയാണ്. ലഹരിമരുന്ന് ഉപയോഗിക്കുന്നതിനാവശ്യമായ പണം കണ്ടെത്തുന്നതിനാണ് അഭി നാസ് കഞ്ചാവ് കച്ചവടത്തിലേക്ക് കടന്നത്. ഇരുപത്തി അഞ്ചോളം മാല മോഷണ കേസുകളിൽ പ്രതിയായ ഇയാൾ പൊലീസിനെ കബളിപ്പിച്ച് കഴിയുകയായിരുന്നു. നേരത്തെയും നിരവധി തവണ ഇയാൾ കഞ്ചാവ് കടത്തിയതായി തെളിഞ്ഞിട്ടുണ്ട്.

ഇയാൾക്ക് കഞ്ചാവ് എത്തിച്ചു നൽകുന്നവരെക്കുറിച്ചും  വാങ്ങിക്കുന്നവരെക്കുറിച്ചുമുള്ള അന്വേഷണം ആരംഭിച്ചതായി കോഴിക്കോട് കസബ സി.ഐ ഹരിപ്രസാദ് അറിയിച്ചു. നഗരത്തിലെ തിയറ്ററിന് സമീപത്തുള്ള റോഡിലൂടെ ഓട്ടോറിക്ഷയിൽ വന്ന ഇയാളെ കസബ എസ്.ഐ സിജിത്തും സംഘവും കൈ കാണിച്ച് വാഹനം നിർത്താൻ ആവശ്യപ്പെട്ടു. വാഹനം നിർത്തി പോലീസിനെ കബളിപ്പിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് പിൻതുടർന്ന് കീഴ്പ്പെടുത്തുകയായിരുന്നു. 

MORE IN Kuttapathram
SHOW MORE