ആരാണ് രവി പൂജാരി ? കൊച്ചി വെടിവയ്പിലെ പങ്കെന്ത് ?

ravi-poojari
SHARE

ആരാണ് രവി പൂജാരി ?  കര്‍ണാടകയില്‍  ജനിച്ച രവി  മുംബൈയിലെ അധോലോക നേതാവ് ഛോട്ടാ രാജന്റ സന്തതസഹചാരിയായിരുന്നു. സിനിമാ താരം ലീന മരിയയുെട കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറിലുണ്ടായ വെടിവയ്പ്പിലൂടെ കുപ്രസിദ്ധ അധോലോക നായകന്‍ രവി പൂജാരി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. 

പണം ആവശ്യപ്പെട്ട് ഇയാള്‍ ലീന മരിയയ്ക്ക് ഭീഷണി സന്ദേശങ്ങള്‍ അയച്ചിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍. കര്‍ണാടകയിലെ ഉടുപ്പിയാണ് രവി പൂജാരിയുെട ജനനസ്ഥലം. ചെറുപ്പത്തില്‍ തന്നെ പഠനം ഉപേക്ഷിച്ച രവി ജോലി തേടി മുംബൈയിലെത്തി. അധോലോക രാജാക്കന്‍മാരുടെ വിളനിലമായിരുന്ന മുംബൈയിലെ അന്ധേരിയാണ് രവി പൂജാരിയിലെ കൊടും കുറ്റവാളിക്ക് ജന്‍മം നല്‍കിയത്.  തൊണ്ണൂറുകളുടെ തുടക്കത്തിലെ ഏഴ് വര്‍ഷക്കാലം രവി പൂജാരിയെ ലോകം അറിഞ്ഞില്ല. അന്ധേരി തെരുവിലെ  നൂറുകണക്കിന് കുറ്റവാളികളില്‍ ഒരാള്‍ മാത്രമായിരുന്നു അയാള്‍. തുടര്‍ന്ന് തന്റെ ശത്രുവായിരുന്ന ബാല സാള്‍ത്തേയെന്ന ക്രിമിനലിനെ കൊലപ്പെടുത്തിയതോടെയാണ് രവി കുപ്രസിദ്ധനായത്.

ആ കൊലപാതകം മുംബൈയിലെ ക്രിമിനലുകളുടെ കൂട്ടത്തില്‍ രവിക്ക് ഒരു നേതാവിന്റെ പരിവേഷം നല്‍കി. അതൊരു തുടക്കമായിരുന്നു. മുംബൈ അധോലാക തലവന്‍  ഛോട്ടാ രാജന്റെ സംഘത്തിലേക്കുള്ള ക്ഷണം, രാജന് സമാനമായ കുറ്റവാളി എന്ന നിലയിലേക്കുള്ള രവിയുെട പരിണാമത്തിന് വേഗത കൂട്ടി. അധികം താമസിയാതെ ഛോട്ടാ രാജന്റെ വലംകൈയായി രവി. തൊണ്ണൂറുകളുടെ മധ്യത്തില്‍‍ ദുബായിലേക്ക് കടന്ന രവി പൂജാരി അവിടെ ആദ്യം കൈവച്ചത് റിയല്‍ എസ്റ്റേറ്റ് മേഖലയിലായിരുന്നു. ഭീഷണിയും, ഗുണ്ടാപിരിവുമായി രവി കളം പിടിച്ചു. രാഷ്ട്രീയത്തിലും, സിനിമാ മേഖലയിലും ഇയാള്‍ക്ക് വേരോട്ടം ഉണ്ടായിരുന്നു. 

നിരവധി രാഷ്ട്രീയക്കാരെയും, സിനിമാ താരങ്ങളെയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. ഇതിനിടയില്‍ രണ്ടായിരത്തില്‍ ദാവൂദ് ഇബ്രാഹിം ഛോട്ടാ രാജനെ വധിക്കാന്‍ ശ്രമിച്ചതോടെ രവി പൂജാരി അധോലോകവുമായി അകലം പാലിച്ചു. നിലവില്‍ ഓസ്ട്രേലിയിലാണ് ഇയാളുടെ താമസമെന്നാണ് വിവരം. ഏങ്കിലും പഴയ രീതിയിലുള്ള ഭീഷണിപ്പെടുത്തലും പണം തട്ടലും ഇയാള്‍ ഇപ്പോഴും തുടരുന്നുണ്ടെന്നാണ് ഒടുവില്‍ കൊച്ചിയിലുണ്ടായ സംഭവം സൂചിപ്പിക്കുന്നത്.

MORE IN Kuttapathram
SHOW MORE