കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി അബൂലൈസ് കരുതല്‍ തടങ്കലില്‍

abu-lays-1
SHARE

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി അബൂലൈസ് ഒടുവില്‍ അഴിക്കുള്ളിലായി. അഞ്ചുകൊല്ലം വിദേശത്ത് ഒളിവില്‍ കഴി‍ഞ്ഞിരുന്ന പ്രതിയെ ഒരുവര്‍ഷത്തെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ കോഫേപോസ ബോര്‍ഡ് വിധിച്ചു. നേപ്പാള്‍ വഴി ഇന്ത്യയിലെത്തിയ അബുലൈസിനെ  ഓഗസ്റ്റ് ഇരുപത്തിയെട്ടിന്  തൃശൂരില്‍ വച്ചാണ്  റവന്യു ഇന്റലിജന്‍സ് സംഘം പിടികൂടിയത്.

വിമാനകമ്പനി ജീവനക്കാരെയും  ദുബൈയില്‍  ജോലിയുള്ള യുവതികളെയും ഉപയോഗിച്ച് സ്വര്‍ണം കടത്തിയ കരിപ്പൂര്‍ കള്ളക്കടത്ത് കേസിലെ രണ്ടാം പ്രതിയാണ്  കൊടുവള്ളി സ്വദേശി അബുലൈസ്.  കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ ദുബൈയിലേക്ക് മുങ്ങുകായിരുന്നു . കസ്റ്റംസിന്റെയും റവന്യു ഇന്റലിജന്‍സ് വിഭാഗത്തിന്റെയും ലുക്ക് ഔട്ട് നോട്ടീസ് നിലനില്‍ക്കെ രണ്ടുതവണ കൊടുവള്ളിയിലെത്തി  സെവന്‍സ് ഫുട്ബോള്‍ മേളയില്‍ പങ്കെടുത്ത്  വന്‍വിവാദമാകുകയും ചെയ്തിരുന്നു. ഇതോടെയാണ് അബുലൈസിന്റെ നീക്കങ്ങള്‍ ഡി.ആര്‍.ഐ  സൂക്ഷമായി നിരീക്ഷിക്കാന്‍ തുടങ്ങിയത്. 

ഓഗസ്റ്റ് ഇരുപത്തിനാലിന്  നേപ്പാളില്‍ വിമാനമിറങ്ങിയതായി വിവരം കിട്ടി. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍  ഇരുപത്തിയെട്ടിന് തൃശ്ശൂരിലെ പ്രമുഖ കണ്‍വന്‍ഷന്‍ സെന്ററില്‍ നിന്നാണ് അബുലൈസ് പിടിയിലായത്.  അടുത്ത ബന്ധുവിന്റെ കല്ല്യാണത്തില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. ഒരുകൊല്ലം കരുതല്‍ തടങ്കലില്‍ വെയ്ക്കണമെന്ന  ഡി.ആര്‍.ഐ  അപേക്ഷ കോഫേപോസ ബോര്‍ഡ് അംഗീകരിച്ചു

എയര്‍ ഇന്ത്യ ജീവനക്കാരി വയനാട് സ്വദേശി ഹിറമോസ സെബാസ്റ്റ്യനും  വടകര സ്വദേശി റാഹില ചിറായിയും ആറു കിലോ സ്വര്‍ണവുമായി  2013 നവംബര്‍   എട്ടിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായതോടെയാണ കേസിന് തുടക്കമാവുന്നത്.  സംഘത്തലവന്‍ തലശേരി സ്വദേശി ഷഹബാസ് മൂന്നാം പ്രതി  നബീല്‍ അബ്ദുള്‍ കാദര്‍ അടക്കമുള്ളവര്‍ പിന്നീട് അറസ്റ്റിലായി. ജാമ്യത്തിലിറങ്ങി മുങ്ങിയ  നബീല്‍ നാലുവര്‍ഷത്തിലേറെയായി വിദേശത്താണ്.

MORE IN Kuttapathram
SHOW MORE