കള്ളന്‍മാരുടെ ‘ഇഷ്ട ജ്വല്ലറി’ തൃശൂരില്‍; ഒരേ ജ്വല്ലറിയില്‍ നാലാം കവര്‍ച്ച; തട്ടിയത് 12 കിലോ സ്വർണം

jewellery-robbery-1
SHARE

തൃശൂര്‍ ഒല്ലൂര്‍ ജംക്ഷനിലാണ് ആത്മിക ജ്വല്ലറി. ഒല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ വിളിപ്പാടകലെ. 2001ലാണ് ജ്വല്ലറി ആദ്യമായി തുടങ്ങിയത്. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ആദ്യത്തെ കവര്‍ച്ച. മൂന്നു കിലോ സ്വര്‍ണം കവര്‍ന്നു. തമിഴ്നാട്ടിലെ തിരുട്ടു ഗ്രാമത്തില്‍ നിന്നുള്ള ആളുകളായിരുന്നു അന്നത്തെ കവര്‍ച്ചയ്ക്കു പിന്നില്‍. പിന്നെ, മലയാളികളുടെ ഊഴമായിരുന്നു. ജ്വല്ലറിയില്‍ നിന്ന് ആഭരണവുമായി പോയ കാര്‍ ആക്രമിച്ച് കവര്‍ച്ച. അടുത്ത ഊഴം ജാര്‍ഖണ്ഡുകാര്‍ക്കായിരുന്നു. 2017 സെപ്തംബറില്‍. നാലേമുക്കാല്‍ കിലോ സ്വര്‍ണം കവര്‍ന്നു. അങ്ങനെ, ഏകദേശം പന്ത്രണ്ടു കിലോ സ്വര്‍ണം പതിനെട്ടു വര്‍ഷത്തിനിടെ കൊണ്ടുപോയി. അവസാനത്തെ കവര്‍ച്ച നടന്നത് ഇന്നലെ രാത്രിയായിരുന്നു. അഞ്ചു കിലോ വെള്ളി നഷ്ടപ്പെട്ടു. 

ഉടമ ‘തെന്നാലി രാമനായി’

ആത്മിക ജ്വല്ലറിയുടെ ഉടമ കള്ളന്‍മാരെക്കൊണ്ട് പൊറുതിമുട്ടി. രാത്രികാലങ്ങളില്‍ സ്വര്‍ണം സ്ട്രോങ്റൂമില്‍വച്ചു പോയാല്‍ നഷ്ടപ്പെടും. സ്വര്‍ണം ജ്വല്ലറിയില്‍ സൂക്ഷിക്കാതെ രഹസ്യകേന്ദ്രത്തിലാണ് സൂക്ഷിക്കുന്നത്. ആത്മിക ജ്വല്ലറിയില്‍ എപ്പോള്‍ കയറിയാലും സ്വര്‍ണം കിട്ടുമെന്ന് മോഹിച്ച് എത്തിയ കള്ളന്‍മാര്‍ ഇക്കുറി നിരാശപ്പെട്ടു. രണ്ടു ലക്ഷം രൂപയുടെ വെള്ളി ആഭരണങ്ങളുമായി കള്ളന്‍മാര്‍ക്കു മടങ്ങേണ്ടിവന്നു. വെള്ളി ആഭരണങ്ങള്‍ പോയെങ്കിലും സ്വര്‍ണം പോയില്ലല്ലോയെന്ന് ഉടമയ്ക്ക് ആശ്വസിക്കാം.

ഇഷ്ട ഇടമായി മാറാന്‍ കാരണം?

ആത്മിക ജ്വല്ലറിയെ ഇങ്ങനെ കള്ളന്‍മാര്‍ ഇഷ്ടപ്പെടാന്‍ എന്താണ് കാരണം?... കാരണമുണ്ട്. ജ്വല്ലറിയുടെ പുറകുവശം ഓട്ടുകമ്പനിയാണ്. പ്രവര്‍ത്തിക്കുന്നില്ല. പലവഴിക്കു ഈ ഓട്ടുകമ്പനിയില്‍ എത്താം. പൊന്തക്കാടും. രാത്രികാലങ്ങളില്‍ പുറമെ നിന്നുള്ളവര്‍ക്കു നോട്ടം കിട്ടില്ല. ഭിത്തി തുരക്കുന്നതിനാല്‍ ഇത്തവണ ഭിത്തിയുടെ കനം കൂട്ടി കോണ്‍ക്രീറ്റ് ചെയ്തിരുന്നു. പക്ഷേ, കള്ളന്‍മാര്‍ അതെല്ലാം നിഷ്പ്രയാസം തുരന്നു. 

അക്ഷരാഭ്യാസമില്ലാത്ത കള്ളന്‍മാര്‍

ആത്മികയും അന്നയും അടുത്തടുത്ത ജ്വല്ലറികളാണ്. ആത്മികയാണെന്ന് കരുതി അന്ന ജ്വല്ലറിയും കള്ളന്‍മാര്‍ തുരന്നു. ഈ ജ്വല്ലറി അടച്ചുപൂട്ടിയിട്ട് നാളേറെയായി. ഇവിടെ നിന്ന് ഒന്നും കിട്ടിയില്ല. ആത്മികയെന്നോ അന്നയെന്നോ ബോര്‍ഡ് വായിക്കാന്‍ അറിയാത്ത കള്ളന്‍മാരാണ് വന്നതെന്ന് ഉറപ്പായി. ഇതരസംസ്ഥാനക്കാരായിരിക്കാമെന്ന ഊഹവും പൊലീസിനുണ്ട്.

MORE IN Kuttapathram
SHOW MORE