സ്വന്തം മകളെ ഉമ്മ തട്ടിക്കൊണ്ടു പോയി, ക്രൂര മർദ്ദനം, ഭ്രാന്തിയാക്കാൻ ശ്രമം; നടുക്കം

nesla-kidnap
SHARE

ഇതരമതസ്ഥനെ വിവാഹം ചെയ്തതിന്‍റെ പേരില്‍ വീട്ടുകാര്‍ തട്ടിക്കൊണ്ട് പോയ എല്‍എല്‍ബി വിദ്യാര്‍ഥിനിക്ക് ഏല്‍ക്കേണ്ടി വന്നത് ക്രൂര മര്‍ദനവും വധഭീഷണിയും. തമിഴ്നാട്ടിലെ ഏര്‍വാഡിയിലുള്ള മാനസികാരോഗ്യ കേന്ദ്രത്തിലാണ് നസ്്ലയെ താമസിപ്പിച്ചത്. കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയ്ക്ക്  ഭര്‍ത്താവിനൊപ്പം പോകാന്‍ അനുമതി നല്‍കി. തട്ടിക്കൊണ്ട് പോയതിന് നസ്്ലയുടെ ഉമ്മയെയും അമ്മാവനെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. 

പട്ടാപകല്‍ നേരത്തെ തട്ടിക്കൊണ്ടുപോകല്‍

ഈമാസം 14ന് രാവിലെ 9.30 ഓടെയാണ് സിനിമയെ വെല്ലുന്ന തരത്തില്‍ നസ്്ലയെ സ്വന്തം വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയത്. ഭര്‍ത്താവ് വിവേക് ബൈക്കില്‍ രാമനാട്ടുകര ഭവന്‍സ് കോളജില്‍ ഇറക്കിവിട്ടതിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം. വേഗത്തിലെത്തിയ കാറില്‍ നിന്നറങ്ങിയ രണ്ടു സ്ത്രീകള്‍ നസ്്ലയെ കാറിനുള്ളിലേയ്ക്ക് വലിച്ചുകയറ്റി.  കാറിനകത്ത് അകപ്പെട്ടപ്പോഴാണ് കാര്യങ്ങള്‍ മനസിലാക്കിയത്. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ മറ്റാരുമല്ല, സ്വന്തം ഉമ്മയും സഹോദരിയും ആണെന്ന്. കൂട്ടിന് അമ്മാവനും. ഉറക്കെ കരഞ്ഞ നസ്്ലയുടെ മുഖവും വായും പൊത്തിപ്പിടിച്ചു. ഏറെ നേരത്തെ ബഹളത്തിനൊടുവില്‍ ക്ഷീണം കാരണം ഉറങ്ങിപ്പോയി. ഉണര്‍ന്നപ്പോള്‍ തീര്‍ത്തും അപരിചിതമായ റോഡിലൂടെ വണ്ടി നീങ്ങുന്നു. ശ്രദ്ധിച്ചപ്പോള്‍ തമിഴ്നാടാണ് എന്ന് മനസിലായി. രാമനാഥപുരത്തുള്ള ഏര്‍വാഡി എന്ന സ്ഥലമായിരുന്നു അത്. 

ഭ്രാന്തിയാക്കാനുള്ള ശ്രമം

പിന്നീട് നേരെ കൂട്ടിക്കൊണ്ട് പോയത് മുസ്്ലിം പണ്ഡിതന്മാര്‍ നടത്തുന്ന മാനസികാരോഗ്യ കേന്ദ്രത്തിലേയ്ക്കാണ്. അവിടെ മുറിയില്‍ പൂട്ടിയിട്ടു. രണ്ടു ദിവസം. ഭക്ഷണം നല്‍കിയെങ്കിലും കഴിച്ചില്ല. ഉറക്കെ കരഞ്ഞപ്പോള്‍ പരിഹാസത്തോടെയായിരുന്നു ഉമ്മയുടേയും അമ്മാവന്‍റെയും മറുപടി. " എത്ര ഉറക്കെ കരഞ്ഞാലും ആരും ഗൗനിക്കില്ല. കാരണം ഇതൊരു ഭ്രാന്താശുപത്രിയാണ്. കരച്ചില്‍ കേട്ടാല്‍ ഭ്രാന്താണെന്നേ എല്ലാവരും പറയൂ '' . അവരുടെ ഈ വാക്കുകള്‍ വെടിയുണ്ട കണക്കെയാണ് നസ്്ലയുടെ നെഞ്ചില്‍ തുളച്ചു കയറിയത്. അതിനിടെ രണ്ട് പേരെത്തി മോള്‍ക്കിന്ന് അസുഖം കൂടുതലാണോ എന്ന് കൂടി ചോദിച്ചതോടെ പെട്ടുപോയി എന്നുറപ്പിച്ചു. എന്നാല്‍ കേസ് ആയതോടെ നസ്്ലയെ തിരികെ കൊണ്ടു വരാന്‍ ബന്ധുക്കള്‍ നിര്‍ബന്ധിതരാവുകയായിരുന്നു. അങ്ങനെയാണ് ആദ്യം ഫറൂഖ് പൊലിസ് സ്റ്റേഷനിലും പിന്നാലെ കോടതിയിലും ഹാജരാക്കിയത്. 

താങ്ങായി കോടതി

കോടതിയില്‍ നസ്്ല നിലപാടില്‍ ഉറച്ചു നിന്നു. അതുവരെ ഏറ്റ മര്‍ദനവും ഭീഷണികളും വകവെക്കാതെ നസ്്ല വിവേകിനൊപ്പം പോകാനാണ് താല്‍പ്പര്യമെന്ന് കോടതിയെ അറിയിച്ചു. വിവാഹ സര്‍ട്ടിഫിക്കറ്റും  സമര്‍പ്പിച്ചു. ഇതോടെ വിവേകിനൊപ്പം പോകാന്‍ കോടതി അനുമതി നല്‍കി. 

ഉമ്മയും അമ്മാവനും അറസ്റ്റില്‍

ഭാര്യയെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി തടവില്‍വച്ചിരിക്കുകയാണെന്ന വിവേകിന്‍റെ പരാതിയിലാണ് നസ്്ലയുടെ ഉമ്മ ബുഷ്റയെയും അമ്മാവന്‍ മുഹമ്മദാലിയെയും അറസ്റ്റ് ചെയ്തത്. അധികം വൈകാതെ ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. എംബിബിഎസിന് പഠിക്കുന്ന സഹോദരിയുടെ പഠനം മുടങ്ങാതിരിക്കാനായി കേസില്‍ നിന്നൊഴിവാക്കി. 

പ്രശ്ന പരിഹാരം എങ്ങനെ?

വിവേകിനെയും നസ്്ലയെയും ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കില്ലെന്ന് കോടതി മുറ്റത്തടക്കം ഉമ്മ ബുഷ്റയും അമ്മാവന്‍ മുഹമ്മദാലിയും ആവര്‍ത്തിക്കുന്നു. പ്രശ്നം പരിഹരിക്കാനും ക്ഷമിക്കാനും അവര്‍ വയ്ക്കുന്നത് ഒരേ ഒരു ഫോര്‍മുല മാത്രം. വിവേക് മതം മാറണം.  എന്നാല്‍ ആ രിതിയില്‍ പ്രശ്നം പരിഹരിക്കാന്‍ നസ്്ലയ്ക്കും വിവേകിനും താല്‍പ്പര്യമില്ല. അതേസമയം പ്രശ്ന പരിഹാരത്തിനായി മറ്റെന്തു വേണമെങ്കിലും ചെയ്യാമെന്നാണ് വിവേകിന്‍റെ നിലപാട്. 

സാഹസിക പ്രണയവും വിവാഹവും

മൂന്ന് വര്‍ഷം മുമ്പാണ് വിവേകും നസ്്ലയും പരിചയപ്പെടുന്നത്. സൗഹൃദം പ്രണയത്തിന് വഴിമാറി. വിവാഹം ചെയ്യാനുള്ള താല്‍പ്പര്യം ഇരുവരും വീട്ടുകാരെ അറിയിച്ചു. സമ്മതം ലഭിച്ചില്ല. ഒടുവില്‍ ഏറെ നാള്‍ വാശിപിടിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് വിവേകിന്‍റെ വീട്ടുകാര്‍ സമ്മതം മൂളിയത്. ജൂലൈ 12ന് ഹിന്ദു ആചാര പ്രകാരം കോഴിക്കോട് വൈരാഗിമഠത്തിലായിരുന്നു വിവാഹം. തുടര്‍ന്ന് ആറുമാസം പ്രശ്നങ്ങള്‍ക്കിടെ ജീവിച്ചു. സംഘര്‍ഷ ഭരിതമായ അന്തരീക്ഷങ്ങളെ അതിജീവിച്ചു. ഒടുവില്‍ അവര്‍ കൊല്ലുമെന്ന് ഭയന്നപ്പോഴാണ് പൊലിസിനെ സമീപിക്കാന്‍ തീരുമാനിച്ചത്. 

MORE IN Kuttapathram
SHOW MORE