കാമുകിക്കൊപ്പം ജീവിക്കാന്‍ സ്വന്തം കൊലപാതകം ‘ആവിഷ്കരിച്ച’ യുവാവ്; ഞെട്ടല്‍, അറസ്റ്റ്‌

bike-ride
SHARE

കോഴിക്കോട് പാലാഴിയിലെ ഡിസൈനറായ മുപ്പത്തി നാലുകാരന് ജോലിക്കൊപ്പം യാത്രയായിരുന്നു കമ്പം. രാപകലെന്ന നോട്ടമില്ലാെത തോന്നിയാലുടന്‍ ബൈക്കുമെടുത്ത് യാത്ര തുടങ്ങും. ദിവസങ്ങള്‍ കഴിഞ്ഞ് തിരികെയെത്തുന്നതാണ് പതിവ്. എന്നാല്‍ കഴിഞ്ഞ നവംബര്‍ ഇരുപത്തിനാലിന് യുവാവ് കേരളം വിട്ടത് പതിവ് രീതിയിലുള്ള യാത്രക്കായിരുന്നില്ല. മൂന്ന് മാസം മുന്‍പ് തയാറാക്കിയ തിരക്കഥയ്ക്കനുസരിച്ചുള്ള വേഗത തേടിയായിരുന്നു. പ്രണയത്തിലായിരുന്ന തൊണ്ടയാട് സ്വദേശിനിയുമായിച്ചേര്‍ന്നായിരുന്നു ആസൂത്രണം. ഒരുമിച്ച് മുങ്ങിയെന്ന് കരുതാതിരിക്കാന്‍ യുവതി നാട്ടില്‍ നിന്ന് ജോലി സ്ഥലമായ മുംബൈയിലേക്ക് മടങ്ങിയത് നവംബര്‍ 27 നെന്ന് പൊലീസ് പറയുന്നു.

അപകടമെന്ന് തോന്നണം; അതല്ലെങ്കില്‍ കവര്‍ച്ച 

കാണാതായി ഒരാഴ്ചക്കയ്ക്കകം കര്‍ണാടകയിലെ തുംഗ നദിക്കരയില്‍ യുവാവിന്റെ ബൈക്ക് കണ്ടെത്തി. വാഹനം നിയന്ത്രണം തെറ്റി തെറിച്ച് നദിയിലേക്ക് വീണാതാകാമെന്നാണ് പൊലീസുള്‍പ്പെടെ കരുതിയിരുന്നത്. തിരച്ചിലുള്‍പ്പെടെ തുടങ്ങാനും തീരുമാനിച്ചു. കിലോമീറ്ററുകള്‍ മാറി ഇയാളുടെ ബാഗും വാച്ചും ഉപേക്ഷിച്ചത് കവര്‍ച്ചയ്ക്കിടെയുണ്ടായ കാര്യങ്ങളെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു. ഒരുമാസത്തോളം ഈ പദ്ധതി പൊലീസിനെ വല്ലാതെ പ്രതിസന്ധിയിലാക്കി. പഴയ മൊബൈല്‍ ഫോണും നമ്പരുമെല്ലാം ഉപേക്ഷിച്ച് പുതിയ വ്യാജ നമ്പരിലേക്ക് മാറിയതും കൃത്യമായ ആസൂത്രണത്തോടെയായിരുന്നു. യുവാവ് താമസിച്ചതും ജോലിക്ക് ശ്രമിച്ചതുമെല്ലാം യുവതിയുടെ സഹായത്തോടെയായിരുന്നു. ദുരൂഹസാഹചര്യത്തില്‍ കാണാതായതിനെക്കുറിച്ച് ബന്ധുക്കള്‍ അന്വേഷിച്ച് തളരുമ്പോള്‍ കൂടുതല്‍ ധൈര്യത്തോടെ ആരുടെയും കണ്ണില്‍പ്പെടാതെ മുംബൈയില്‍ ജീവിക്കാമെന്നതായിരുന്നു ഇരുവരുടെയും ലക്ഷ്യം. 

സമാന്തരമായ അന്വേഷണം ഫലം കണ്ടു

പാലാഴിയില്‍ നിന്ന് യുവാവിനെയും മൂന്ന് ദിവസം കഴിഞ്ഞ് തൊണ്ടയാട് നിന്ന് യുവതിയെയും കാണാതായതില്‍ ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെന്ന് ആദ്യം കണ്ടെത്താനായില്ല. ഇരുവരും സൗഹൃദത്തിലാണെന്നതിന് ഒരു വിവ‌രവും ബോധപൂര്‍വം സൂക്ഷിച്ചിരുന്നില്ലെന്നാണ് യാഥാര്‍ഥ്യം. യുവാവ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ മേധാവിയെ പലതവണ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തിയിരുന്നു. തിരോധാനത്തിന്റെ വിവിധ കാരണങ്ങള്‍ തിരക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് യുവാക്കള്‍ സമാന്തരമായി നടത്തിയ അന്വേഷണത്തിലാണ് പ്രാഥമിക വിവരങ്ങള്‍ കിട്ടിയതും യാഥാര്‍ഥ്യത്തിന്റെ ചുരുളഴിഞ്ഞതും. നേരത്തെ കരുതിയിരുന്ന പണം കൊണ്ട് യുവാവ് മറ്റൊരു വാഹനം വാങ്ങി. മുംബൈയില്‍ പെണ്‍സുഹൃത്തിന്റെ താമസസ്ഥലത്ത് താമസം തുടങ്ങി. പതിയെ ജോലി സമ്പാദിക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. 

തിരോധാനം ഇങ്ങനെ

നവംബര്‍ ഇരുപത്തി നാലിന് രാവിലെ യുവാവ് റൈഡിന് കര്‍ണാടകയിലേക്ക് എന്ന് പറഞ്ഞ് കോഴിക്കോട് പാലാഴിയില്‍ നിന്ന് പുറപ്പെട്ടു. പിന്നാലെ ഫോണ്‍ നിശ്ചലമായി. മൂന്ന് ദിവസം കഴിഞ്ഞിട്ടും യാതൊരു വിവരവുമില്ലാത്ത സാഹചര്യത്തില്‍ ഭാര്യ നല്ലളം പൊലിസില്‍ പരാതി നല്‍കി. പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയെങ്കിലും കണ്ടെത്താനായില്ല. യുവാവിനെ കാണാതായി മൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് തൊണ്ടയാട് ഭാഗത്ത് നിന്ന് മുംബൈയില്‍ ജോലിയുണ്ടെന്ന് പറഞ്ഞ് നാടുവിട്ട യുവതിയെ കാണാനില്ലെന്ന് അറിയിച്ച് ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കിയത്. 

മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയി. ചാരസംഘടനയില്‍ അംഗമാക്കി. നദിയില്‍ ഒഴുകിപ്പോയി. തുടങ്ങി യുവാവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളിലൂടെയുണ്ടായ പ്രചരണം നിരവധിയാണ്. പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന വിമര്‍ശനവുമുണ്ടായി. ഇതിനെല്ലാം പരിഹാരമെന്ന നിലയിലാണ് ഒരുമാസത്തിന് ശേഷം സിനിമാക്കഥയെ വെല്ലുന്ന തിരോധാനത്തിന് ക്ലൈമാക്സായത്.

MORE IN Kuttapathram
SHOW MORE