രാജസ്ഥാൻ ഇറച്ചിയെന്ന പേരിൽ വിളമ്പുന്നത് പട്ടിയിറച്ചി; 2100 കിലോ പിടികൂടി

dog-meat
കടപ്പാട്; TNM
SHARE

രാജസ്ഥാൻ ഇറച്ചിയെന്ന പേരിൽ വിളമ്പുന്നത് പട്ടിയിറച്ചിയും പൂച്ച ഇറച്ചിയും. രാജസ്ഥാനിൽ നിന്നു ട്രെയിനിൽ കൊണ്ടുവന്ന 2100 കിലോഗ്രാം പട്ടിയിറച്ചി ചെന്നൈ എഗ്മൂർ റെയിൽവേ സ്റ്റേഷനിൽ പിടികൂടി. ജോധ്പുർ-  മന്നാർഗുഡി എക്സ്പ്രസിൽ 11 പാഴ്സൽ പാക്കറ്റുകളിലായി കൊണ്ടുവന്ന ഇറച്ചിയാണു പിടികൂടിയത്. ആർക്കു വേണ്ടി കൊണ്ടുവന്നതാണെന്ന അന്വേഷണം തുടങ്ങി. ചെന്നൈയിലെ ഹോട്ടലുകളിൽ പട്ടിയിറച്ചി വിളമ്പുന്നെന്നു നേരത്തേ പരാതിയുയർന്നിരുന്നു.

മാസങ്ങൾക്കു മുൻപ് ട്രെയിനിൽ കൊണ്ടുവന്ന പൂച്ചയിറച്ചി ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടിയിരുന്നു. അതേസമയം, ഇറച്ചികൊണ്ടുപോകാനെത്തിയവർ ഇത് ആട്ടിറച്ചിയാണെന്നും ലാബിൽ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് സ്റ്റേഷനിൽ പ്രതിഷേധിച്ചു. ആർപിഎഫ് വഴങ്ങാതായതോടെ, സംഘം പാഴ്സൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞു.

ഇന്നലെ ട്രെയിനിൽ കൊണ്ടുവന്ന പെട്ടികൾ എഗ്മൂറിലെ അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിലാണ് ഇറക്കിയത്. പെട്ടികളിൽ നിന്നു ദുർഗന്ധം വമിച്ചതിനെത്തുടർന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ പാഴ്സൽ നീക്കാൻ അനുവദിച്ചില്ല. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക പരിശോധനയിൽ പട്ടിയിറച്ചിയാണെന്നു കണ്ടെത്തി. കൂടുതൽ പരിശോധനയ്ക്കായി മദ്രാസ് വെറ്ററിനറി കോളജിലേക്കയച്ചു.

രാജസ്ഥാൻ ഇറച്ചിയെന്ന പേരിൽ ചെന്നൈയിൽ കുറഞ്ഞ വിലയ്ക്കു വിൽക്കാൻ കൊണ്ടുവന്നതാണെന്നാണു നിഗമനം. കഴിഞ്ഞ മാസം ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ നിന്ന് 1600 കിലോഗ്രാം പട്ടിയിറച്ചി പിടിച്ചെടുത്തിരുന്നു. രാജസ്ഥാനിൽ നിന്നു ട്രെയിൻ വഴി വൻതോതിൽ പട്ടിയിറച്ചികൊണ്ടുവരുന്നുവെന്ന പരാതി നേരത്തേയുണ്ട്.

MORE IN Kuttapathram
SHOW MORE