യുവതിയുടെ മരണമൊഴി തുണച്ചു; ‘ഇരട്ട’ക്കൊലയാളി ഇനി മരണംവരെ ജയിലില്‍

double-murder-1
SHARE

തൃശൂര്‍ പാവറട്ടിയില്‍ അമ്മയേയും മകളേയും പെട്രോള്‍ ഒഴിച്ചു തീവച്ചു കൊന്ന ഇതരസംസ്ഥാന തൊഴിലാളിക്ക് ജീവപര്യന്തം തടവും ഒന്നരലക്ഷം രൂപ പിഴയും. മകളെ വിവാഹം കഴിച്ചു നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ തീവച്ചു കൊന്ന കേസിലാണ് ബംഗാളുകാരനെ കോടതി ശിക്ഷിച്ചത്. 

നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകമായിരുന്നു അത്. തൃശൂര്‍ െവങ്കിടങ്ങില്‍ മൂന്നര വര്‍ഷം മുമ്പ് വീട്ടില്‍ തനിച്ചു താമസിച്ചിരുന്ന അമ്മയും മകളും കൊല്ലപ്പെട്ടു. കുഞ്ഞിപ്പാത്തു(55), മകള്‍ സീന(17) എന്നിവരാണ് കൊല്ലപ്പെട്ടത്. വീടിനകത്ത് കിടന്ന് ഉറങ്ങുമ്പോള്‍ മേല്‍ക്കൂരയിലെ ഓടിന്റെ വിടവിലൂടെ പെട്രോള്‍ ഒഴുകി. പിന്നാലെ തീയും. കൊലച്ചതി ചെയ്തതാകട്ടെ അയല്‍പക്കത്ത് വീടുപണിക്കു വന്ന ബംഗാളി. വെസ്റ്റ്ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി റോബി എന്ന സോജിബുള്‍ അലിമണ്ഡല്‍(26). 

കൊലയുടെ കാരണം

അമ്മയും മകളും തനിച്ചു താമസിക്കുന്ന വീട്ടില്‍ നിന്നായിരുന്നു ബംഗാളിക്ക് കുടിവെള്ളം. വീല്‍ചെയറിലായിരുന്ന കുഞ്ഞിപ്പാത്തുവുമായി സൗഹൃദത്തിലായി. പതിനേഴുകാരിയായ മകള്‍ സീനയെ വിവാഹം കഴിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചു. വിദേശത്തുള്ള മൂന്നു സഹോദരങ്ങളും ഇതു വിലക്കി. പക്ഷേ, ശല്യം തുടര്‍ന്നു. വീട്ടിലേക്ക് വരരുതെന്ന് അമ്മയും മകളും ആവര്‍ത്തിച്ചു പറഞ്ഞതോടെ ദേഷ്യമായി. വിവാഹത്തിനു തയാറാകത്തതിന്റെ പക വളര്‍ന്നു. 

ഷോക്കടിപ്പിക്കാന്‍ നോക്കി

പണിയുന്ന വീടിന്റെ താല്‍ക്കാലിക വൈദ്യുതി കണക്ഷനില്‍ നിന്ന് വയറിട്ട് അമ്മയേയും മകളുടേയും വീടിനകത്തേയ്ക്കിട്ടു. വയര്‍ കൂട്ടിയുരസി വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കപ്പെട്ടു. ഇതു മനസിലായതോടെ വീട്ടുകാര്‍ ജാഗ്രത പാലിച്ചിരുന്നു. കരാറുകാരന്‍ ബംഗാളിയോട് ജോലിക്ക് വരരുതെന്നും പറഞ്ഞു. ഇതോടെ ദേഷ്യം വര്‍ധിച്ചു.

sajan-sunil-2
അന്വേഷണ സംഘാംഗം സാജനും പബ്ലിക് പ്രോസിക്ര്യൂട്ടര്‍ പി.സുനിലും

ഓടിളക്കി, പെട്രോള്‍ ഒഴിച്ചു

ഓടിട്ട വീട്ടിലായിരുന്നു അമ്മയും മകളും താമസിച്ചിരുന്നത്. ഓട് നീക്ക ആ വിടവിലൂടെ പെട്രോള്‍ ഒഴിച്ചു. പിന്നെ, തീ കൊളുത്തി. അമ്മ പിടഞ്ഞുമരിച്ചു. മകളാകട്ടെ 95 ശതമാനം പൊള്ളലോടെ ആശുപത്രിയിലുമായി. ഇരുവരുടേയും നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തുമ്പോള്‍ വീടിന് തീപിടിച്ചിരുന്നു. ഫയര്‍ഫോഴ്സ് എത്തി തീയണച്ച് വീടിനകത്തു കയറുമ്പോള്‍ അമ്മ മരിച്ചിരുന്നു. ഓര്‍മയുണ്ടായിരുന്ന മകള്‍ ഉച്ചത്തില്‍ പറഞ്ഞു. ‘ഇതവനാണ് ചെയ്തത്. ബംഗാളിയായ റോബി..’ 

രണ്ടു മണിക്കൂറിനകം പിടിയില്‍

കൊലപാതകത്തിനു ശേഷം നാട്ടിലേക്ക് മുങ്ങാനായിരുന്നു പദ്ധതി. പക്ഷേ, പാവറട്ടി എസ്.ഐ: എം.കെ.രമേഷും സംഘവും കയ്യോടെ പൊക്കി. കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോള്‍ കൊലപാതകത്തിന്റെ ആസൂത്രണവും നടപ്പാക്കലും വ്യക്തമായി.

പെട്രോള്‍ നേരത്തെ വാങ്ങി

പമ്പില്‍ നിന്ന് പെട്രോള്‍ നേരത്തെ വാങ്ങി. ചെറിയ കന്നാസിന്റെ മൂടി മുറിച്ച് കളഞ്ഞ് പെട്രോള്‍ അതില്‍ നിറച്ചു. മുകളില്‍ നിന്ന് താഴേയ്ക്ക് ഒഴിക്കാനുള്ള എളുപ്പത്തിനായിരുന്നു ഇത്. ഉടനെ തീ കൊളുത്തി. ആളിക്കത്തിയതോടെ വീട്ടുവളപ്പില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. ഓടിപ്പോകുന്നത് നാട്ടിലെ സി.പി.എം. നേതാവായ മനോഹരന്‍ കണ്ടിരുന്നു. പാര്‍ട്ടി ബോര്‍ഡുകള്‍ വഴിയരികില്‍ സ്ഥാപിച്ചു മടങ്ങുമ്പോഴായിരുന്നു പ്രതിയുടെ രക്ഷപ്പെടല്‍ കണ്ടത്. 

മരണമൊഴി കൊലയാളിയെ കുടുക്കി

ഗുരുതരമായി പൊള്ളലേറ്റ സീനയുടെ മൊഴി സി.ഐ:കെ.കെ.സജീവന്‍ രേഖപ്പെടുത്തിയിരുന്നു. പിന്നാലെ, മജിസ്ട്രേറ്റും മൊഴിയെടുത്തു. ഈ മൊഴികളിലെല്ലാം പ്രതിയുടെ പേര് കൃത്യമായി സീന പറഞ്ഞു. പ്രോസിക്യൂഷന്‍ കേസ് വിചാരണയ്ക്കെടുത്തപ്പോള്‍ ഈ മൊഴിയായിരുന്നു ഏറ്റവും ബലം പകര്‍ന്നത്. പെട്രോള്‍ പമ്പിലെ ജീവനക്കാരന്‍, പ്രതി ഓടിപ്പോകുന്നത് കണ്ട നേതാവ് തുടങ്ങി 36 സാക്ഷിമൊഴികളും കുറ്റം തെളിയിക്കാന്‍ സഹായിച്ചു. 

ജഡ്ജി ചോദിച്ചു, മലയാളത്തില്‍

കൊലയാളിയായ റോബി വെസ്റ്റ് ബംഗാള്‍ സ്വദേശിയാണല്ലോ?. ഒരിക്കല്‍ തൃശൂര്‍ വിചാരണ കോടതിയിലെ ജഡ്ജി പ്രതിയെ ചേംബറിലേക്ക് വിളിച്ചു. ജയിലില്‍ എങ്ങനെ അവസ്ഥ, ഭക്ഷണം കിട്ടുന്നുണ്ടോ തുടങ്ങി നിരവധി ചോദ്യങ്ങള്‍ ചോദിച്ചു. പ്രതി ഇതിനെല്ലാം പച്ചമലയാളത്തില്‍ ഉത്തരം പറഞ്ഞു. വിചാരണയ്ക്കിടെ പ്രതിയോട് ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ പ്രോസിക്യൂട്ടര്‍മാര്‍ വെട്ടിലാകുന്ന ഒരു കാര്യമുണ്ട്. ഇതരഭാഷ. ഇവിടെ, മലയാളത്തില്‍തന്നെയാണ് ചോദ്യങ്ങള്‍ ചോദിച്ചത്. കാരണം, പ്രതിക്ക് മലയാളം അറിയാമോയെന്ന് ജഡ്ജി നേരത്തെ ചോദിച്ചു മനസിലാക്കിയിരുന്നു. പി.സുനിലായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍. കേസിന്റെ ഗൗരവം കണക്കിലെടുത്ത് സിവില്‍ പൊലീസ് ഓഫിസര്‍ സാജനെ വിചാരണ തീരും വരെ പ്രോസിക്യൂട്ടര്‍ക്കൊപ്പം പ്രത്യേകം ചുമതല നല്‍കിയിരുന്നു.‌ പൊലീസ് ഉദ്യോഗസ്ഥനായ സുദര്‍ശനാണ് േകസന്വേഷിച്ചത്. 

MORE IN Kuttapathram
SHOW MORE