മോഷണക്കുറ്റം ആരോപിച്ച് പതിനൊന്നുകാരിക്ക് ക്രൂരമർദ്ദനം; കേസ് ക്രൈംബ്രാഞ്ചിന്

kumali-girl
SHARE

ഇടുക്കി കുമളിയിൽ അഞ്ഞൂറ് രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് പതിനൊന്നു വയസുകാരിയെ നൃത്താധ്യാപിക മർദിച്ച  കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.  അന്വേഷണം കാര്യക്ഷമമല്ലെന്ന മാതാപിതാക്കളുടെ നിരന്തര പരാതിയെതുടര്‍ന്നാണ്   കേസ് ലോക്കല്‍ പൊലീസില്‍ നിന്ന് മാറ്റിയത്. 

കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം. കുമളിക്ക് സമീപം ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് അധ്യാപികയുടെ ക്രൂര മര്‍ദനത്തിന് ഇരയായത്. കുട്ടിയുടെ വായിൽ തുണി തിരുകി കെട്ടിയിട്ട് മർദിച്ചെന്നായിരുന്നു  പരാതി. എന്നാല്‍  കേസ് റജിസ്റ്റര്‍ ചെയ്ത ലോക്കല്‍ പൊലീസ് കേസ് അന്വേഷണം അട്ടിമറിച്ചെന്നായിരുന്നു പരാതി. ഇതിനിടെ അധ്യാപികയ്ക്ക് കോടതിയില്‍ നിന്ന് മുന്‍കൂര്‍  ജാമ്യം നേടാന്‍ പൊലീസ് അവസരമൊരുക്കിയെന്നും ബന്ധുക്കള്‍ ആരോപിച്ചു. അന്വേഷണം ലോക്കല്‍ പൊലീസില്‍ നിന്ന് മാറ്റണമെന്ന ആവശ്യത്തെ തുടര്‍ന്നാണ്  കേസ് ക്രൈംബ്രാഞ്ചിന് വിട്ട് ഉത്തരവായത്.

അഞ്ച് വയസ്സ് മുതൽ  നൃത്ത വിദ്യാലയത്തിൽ പഠിക്കുന്ന വിദ്യാര്‍ഥിനിയാണ് മര്‍ദനത്തിന് ഇരയായത്. വീട്ടിലെ     ബുദ്ധിമുട്ടുകൾ മനസ്സിലാക്കി കഴിഞ്ഞ 7 മാസമായി അധ്യാപിക വിദ്യാർഥിനിയെ സ്വന്തം വീട്ടിൽ താമസിപ്പിച്ചു പഠിപ്പിച്ച് വരികയായിരുന്നു.  ഇതിനിടെ കുട്ടി മോഷണം നടത്തിയെന്ന് ആരോപിച്ച് അധ്യാപിക കുട്ടിയെ മര്‍ദനത്തിന് ഇരയാക്കുകയായിരുന്നു. മോഷണം വിവരം വീട്ടുകാരെ അറിയിച്ചില്ല.

കുട്ടിയെ കെട്ടിയിട്ട് സ്കൂൾ ബാഗ് പോലും അഴിക്കാതെ മർദിച്ചത് കണ്ടുവെന്നും കുട്ടിയുടെ മുത്തശ്ശിയും പൊലീസിന് മൊഴി നല്‍കിയിരുന്നു. കാലിലും, പുറത്തും മർദനമേറ്റ പാടുകളുണ്ടായിരുന്നു. ചൈൽഡ് ലൈൻ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

MORE IN Kuttapathram
SHOW MORE