‘അഭിമാനപ്രശ്നം; നാട്ടിലെത്തിയാല്‍ സമയം കളയില്ല; കൊല്ലും’; നസ്‌‌ലയ്ക്ക് പിതാവിന്റെ ഭീഷണി

nasla-vivek
SHARE


ഇതരമതസ്ഥനെ വിവാഹം ചെയ്ത എല്‍എല്‍ബി വിദ്യാര്‍ഥിനിക്ക് സ്വന്തം പിതാവില്‍ നിന്നും വധഭീഷണി. തങ്ങളെ കൊല്ലാന്‍ വീട്ടുകാര്‍ ക്വട്ടേഷന്‍ കൊടുത്തുവെന്ന് സംശയിക്കുന്നതായി നസ്‍ല
മനോരമ ന്യൂസിനോട് പറഞ്ഞു. സമ്മര്‍ദ്ധം എത്ര കടുപ്പിച്ചാലും മതം മാറാന്‍ ഒരുക്കമല്ലെന്നാണ് വേങ്ങര ഊരകം സ്വദേശികളായ ഇരുവരും സ്വീകരിച്ചിരിക്കുന്ന നിലപാട്. 

ജീവിക്കാന്‍ അനുവദിക്കണമെന്ന് നസ്‍ല വീട്ടുകാരോട് കാല് പിടിച്ച് അപേക്ഷിച്ചതാണ്. പക്ഷെ അതൊന്നും അവര്‍ ചെവികൊണ്ട മട്ടില്ല.  സ്വന്തം പിതാവില്‍ നിന്നാണ് ഏറ്റവുമൊടുവില്‍ വധഭീഷണി വന്നിരിക്കുന്നത്. പ്രവാസിയായ അബ്ദുല്‍ ലത്തീഫ് ഈ പ്രശ്നം മൂലം ദിവസങ്ങള്‍ക്കുള്ളില്‍ നാട്ടിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. അബ്ദുല്‍ ലത്തീഫിന്‍റെ ഏറ്റവും ഒടുവിലത്തെ ഭീഷണി സന്ദേശം നസ്‍ലയും വിവേകും പൊലിസിന് കൈമാറി. വിവേകിന്‍റെ അച്ഛന്‍ വിജയന്‍റെ ഫോണിലേയ്ക്കാണ് ഭീഷണി സന്ദേശം എത്തിയത്. 

ദമ്പതികളെയും വിവേകിന്‍റെ അച്ഛന്‍ രാജനെയും കൊല്ലേണ്ടത് തന്‍റെ അഭിമാനത്തിന്‍റെ പ്രശ്നമാണെന്നാണ് ലത്തീഫിന്‍റെ വാദം. നാട്ടിലെത്തിയാല്‍ സമയം കളയില്ല. കൊല്ലാന്‍ തയ്യാറായി ആണ് വരുന്നത്. നേരിട്ടു മുട്ടാന്‍ തയ്യാറായിക്കോ എന്നു സന്ദേശത്തില്‍ പറയുന്നുണ്ട്. 

തങ്ങളെ വകവരുത്താനായി ക്വട്ടേഷന്‍ നല്‍കിയിട്ടുണ്ടെന്ന സംശയത്തിലാണ് നസ്‌‌ല. അമ്പതിനായിരം രൂപയ്ക്ക് ഇടപാട് ഉറപ്പിച്ചു എന്നാണ് മനസിലാക്കുന്നത്. തട്ടിക്കൊണ്ടു പോയ സമയത്ത് ഉമ്മയുേടയും അമ്മാവന്‍റെയും ഫോണ്‍ സംഭാഷണങ്ങളില്‍ നിന്നാണ് ഇത് സംബന്ധിച്ച സൂചനകള്‍ ലഭിച്ചത്. പക്ഷെ ഇതെല്ലാം മാതാപിതാക്കളുടെ താല്‍പര്യമല്ലെന്നാണ് നസ്്ല വിശ്വസിക്കുന്നത്. ചില ഗൂഡ താല്‍പ്പര്യമുള്ളവര്‍ മാതാപിതാക്കളെ സമ്മര്‍ദ്ധിലാക്കുകയാണ്. അവരുടെ പ്രതികരണങ്ങളും പ്രവൃത്തികളും ഇതിന്‍റെ ഫലമായാണ്. പക്ഷെ ഇതെവിടെ വരെയെത്തും എന്ന കാര്യത്തില്‍ ആര്‍ക്കും നിശ്ചയമില്ല. 

ജൂലൈ 12നായിരുന്നു നസ്‍ലയുടേയും വിവേകിന്‍റെയും വിവാഹം. മതം മാറാതെയാണ് ഇരുവരും ഒരുമിച്ചത്. കോഴിക്കോട് വൈരാഗിമഠത്തിലായിരുന്നു വിവാഹം. തുടര്‍ന്ന് ഈ മാസം 14ന് നസ്‍ലയെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി തമിഴ്നാട്ടിലെ ഏര്‍വാഡിയില്‍ താമസിപ്പിച്ചു. രാമനാട്ടുകര ഭവന്‍സ് കോളജില്‍ നിന്നാണ് ഉമ്മയും സഹോദരിയും ചേര്‍ന്ന് അമ്മാവന്‍റെ സഹായത്തോടെ കാറില്‍ തട്ടിക്കൊണ്ടു പോയത്. അവിടെയെത്തിച്ച് മാനസിക രോഗിയാക്കാനായിരുന്നു ശ്രമം. കേസ് ആക്കിയതോടെയാണ് നസ്‌‌ലയെ വീട്ടുകാര്‍ കോടതിയില്‍ ഹാജരാക്കിയത്. 

വിവാഹ സര്‍ട്ടീഫിക്കറ്റ് അടക്കമുള്ളവ പരിശോധിച്ച് ഭര്‍ത്താവിനൊപ്പം പോകാന്‍ നസ്്ലയ്ക്ക് കോടതി അനുമതി നല്‍കി. എങ്കിലും ഈ ബന്ധം അംഗീകരിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് നസ്്ലയുടെ പിതാവ് അബ്ദുല്‍ ലത്തീഫ് അടക്കമുള്ളവര്‍. തട്ടിക്കൊണ്ട് പോയതിന് മാതാവ് ബുഷ്റയെയും അമ്മാവന്‍ മുഹമ്മദലിയെയും പൊലിസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.

MORE IN Kuttapathram
SHOW MORE