ലുലുവിൽ നിന്നും നാലരക്കോടിയുടെ തട്ടിപ്പ്; മാനേജര്‍ തിരുവനന്തപുരത്ത് അറസ്റ്റിൽ

lulu-fraud
SHARE

ലുലു ഗ്രൂപ്പിന്റെ റിയാദിലെ വ്യാപാര സ്ഥാപനത്തില്‍ നിന്ന് നാലരക്കോടി രൂപ തട്ടിപ്പ് നടത്തി മുങ്ങിയ മാനേജര്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍. മാസങ്ങളായി ഒളിവിലായിരുന്ന കഴക്കൂട്ടം സ്വദേശിയെയാണ് ഷാഡോ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. സാധനങ്ങള്‍ മറിച്ചുവിറ്റായിരുന്നു കോടികളുടെ വെട്ടിപ്പ് നടത്തിയത്.

കഴക്കൂട്ടം ശാന്തിനഗര്‍ സാഫല്യം വീട്ടില്‍ ഷിജു ജോസഫാണ് തുമ്പ പൊലീസും തിരുവനന്തപുരം സിറ്റിയിലെ ഷാഡോ പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിനൊടുവില്‍ പിടിയിലായത്. ലുലു ഗ്രൂപ്പിന്റെ റിയാദിലുള്ള ലുലു അവന്യൂ എന്ന സ്ഥാപനത്തില്‍ മാനേജരായിരുന്നു ഷിജു ജോസഫ്. ജോലിക്കിടയില്‍ ജോര്‍ദ്ധാന്‍ സ്വദേശി മുഹമ്മദ് ഹക്കീമുമായി ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. 

മുഹമ്മദ് ഹക്കീമിന്റെ കമ്പനി വഴിയായിരുന്നു ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് സാധനങ്ങള്‍ വാങ്ങിയിരുന്നത്. ഇങ്ങിനെ വാങ്ങിയിരുന്ന സാധനങ്ങള്‍ ലുലുവിലെത്തിക്കാതെ മറ്റ് പലയിടത്തേക്കും മറിച്ചുവിറ്റായിരുന്നു പ്രധാന തട്ടിപ്പ്. സാധനം വാങ്ങാതെ തന്നെ വ്യാജബില്ലുണ്ടാക്കിയും പണം തട്ടിയെടുത്തു.  തട്ടിപ്പ് കണ്ടെത്തിയതോടെ ലുലു അധികൃതര്‍ ഇരുവര്‍ക്കുമെതിരെ റിയാദില്‍ പരാതി നല്‍കി. 

ഈ സമയം ഷിജു നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതോടെ തുമ്പ പൊലീസിലും പരാതി നല്‍കി. തുടര്‍ന്ന് സിറ്റി ഷാഡോ പൊലീസ് സൈബര്‍ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഒളിയിടം കണ്ടെത്തിയത്. തുമ്പ എസ്.ഐ ഹേമന്ത് കുമാര്‍, ഷാഡോ എസ്.ഐ സുനില്‍ ലാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

MORE IN Kuttapathram
SHOW MORE