ഇലക്ട്രോണിക്സ് ഉപകരണത്തിനുള്ളിൽ സ്വർണം ഒളിപ്പിച്ചുകടത്തി; രണ്ടുപേർ പിടിയിൽ

nilambur-gold-18
SHARE

മലപ്പുറം നിലമ്പൂരില്‍ രണ്ടര കിലോ സ്വര്‍ണവുമായി രണ്ടു പേര്‍ പൊലീസ് പിടിയിലായി. ദുബായില്‍ നിന്നും ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്കുളളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തിയ സംഘവമാണ് വലയിലായത്. 

മണ്ണാര്‍ക്കാട് നെല്ലിക്കാവട്ടയില്‍ മുജീബ് റഹ്മാന്‍, പട്ടാമ്പി വിളയൂര്‍ മൂളക്കല്‍ വിനീഷ് എന്നിവരാണ് അറസ്റ്റിലായത്. ദുബായില്‍ നിന്ന് വിനീഷ് എത്തിച്ച സ്വര്‍ണം മുജീബിന് കൈമാറുന്നതിനിടയിലാണ് പൊലീസ് പിടിയിലായത്. വിദേശനിര്‍മിത ഹോംതീയേറ്ററിന്റെ വൂഫറിനുളളില്‍ ഒളിപ്പിച്ചാണ് കടത്തിയത്. ഇരുവരേയും കസ്റ്റഡിയിലെടുത്ത ശേഷം ഹോംതീയേറ്റര്‍  പൊളിച്ചാണ് സ്വര്‍ണക്കട്ടി കണ്ടെത്തിയത്. രണ്ടര കിലോ സ്വര്‍ണം ദുബായില്‍ നിന്നു വാങ്ങിയതാണന്ന് സംഘം മൊഴി നല്‍കിയിട്ടുണ്ട്. 80 ലക്ഷം രൂപ വില കണക്കാക്കുന്നു.

വിനീഷാണ് കരിപ്പൂര്‍ വഴി സ്വര്‍ണം കടത്തിയത്. പല രൂപത്തിലാക്കി സ്വര്‍ണം കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ മുജീബ് റഹ്മാന്‍. പ്രതികളെ നിലമ്പൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

MORE IN Kuttapathram
SHOW MORE