ബിസിനസ് വൈരാഗ്യം: യുവാവിന്റെ കാൽ തല്ലിയൊടിച്ചു,ക്വട്ടേഷൻ സംഘം അറസ്റ്റിൽ

palakkad-culprats
SHARE

കുത്തനൂർ കളപ്പാറ സ്വദേശിയും ദുബായിൽ വർക് ഷോപ് ഉടമയുമായ ശശിയെ (40) വീട്ടിൽ നിന്നു രാത്രി വിളിച്ചിറക്കി ഇരുമ്പുവടി കൊണ്ടു കാൽ തല്ലിയൊടിച്ച കേസിൽ, ക്വട്ടേഷൻ സംഘാംഗങ്ങളായ നാലു പേരെ കുഴൽമന്ദം പൊലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട് നല്ലളം അരീക്കാട്ട് താമസിക്കുന്ന കൊല്ലം നിലമേൽ സ്വദേശി നിസാമുദ്ദീൻ എന്ന ചിണ്ടു (39), കോഴിക്കോട് വെള്ളയിൽ നൗഫൽ എന്ന ദാദാ നൗഫൽ (39), നല്ലളം മങ്കുണിപ്പാടം ചെറുവീട്ടിൽ ഹരീഷ് (31), വെള്ളയിൽ റഹീസ് (36) എന്നിവരാണ് അറസ്റ്റിലായത്. ഗൾഫിലെ ബിസിനസ് സംബന്ധിച്ച വൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്നു പൊലീസ് പറഞ്ഞു.

നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്തു താമസിച്ചിരുന്നതായി കണ്ടെത്തി. ഒട്ടേറെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രതികൾ സഞ്ചരിച്ചതായി കരുതുന്ന കാറുകളുടെ ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെയാണു പ്രതികളെ കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നു കസ്റ്റഡിയിലെടുത്തത്.

ഒരു ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷൻ സംഘം ദൗത്യം ഏറ്റെടുത്തത്. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നു പൊലീസ് അന്വേഷിച്ചു വരികയാണ്. പിടിയിലായ നിസാമുദ്ദീൻ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ദാദാ നൗഫലിനും ഹരീഷിനും എതിരെ കോഴിക്കോട് ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്. പ്രതികളെ പാലക്കാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തുടരന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും.

MORE IN Kuttapathram
SHOW MORE