പരാതിക്കാർക്ക് ഭീഷണി; ഹീര ഗോൾഡിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചു; നൗഹീരക്ക് തിരിച്ചടി

heera
SHARE

കോഴിക്കോട് നിക്ഷേപത്തട്ടിപ്പ് നടത്തിയ ഹീര ഗോള്‍ഡ് എക്സിമിന്റെ 20 ബാങ്ക് അക്കൗണ്ടുകള്‍ മരപ്പിച്ചു. മനോരമ ന്യൂസ് വാര്‍ത്തക്ക് പിന്നാലെ പൊലീസ് നിര്‍ദേശപ്രകാരമാണ് നടപടി.

കേരളത്തില്‍ നിന്നുളള നിക്ഷേപകരുടെ  പണം സ്വീകരിച്ച ഹീര ഗോള്‍ഡിന്റെ  അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ഇതുവരെ ലഭിച്ച 17 പരാതികളിലുളള  വിവരങ്ങള്‍ പ്രകാരമാണ് വിവിധ ബാങ്കുകളുടെ അക്കൗണ്ടുകള്‍ മരവിക്കാന്‍ തീരുമാനമായത്. ബാങ്ക് അക്കൗണ്ടു വഴി ഹീര ഗോള്‍ഡ് എക്സിമിലേക്ക് പണം അടച്ചതിന്റെ തെളിവ് പരിശോധിച്ച ശേഷമാണ് നടപടി. 

നിലവില്‍ നൂറു കണക്കിന് പേര്‍ സ്ഥാപനത്തിനെതിരെ പരാതി നല്‍കാന്‍ കാത്തിരിക്കുകയാണ്. രണ്ടു കോടിയില്‍ അധികം രൂപയുടെ നിക്ഷേപത്തട്ടിപ്പായതുകൊണ്ട് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുമെന്നാണ് ചെമ്മങ്ങാട് പൊലീസ് സ്റ്റേഷനില്‍ നിന്നുളള വിശദീകരണം. എന്നാല്‍ അഞ്ഞൂറോളം പേരില്‍ നിന്നായി 25 കോടിയോളം രൂപ തട്ടിയതിന് മാത്രമേ ഇതുവരെ തെളിവ് ലഭിച്ചിട്ടുളളു.

കേസിലെ ഒന്നാംപ്രതിയും ഹീര ഗ്രൂപ്പ് മേധാവിയുമായ നൗഹീര ഷെയ്ക്ക് സാമ്പത്തിക തട്ടിപ്പുകേസില്‍ മുംബൈ ജയിലിലാണ്. കേരളത്തില്‍ സാമ്പത്തിക തട്ടിപ്പു കേസില്‍ നൗഹീര ഷെയ്ക്കിന് മുന്‍കൂര്‍ ജാമ്യമുണ്ട്.

കോഴിക്കോട്ടെ ബ്രാഞ്ചിന്റെ ചുമതലക്കാരനായിരുന്ന മാനേജര്‍ മുഹമ്മദ് ഉമര്‍ ബാക്കയ്യ ലൈ ഷെട്ടി അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി. ബാങ്ക് അക്കൗണ്ടുകള്‍ക്ക് പിന്നാലെ ഹീര ഗ്രൂപ്പിന്റെ ഉടമസ്തതയിലുളള മറ്റു സാമ്പത്തിക ഇടപാടുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യമുയര്‍ന്നു.

MORE IN Kuttapathram
SHOW MORE