കെവിന്‍ വധക്കേസ് പ്രതികളുടെ കാർ വിട്ടുനൽകാൻ കോടതി നിർദേശം

kevin-case
SHARE

കെവിന്‍ ദുരഭിമാന കൊലക്കേസില്‍ പ്രതികള്‍ ഉപയോഗിച്ച കാറുകളിലൊന്ന് വിട്ടു നല്‍കാന്‍ കോടതിയുടെ നിര്‍ദേശം. ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്ന വാഹനം നശിക്കാനിടയാകുമെന്ന പ്രതിഭാഗത്തിന്റെ വാദത്തെ തുടർന്നാണു കോടതിയുടെ നടപടി. കേസിന്റെ തുടർ നടപടികൾ സ്വീകരിക്കുന്നതിന് മുന്നോടിയായി കേസില്‍ മുഴുവന്‍ പ്രതികളെയും വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. 

കെവിൻ വധക്കേസിലെ പ്രതികൾ ഉപയോഗിച്ചിരുന്ന ഇന്നോവ കാറാണ് കര്‍ശന നിബന്ധനകളോടെ വിട്ടു നല്‍കാന്‍ കോട്ടയം അഡീഷനല്‍ സെഷന്‍സ് നാലാം കോടതി നിര്‍ദേശിച്ചത്. കേസിലെ നാലാം പ്രതി റിയാസിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഇന്നോവ കാര്‍. കെവിനെയും ബന്ധു അനീഷിനെയും തട്ടികൊണ്ടുപാകാന്‍ ഒന്നാം പ്രതി സാനു ചാക്കോയുടെ നേതൃത്വത്തിലുള്ള അക്രമി സംഘം മൂന്ന് കാറുകളിലാണ് എത്തിയത്. മാന്നാനത്തെ വീട്ടില്‍ നിന്ന് അനീഷിനെ തട്ടിക്കൊണ്ടുപോയത് കോടതി വിട്ടു നല്‍കിയ ഇന്നോവ കാറിലാണ്. 

അന്വേഷണം പുരോഗമിക്കുന്നതിനിടെ അക്രമി സംഘം ഉപയോഗിച്ച മൂന്ന് കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഒന്നാം പ്രതി സാനു ചാക്കോ ഉപയോഗിച്ച കാറും കെവിനെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച ഐ20യുമാണ് മറ്റ് രണ്ട് വാഹനങ്ങള്‍.  പ്രതികൾ പിടിയിലായതു മുതൽ മുന്ന് വാഹനങ്ങളും ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ പരിസരത്തു സൂക്ഷിച്ചിരിക്കുകയായിരുന്നു. ഉപയോഗിക്കാതെ വെയിലും മഴയുമേറ്റ് കിടക്കുന്ന വാഹനം നശിക്കാനിടയാകുമെന്ന് പ്രതിഭാഗത്തിന്‍റെ വാദം കോടതി അംഗീകരിച്ചു. 

വിൽക്കരുത്, രൂപഭേദം വരുത്തരുത്, പെയിന്റ് മാറരുത്, മറ്റാർക്കും കൈമാറാൻ പാടില്ല തുടങ്ങിയ നിബന്ധനകളോടെയാണു കോടതി റിയാസിന്‍റെ കാര്‍ വിട്ടു നല്‍കിയത്. വ്യാഴാഴ്ച കേസിലെ പതിനാല് പ്രതികളെയും കോടതിയില്‍ ഹാജരാക്കും. കേസ് ദുരഭിമാനക്കൊലയായി പരിഗണിക്കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി നേരത്തെ അംഗീകരിച്ചിരുന്നു. പ്രാഥമിക വാദം തുടങ്ങുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. 

MORE IN Kuttapathram
SHOW MORE