പൊലീസ് പാഞ്ഞത് 36 മണിക്കൂർ; ഒടുവിൽ തോൽപ്പിച്ച് 'കീഴടങ്ങൽ'; ഞെട്ടൽ

dysp-harikumar-death-1
SHARE

ഒൻപതു ദിനരാത്രങ്ങൾ വട്ടം ചുറ്റിച്ച ഡിവൈഎസ്പി: ബി.ഹരികുമാർ കീഴടങ്ങാമെന്ന വാഗ്ദാനം നൽകിയശേഷം ജീവനൊടുക്കിയതു പൊലീസിനു കനത്ത തിരിച്ചടിയായി. തിങ്കളാഴ്ച വൈകിട്ടു നാലിനു കീഴടങ്ങാമെന്നാണ് ഇടനിലക്കാരായ പൊലീസ് ഉദ്യോഗസ്ഥർ വഴി ഇദ്ദേഹം അന്വേഷണ സംഘത്തെ അറിയിച്ചത്. അതിനാൽ ഹരികുമാർ ആത്മഹത്യ ചെയ്ത കല്ലമ്പലം വെയിലൂർ വീടിനു സമീപത്തെ ടവർ ലൊക്കേഷനിൽ ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ തെളിഞ്ഞിട്ടും പൊലീസ് അറസ്റ്റിനു മെനക്കെട്ടില്ല. ആദ്യം ലോക്കൽ പൊലീസും പിന്നീടു ക്രൈംബ്രാഞ്ച് എസ്പി കെ.എം.ആന്റണിയും ഒടുവിൽ ക്രൈംബ്രാഞ്ച് ഐജി എസ്.ശ്രീജിത്തുമാണ് കേസ് അന്വേഷിച്ചത്. ജീവൻ ത്യജിച്ചുള്ള അപ്രതീക്ഷിത ‘കീഴടങ്ങൽ’ പൊലീസിനു കനത്ത ആഘാതമായി.

കഴിഞ്ഞ അഞ്ചിനു രാത്രി നെയ്യാറ്റിൻകരയിൽ സുഹൃത്ത് കെ. ബിനുവിന്റെ ഒപ്പം ഒളിവിൽ പോയ ഹരികുമാർ കഴിഞ്ഞ ഒൻപതു ദിവസമായി പൊലീസിനെ വട്ടം ചുറ്റിക്കുകയായിരുന്നു. റൂറൽ എസ്പി അശോക് കുമാറിനെ വിളിച്ചു താൻ സ്ഥലത്തു നിന്നു മാറുകയാണെന്ന അറിയിപ്പു നൽകിയ ശേഷമാണ് ഒളിവിൽ പോയത്. ശേഷം തൃപ്പരപ്പ്, മധുര, മൈസൂരു, കോയമ്പത്തൂർ, മംഗളൂരു എന്നിവിടങ്ങളിൽ പോയതായി പൊലീസ് കണ്ടെത്തി. പുതിയ സിംകാർഡുകളും ബിനുവിന്റെയും ഡ്രൈവറുടെയും സിം കാർഡുകളും പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഭരണകക്ഷി നേതാക്കളും പൊലീസ് അസോസിയേഷൻ നേതാക്കളും സംരക്ഷണം നൽകുന്നതായി ആക്ഷേപം ഉയർന്നതോടെയാണു ക്രൈംബ്രാഞ്ച് ഐജി എസ്.ശ്രീജിത്തിനെ ഡിജിപി അന്വേഷണം ഏൽപ്പിച്ചത്. അതിനിടെ ബിനുവിന്റെ മകന്റെ അറസ്റ്റും അഭയം നൽകിയ തൃപ്പരപ്പിലെ ലോഡ്ജ് നടത്തിപ്പുകാരന്റെ അറസ്റ്റും നടന്നു. സഹോദരനെ അന്വേഷണ സംഘം വിളിച്ചു വരുത്തി ചോദ്യം ചെയ്തതോടെ ഹരികുമാർ കടുത്ത സമ്മർദ്ദത്തിലായെന്നാണ് പൊലീസ് പറയുന്നത്.

ഹരികുമാർ ചെന്നൈയ്ക്കു സമീപം എത്തിയെന്ന വിവരം ലഭിച്ചതോടെ ഞായറാഴ്ച ഐജി ശ്രീജിത്ത് അവിടെയെത്തി. ഇന്നലെ വിവാഹം നടന്ന ഒരു വീട്ടിലാണ് എത്തിയത്. അവരെ പൊലീസ് ചോദ്യം ചെയ്ത വിവരം ഹരികുമാറിനു ലഭിച്ചു. അതിനു ശേഷം ഇവരുടെ മൊബൈൽ ലൊക്കേഷൻ നോക്കി ഐജിയും അന്വേഷണ സംഘവും പിൻതുടർന്നു. അതിനിടെ ഇടനിലക്കാരായ ഇദ്ദേഹത്തിന്റെ സൂഹൃത്തുക്കളായ ചില പൊലീസ് ഉദ്യോഗസ്ഥർ ബന്ധപ്പെട്ടു കീഴടങ്ങാൻ നിർബന്ധിച്ചു. തിങ്കളാഴ്ച വൈകിട്ടു നാലിനു കീഴടങ്ങാമെന്ന് വാക്കുകൊടുത്ത ഹരികുമാർ നെയ്യാറ്റിൻകര സബ് ജയിലിൽ പാർപ്പിക്കരുതെന്ന് ആവശ്യപ്പെട്ടുവെന്നും ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.

തിങ്കളാഴ്ച രാവിലെ മംഗളൂരു നിന്നു ഇദ്ദേഹം കേരളത്തിലേക്കു തിരിച്ചതായി ടവർ ലൊക്കേഷനിലൂടെ പൊലീസ് സ്ഥിരീകരിച്ചു. അതിനു ശേഷം കുറെ സമയം മൊബൈൽ ഓഫാക്കി. രാത്രി ഏഴു മുതൽ പത്തര വരെ ഇടയ്ക്കിടെ ഓൺ ആക്കി. ആ സമയം വെയിലൂരിലെ വീടിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലാണു ടവർ ലോക്കേഷനിൽ ഫോൺ കാണപ്പെട്ടത്. ഇദ്ദേഹത്തെ ഫോണിൽ വിളിച്ചപ്പോൾ രണ്ടു പ്രാവശ്യം ഫോൺ എടുത്തെങ്കിലും ഒന്നും സംസാരിച്ചില്ല. അപ്പോൾ തന്നെ ചിലരെ വിട്ട് ആ വീട്ടിൽ പരിശോധിച്ചെങ്കിലും ആരെയും കണ്ടില്ലെന്നാണു പൊലീസ് പറയുന്നത്.

ഏതായാലും പറഞ്ഞ സമയത്തു കീഴടങ്ങാത്തതിനാൽ പൊലീസിനെ വീണ്ടും കബളിപ്പിച്ചോയെന്ന സംശയവും ഉയർന്നിരുന്നു. ഇന്നലെ രാവിലെ ഹരികുമാറിന്റെ ആത്മഹത്യ അറിഞ്ഞപ്പോൾ ആദ്യം ഞെട്ടിയതു പൊലീസായിരുന്നു. കീഴടങ്ങുമെന്ന് ഉറപ്പാക്കി ഐജി ശ്രീജിത്ത് ഹരികുമാറിന്റെ പിന്നാലെ പായുന്നതു തൃശൂരിൽ അവസാനിപ്പിച്ചപ്പോൾ ആ പാച്ചിൽ 36 മണിക്കൂർ പിന്നിട്ടിരുന്നു. 

MORE IN Kuttapathram
SHOW MORE