101 പവന്‍ നല്‍കിയിട്ടും മതിയായില്ല; പീഡനം; മരണം; ഭര്‍ത്താവും കുടുംബവും ഒടുവില്‍ പിടിയില്‍

dowry-death
SHARE

101 പവൻ ആഭരണം നൽകിയിട്ടും മതിയായില്ല. വീണ്ടും സ്വത്തിനായി പീഡിപ്പിച്ച് ഭർത്താവും വീട്ടുകാരും യുവതിയെ മരണത്തിലേക്ക് തള്ളിവിട്ടു. ഭാര്യ ആത്മഹത്യ ചെയ്തിട്ട് മൃതദേഹം കാണാൻ പോലും എത്താൻ വരാതെ കൊടുംക്രൂരത തുടർന്നു. സ്ത്രീധനപീഡനത്തെത്തുടർന്നു യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെയും ഭർത്താവിന്റെ മാതാപിതാക്കളെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മൂലേപ്പാടം കാഞ്ഞിരത്തിങ്കൽ കെ.കെ.അബ്ദുൽ അസീസിന്റെ മകൾ സുനിത (27)യുടെ മരണം സംബന്ധിച്ച കേസിലാണ്, ഒളിവിൽ കഴിഞ്ഞ ഭർത്താവ് ആലുവ കണിയാംകുന്ന് അറഫാ വില്ലേജിൽ അരുൺ (32), അരുണിന്റെ പിതാവ് അബ്ദുൽ റഹ്മാൻ (66), മാതാവ് ലൈല ബീവി (66) എന്നിവരെ പാലക്കാട്ടുനിന്നു പിടികൂടിയത്.  കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.. സുനിത മരിച്ചത് അരുണിന്റെയും മാതാപിതാക്കളുടെയും പീഡനം മൂലമാണെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. 

സുനിതയുടെ മൃതദേഹം കാണുന്നതിനു പോലും അരുണും ബന്ധുക്കളും എത്തിയില്ല. സുനിത മരിച്ച ദിവസംതന്നെ ഒളിവിൽ പോയ മൂവരും പാലക്കാട്, കോയമ്പത്തൂർ ഭാഗങ്ങളിൽ ഹോട്ടലുകളിൽ മാറിമാറി താമസിക്കുകയായിരുന്നുവെന്നു ക്രൈംബ്രാഞ്ച് പറഞ്ഞു.  എസ്ഐ കെ.പി.ബാബു, എഎസ്ഐമാരായ ആർ. ജയകുമാർ, കെ.കെ. രാജു, സിപിഒമാരായ ജെബി ജോൺ, സുനിത എന്നിവർ ചേർന്നാണു മൂവരെയും അറസ്റ്റ് ചെയ്തത്.

കേസന്വേഷണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി അന്വേഷണം പൊലീസിൽനിന്നു ക്രൈബ്രാംഞ്ച് ഏറ്റെടുത്തു.  കഴിഞ്ഞ സെപ്റ്റംബർ14ന് ആത്മഹത്യക്കു ശ്രമിച്ച സുനിത 19നാണ് ആശുപത്രിയിൽ മരിച്ചത്. അരുണിന്റെയും സുനിതയുടെയും വിവാഹം 2014 ജനുവരിയിലായിരുന്നു. ഇവർക്കു മൂന്നര വയസ്സും എട്ടുമാസവുമുള്ള രണ്ടു പെൺമക്കളുണ്ട്. 

വിവാഹ സമ്മാനമായി 101 പവന്റെ ആഭരണങ്ങ‌ൾ നൽകിയെന്നും വീണ്ടും സ്വത്തിനായി നിർബന്ധിച്ചപ്പോൾ വീടും സ്ഥലവും മകളുടെ പേരിൽ എഴുതിനൽകിയെന്നും ശാരിരികമായും മാനസികമായും പീഡനം തുടർന്നപ്പോൾ മകളെ വീട്ടിലേക്കു തിരികെക്കൊണ്ടുപോന്നുവെന്നും സുനിതയുടെ പിതാവ് അബ്ദുൽ അസീസ് പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നു.

MORE IN Kuttapathram
SHOW MORE