'എങ്കില്‍ കൊന്നുകളഞ്ഞേക്കൂ'; കയ്യബദ്ധമല്ല, കൊല തന്നെ: തെളിവായി ഈ വാട്സാപ്പ് മെസേജ്

vikram-chauhan-with-wife-and-lover
വിക്രം ചൗഹാൻ ദീപികയ്ക്കും (വലത്) ഷെഫാലിയ്ക്കും (ഇടത്) ഒപ്പം
SHARE

കർവാചൗഥ് ദിനത്തിൽ ഭാര്യയെ ഫ്ലാറ്റിന്റെ എട്ടാംനിലയിൽ നിന്നും ഭർത്താവ് തള്ളിയിട്ട് കൊന്ന കേസിലെ പുതിയ വെളിപ്പടുത്തലുകള്‍ രാജ്യത്തെയാകെയാണ് ഞെട്ടിച്ചത്. ഫസീരബാദിൽ ബാങ്ക് ളദ്യോഗസ്ഥയായ ദീപികയെയാണ് ഭർത്താവ് വിക്രം ചൗഹാൻ ദാരുണമായി കൊന്നത്. ഈ കൊലപാതകത്തിൽ ഓരോ ദിവസവും പുതിയ കുരുക്കുകളാണ് വിക്രം ചൗഹാനെ തേടിയെത്തുന്നത്. കാമുകിയ്ക്ക് വേണ്ടിയാണ് ഇയാൾ ഭാര്യയെ കൊല്ലുന്നത്.

ഫസീരബാദിലെ അൻസൽ വാലി വ്യൂ സൊസൈറ്റിയിലെ ഫ്ലാറ്റിലായിരുന്നു ഇവരുടെ താമസം. അതേ സമുച്ചയത്തിൽത്തന്നെയുള്ള ഷെഫാലി ബാസ് എന്ന വിവാഹിതയായ സ്ത്രീയുമായി വിക്രമിന്  ബന്ധമുണ്ടായിരുന്നു. ഈ ബന്ധത്തെ ദീപിക പലപ്പോഴും ചോദ്യം ചെയ്യുകയും ഇത് തുടർച്ചയായ കുടുംബ കലഹത്തിനു കാരണമായി പലവട്ടം.

ദീപികയെ കൊല്ലുന്നതിന് മുമ്പ് ഷൊഫാലിയുമായി നടത്തിയ വാട്സാപ്പ് സന്ദേശങ്ങൾ നിർണ്ണായക തെളിവായിരിക്കുകയാണ്.  ഭർത്താവിന്റെ ആരോഗ്യത്തിനും ദീർഘായുസ്സിനും വേണ്ടി ഭാര്യമാർ വ്രതമെടുക്കുന്ന ദിവസമാണ് കർവാ ചൗഥ്. താൻ വ്രതത്തിലാണെന്നും വീട്ടിലേക്ക് വരണമെന്നും പറഞ്ഞുകൊണ്ട് ദീപിക അന്നു പകൽ മുഴുവൻ ഭർത്താവിന് ഫോൺ ചെയ്തുകൊണ്ടിരുന്നു. വൈകിട്ടോടെ ഫ്ലാറ്റിലെത്തിയ വിക്രമും ദീപികയും ഷെഫാലിയുടെ കാര്യത്തെച്ചൊല്ലി വഴക്കിട്ടു.

വഴക്കിനു ശേഷം അവളൊരു ഭ്രാന്തിയെപ്പോലെ അലറുകയാണ് എന്ന് വിക്രം ഷെഫാലിക്ക് വാട്സാപ് സന്ദേശമയച്ചു. അവളെ ബാൽക്കണിയിൽ നിന്നു തള്ളിയിടൂ എന്നായിരുന്നു ഷെഫാലി മറുപടി അയച്ചത്. എനിക്കും അങ്ങനെ തന്നെയാണ് തോന്നുന്നതെന്ന് വിക്രം പറഞ്ഞപ്പോൾ എങ്കിൽ അങ്ങനെ തന്നെ ചെയ്യൂ. അതാണ് നല്ലതെന്നും ഷെഫാലി മറുപടി നൽകി.

അഞ്ചുവർഷം നീണ്ട പ്രണയത്തിനൊടുവിലാണ് ബാങ്ക് ഉദ്യോഗസ്ഥയായ ദീപികയെ വിക്രം ചൗഹാൻ വിവാഹം കഴിച്ചത്. നാലു വയസ്സും ആറുമാസവും പ്രായമായ പെൺകുഞ്ഞുങ്ങൾക്കൊപ്പം സന്തോഷകരമായ കുടുംബജീവിതം നയിക്കുന്നതിനിടയിലേക്കാണ് ഇവരുടെ ജീവിതത്തിലേക്ക് മറ്റൊരു സ്ത്രീ വന്നുകയറിയത്.

ഇവരുടെ വരവോടെ എങ്ങനെയെങ്കിലും ദീപികയെ ഒഴിവാക്കണമെന്ന് വിക്രം ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ അഞ്ചുമാസമായി ഇതിനുള്ള ആസൂത്രണം ഇയാൾ നടത്തിവരികയായിരുന്നു. രണ്ടുദിവസങ്ങൾക്ക് മുൻപ് ഇരുവരുമൊന്നിച്ചുള്ള യാത്രക്കിടെ നൈനിറ്റാളിൽ വെച്ച് ദീപികയെ പാറക്കെട്ടുകൾക്ക് മുകളില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻ വിക്രം ശ്രമിച്ചിരുന്നു. ഇതിന്റെ പേരിൽ ഷെഫാലി വിക്രമിനെ പരിഹസിച്ചു. 

ഇരുവരും തമ്മിലുള്ള വാട്സാപ്പ് സന്ദേശങ്ങളിൽ നിന്നാണ് ഈക്കാര്യവും പൊലീസിന് വ്യക്തമായത്. ദീപികയെ കൊലപ്പെടുത്താൻ മുൻപും പദ്ധതി ആസൂത്രണം ചെയ്തതിലും ഇപ്പോൾ കൊലപാതകത്തിന് പ്രേരിപ്പിച്ചതിലും ഷെഫാലിക്ക് പങ്കുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് അവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോൾ ആറ് മാസം ഗർഭിണിയാണ് ഷെഫാലി. ക്രിമിനൽ ഗൂഡാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ഷെഫാലിക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഫ്ലാറ്റിന്റെ എട്ടാം നിലയിൽ നിന്ന് അച്ഛൻ അമ്മയെ തള്ളിയിട്ട് കൊല്ലുമ്പോൾ ഇവരുടെ കുഞ്ഞുമക്കൾ ഫ്ലാറ്റിനുള്ളിൽ ഉറക്കത്തിലായിരുന്നുവെന്നും പൊലീസ് പറയുന്നു. കൊലപാതകത്തിന് മുൻപ് ദീപികയും വിക്രവുമായി കയ്യാങ്കളികൾ നടന്നിട്ടുണ്ടെന്നും വിക്രമിനെ മെഡിക്കൽ പരിശോധനയ്ക്കു വിധേയനാക്കിയപ്പോൾ അയാളുടെ ശരീരത്തിൽ ചില അടയാളങ്ങൾ കണ്ടുവെന്നും പൊലീസ് പറയുന്നു. രാത്രി ഒൻപതര വരെ മാതാപിതാക്കൾ ദമ്പതികളുടെയൊപ്പമുണ്ടായിരുന്നുവെന്നും 9.37 ഓടെയാണ് ദീപികയുടെ കൊലപാതകം നടന്നതെന്നും പൊലീസ് പറയുന്നു.

എന്നെ കൊല്ലരുതേ, നമ്മുടെ മക്കളെ ഞാനൊരുപാട് സ്നേഹിക്കുന്നുണ്ടെന്ന്' ദീപിക പറയുന്നത് കേട്ടുവെന്ന് അയൽക്കാർ മൊഴി നൽകിയിട്ടുണ്ട്. ദീപിക ഏറ്റവും അവസാനമായി പറഞ്ഞ വാക്കുകൾ അതാകാമെന്നും പൊലീസ് പറയുന്നു. ഭാര്യയെ ഫ്ലാറ്റിന്റെ എട്ടാം നിലയിലെ ബാൽക്കണിയിൽ നിന്നും തള്ളിയിട്ട ശേഷം വിക്രം സഹായത്തിനായി അലറി വിളിച്ചെന്നും അയൽക്കാർ ദീപികയെ ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അവരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും പൊലീസ് പറയുന്നു.

MORE IN Kuttapathram
SHOW MORE